
കേരളത്തിലെ പഴത്തോട്ടങ്ങളില്‍ എത്തിയ പുതിയ ഫലസസ്യമാണ് നങ്കടാക്ക്. നമ്മുടെ പ്ലാവിന്റെയും മലേഷ്യയില്‍ കാണുന്ന പ്ലാവിന്റെ വർഗത്തിൽപ്പെട്ട ചെമ്പടാക്ക് എന്ന സസ്യവും തമ്മില്‍ സ്വാഭാവിക പരാഗണത്തിലൂടെ ഉരുത്തിരിഞ്ഞതാണ് നങ്കടാക്ക്. സമൃദ്ധമായി ഫലം തരുന്നതാണ്.ധാരാളം ചെറു ശാഖകളോടെ ഇടത്തരം ഉയരത്തില്‍ വളരുന്ന നങ്കടാക്കിൻ്റെ ഒരു ഞെട്ടില്‍ തന്നെ നാലു ചക്കകള്‍ വിരിയും. നാലഞ്ചു കിലോയോളം തൂക്കമുള്ള ഇവ മഴക്കാലത്തിന് തൊട്ടുമുമ്പ് പഴുത്തു തുടങ്ങും. വരിക്ക ചക്കപോലെ ഹൃദ്യമായ മണവും,മധുരവുമുണ്ടാകും.എന്നാൽ ചെറു ചക്കകളാണ്. ചുളകള്‍ക്ക് ഇളം റോസ് നിറമാണ് . ചക്കയുടെ പുറം മടലിന് കട്ടി കുറവാണ്. ഇവ കൈ കൊണ്ട് പൊളിച്ച് ചുളകള്‍ കഴിക്കാം.
ഇവയില്‍ കാണപ്പെടുന്നത് ചെറിയ ചക്കക്കുരുവാണ്. പാചക ആവശ്യങ്ങള്‍ക്കും നങ്കടാക്ക് നല്ലതാണ്. നല്ല വിളവു ലഭിക്കുന്ന നങ്കടാക്ക് സസ്യങ്ങളിലെ മുകുളങ്ങള്‍ കൂടകളില്‍ വളരുന്ന പ്ലാവിന്‍ തൈകളില്‍ ഒട്ടിച്ചെടുത്ത തൈകള്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ക്രമമായി ലഭിക്കുന്ന സ്ഥലം നടാന്‍ അനുയോജ്യമാണ്. ജൈവവളങ്ങള്‍ മഴക്കാലാരംഭത്തില്‍ തടത്തില്‍ ചേര്‍ക്കാം. ചെറുതൈകള്‍ക്ക് വേനല്‍ക്കാലത്ത് ലഘുവായി ജലസേചനം നല്‍കണം. മൂന്നു നാലു വര്‍ഷം കൊണ്ട് നങ്കടാക്ക് ഫലമണിയും.
Share your comments