നഴ്സിംഗ് തൊഴിലായി സ്വീകരിക്കുക എന്നത് കൊട്ടാരക്കരയിലെ വിനു മോഹന് ജീവിതാഭിലാഷമായിരുന്നു. അതിനായി പ്രീഡിഗ്രി കഴിഞ്ഞിട്ട് എഎൻ എം കോഴ്സും ചെയ്തു. നാട്ടിലുള്ള ആശുപത്രിയിൽ രാവും പകലും ജോലി ചെയ്തു . വരുമാനം കുറവ്. വീട്ടിൽ നിൽക്കാനും നേരമില്ല. കുട്ടികളുടെ കാര്യം നോക്കാനും സമയമില്ല. പിന്നീട് മക്കളെ ഭർത്താവിനേയും വീട്ടുകാരേയും ഏല്പിച്ച് ഗൾഫ് ജോലി തേടിപ്പോയി. ഹൗസ് മെയ്ഡ് ആയാണ് ഗൾഫിൽ ജോലി ലഭിച്ചത്. ആതുരസേവനം മനസിൽ കിടക്കുന്നതിനാൽ ഗൾഫിലെ താരതമ്യേന മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന തൊഴിൽ ഒഴിവാക്കിപ്പോരാനും മനസ് വന്നില്ല. ഒഴിവ് സമയങ്ങളിൽ കയ്യിൽ കിട്ടിയ മാഗസിൻ മറിച്ചു നോക്കുമ്പോഴാണ് കുടുംബശ്രീയുടെ സാന്ത്വനം പ്രോജക്ടിനെക്കുറിച്ചും അതിൽ എങ്ങനെ അംഗമാകാം എന്നുമൊക്കെ വിശദമായെഴുതിയ ഒരു ലേഖനം വായിച്ചത്. അവിടുന്നാണ് ഇന്നത്തെ ജീവിതവിജയം നേടിയ സാന്ത്വനം കോ ഓർഡിനേറ്ററുടെ ജീവിതം ആരംഭിക്കുന്നത്.
കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ സാന്ത്വനംവർക്കാറായ വിനു മോഹന്റെ ജീവിതവഴികളാണ് ഈ പറഞ്ഞത്. 9 വർഷമായി സാന്ത്വനംവർക്കാറായി സേവനമനുഷ്ഠിക്കുന്ന ബിനു നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസായ ആളാണ്. ഡ്രൈവർ ജോലി ചെയ്യുന്ന ഭർത്താവും രണ്ടു മക്കളുമടങ്ങിയ വീടിന്റെ നിത്യച്ചെലവുകൾക്കായി പല തൊഴിലുകൾ ചെയ്തു എങ്കിലും കുടുംബശ്രീയുടെ ഈ സാന്ത്വനം ട്രെയിനിങ്ങ് കഴിഞ്ഞ് ജോലി ചെയ്തപ്പോഴാണ് ശരിക്കും ജീവിക്കാനുള്ള വരുമാനം കിട്ടിത്തുടങ്ങിയത്. രാവിലെ 5 മണിക്ക് ഫീൽഡിലേക്കിറങ്ങും. സാന്ത്വനം ജോലി ചെയ്യണമെങ്കിൽ സ്കൂട്ടർ നിർബന്ധമാണ്. ഭക്ഷണത്തിനു മുൻപുള്ള ടെസ്റ്റുകൾ ചെയ്യാനായി ആ സമയത്ത് ചെല്ലണമല്ലോ. രാവിലെ 10 മണി വരെ ഓരോ വീടുകളിൽ പോകും. പിന്നീട് തന്റെ മക്കളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങൾക്കൊക്കെയുമായി തനിക്ക് സമയം കിട്ടും. പിന്നീട് വൈകിട്ട് പോയാൽ മതി. ചിലപ്പോൾ ക്യാമ്പ് കൾ ഉണ്ടാകും. അങ്ങനെയുള്ളപ്പോൾ മുഴുവൻ സമയം ഇരിക്കണം. ചിലപ്പോൾ കളക്ട്രേറ്റിൽ ക്യാമ്പ് സംഘടിപ്പിക്കും. അങ്ങനെ അവിടത്തെ ഓഫീസുകളിലെ ഉദ്യോഗസ്ഥരുമായി പരിചയത്തിലാവുകയും സ്ഥിരമായി അവർക്കാവശ്യമായ ടെസ്റ്റുകൾക്ക് വിളിക്കുകയും ചെയ്യും. അങ്ങനെ ഒരു മാസം ഏകദേശം മുപ്പത്തയ്യായിരം അല്ലെങ്കിൽ നാൽപ്പതിനായിരം രൂപ ലഭിക്കുംകും. നന്നായി അദ്ധ്വാനിക്കാൻ താൽപര്യമുള്ള ഒരാളാണ് താൻ എന്ന് വിനു മോഹൻ പറയുന്നു. കഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് അതിനുള്ള പ്രതിഫലം ലഭിക്കുകയുള്ളൂ എന്നതിനാൽ കഷ്ടപ്പെടാനും റെഡിയാണ് എന്നാണ് ബിനു പറയുന്നത്.
കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ താൻ ഒരാൾ മാത്രമേയുള്ളൂ. കുടുംബശ്രീയും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ ( ഹാപ്പ്) എന്ന ഡോക്ടർമാരുടെ ഒരു സന്നദ്ധ സംഘടനയും ചേർന്നാണ് തങ്ങൾക്ക് ഇതിനുള്ള സഹായ നിർദ്ദേശങ്ങൾ നൽകുന്നത്. ജീവിത ശൈലീ രോഗങ്ങൾ ഇപ്പോൾ മിക്ക ആൾക്കാരിലും കണ്ട് വരുന്നുണ്ട്. എന്നാൽ ആരും കൃത്യമായി ചെക്ക്അപ് നടത്താൻ മെനക്കെടാറില്ല. എന്നാൽ നമ്മൾ ആൾക്കാരുടെ അടുത്ത് ചെന്ന് നമ്മുടെ ജോലിയുടെ സ്വഭാവം പറയുമ്പോൾ പലരും നോക്കാൻ തയ്യാറാകും. അതു വഴി പലരുടേയും ഒളിഞ്ഞു കിടക്കുന്ന രോഗാവസ്ഥയെ നേരത്തേ തന്നെ കണ്ടുപിടിക്കാൻ തങ്ങൾ കാരണമാകുന്നു എന്നത് വിനു ചാരിതാർത്ഥ്യത്തോടെ ഓർക്കുകയാണ്. പലരും പറയും. നിങ്ങൾ വന്നതുകൊണ്ട് മാത്രമാണ് തങ്ങൾ ജീവിതശൈലീ രോഗങ്ങൾക്ക് അടിപ്പെടാതിരുന്നത്. ഇപ്പോൾ വ്യായാമം ചെയ്യുന്നു, നടക്കുന്നു അതിനാൽ ആരോഗ്യത്തിൽ പൂർണ്ണമായും ശ്രദ്ധിക്കാൻ കഴിയുന്നു എന്നൊക്കെ പല നല്ല വാക്കുകളും തങ്ങൾക്ക് ലഭിക്കാറുണ്ട്.
താൻ സ്ഥിരമായി പോകുന്ന ആയിരത്തോളം വീടുകളുണ്ട്. ഒരു മാസത്തിൽ തന്നെ 2 പ്രാവശ്യം വിളിക്കുന്നവരുമുണ്ട്. ഷുഗർ ചെക്കു ചെയ്യുന്നതിന് 35 രൂപയും കൊളസ്ട്രോൾ നോക്കാൻ 80 ബി പി നോക്കാൻ 20 എന്നിങ്ങനെയുള്ള ഫീസാണ് നമ്മൾ ചാർജ്ജ് ചെയ്യുന്നത്. പ്രീഡിഗ്രി കഴിഞ്ഞ് നേഴ്സിംഗും കഴിഞ്ഞ ഒരാളാണ് താൻ. ജോലി ചെയ്യുന്നുമുണ്ട്. ഒരു കൃത്യസമയം വേണമെന്നില്ല. തന്റെ സമയക്രമം തനിക്കു തന്നെ നിശ്ചയിക്കാമെന്നുള്ളതിനാൽ ജോലി താൽപര്യത്തോടെയാണ് ചെയ്യുന്നത്. മക്കളുടെ സ്കൂളിൽ പിടിഎ മീറ്റിംഗിനു പോകുമ്പോൾ പോലും തന്നെ അറിയാവുന്നതുകൊണ്ട് ടീച്ചർമാരും മറ്റു അച്ഛനമ്മമാരും തന്നെക്കൊണ്ട് ടെസ്റ്റുകൾ ചെയ്യിക്കും. എവിടെ പോയാലും എല്ലാ ഉപകരണങ്ങളുമടങ്ങിയ കിറ്റുമായാണ് താൻ നടക്കുന്നത്. ബാങ്കിൽ പോയാലും ചെക്ക് അപ് നടത്താനായി ആൾക്കാർ സമീപിക്കും. കേരളത്തിൽ 600 ഓളം പേർ മുഴുവനായും സാന്ത്വനം വർക്കറായുണ്ട്. എല്ലാവർക്കും തന്നെ ഇത്തരം കാര്യങ്ങളേ പറയാനുണ്ടാവൂ. പോലീസ് സ്റ്റേഷനിൽ പോയാലും ബസ് സ്റ്റോപ്പിൽ നിന്നാലും ഒക്കെ നിരവധി പേർ ചെക്ക്അപ് ചെയ്യിക്കാറുണ്ട്. അതു വഴി കൂടുതൽ കൂടുതൽ ബന്ധങ്ങൾ ലഭിക്കുന്നു. കളക്ട്രേറ്റിൽ ക്ലിനിക്കുള്ളതിനാൽ നിരവധി പേരെ ദിവസവും ചെക്ക് അപ് നടത്തുന്നു. നമുക്ക് നൽകിയ മെഷീൻ വർഷം തോറും കാലിബറേഷൻ ചെയ്ത് തരുന്ന മെഷീനാണ്. അതിനാൽ അതിൽ തെറ്റുകൾ വരാൻ സാധ്യത കുറവാണ്. പലരേയും പരിശോധിക്കുന്ന ഡോക്ടർമാർ പോലും തങ്ങളുടെ ടെസ്റ്റിനെ അംഗീകരിക്കുന്നുണ്ട്.
കൂടാതെ എവിടെച്ചെന്നാലും ആരിൽ നിന്നും ഒരു മോശമായ പ്രതികരണം ലഭിച്ചിട്ടില്ല. നടക്കാൻ തുടങ്ങിയിട്ട് 9 വർഷമായല്ലോ. എല്ലാവർക്കും തങ്ങളെ അറിയാം. ഇനി ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഞങ്ങളുടെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്. അതു മാത്രമല്ല വാർഡുമെമ്പർമാരുമായും നല്ല ബന്ധമാണുള്ളത്. പിന്നെ പോലീസ് ഓഫീസർമാർക്കെല്ലാം തങ്ങളെ അറിയാം. കൂടാതെ കുടുംബശ്രീ ജില്ലാ മിഷൻ തങ്ങളെ നല്ലതുപോലെ സപ്പോർട്ട് ചെയ്യുന്നു. സി ഡി എസ് ചെയർപേഴ്സൺ നല്ല സഹകരണം തരുന്നു.അങ്ങനെ ജോലി ചെയ്യുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും കുടുംബശ്രീയുടെയും ഹാപ്പിന്റെയും നല്ല സഹായങ്ങൾ ലഭിക്കുന്നു. എല്ലാത്തിലുമുപരി ജോലിയോടുള്ള ഒരു അർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഏതു രംഗത്തുമെന്ന പോലെ ഇവിടേയും വിജയമുണ്ടാകൂ. താൻ പഠിച്ച പാഠവും അതാണ് എന്നാണ് വിനുവിന്റെ അഭിപ്രായം. നാട്ടിലെ എന്തു പരിപാടികൾ വന്നാലും തങ്ങളെ വിളിക്കും. വിനു വിന്റെ ജീവിതത്തിൽ എല്ലാം ലഭിച്ചത് ഈ തൊഴിലിൽ നിന്നാണ്. 2 മക്കളുണ്ട്. മകൾ നെടുമ്പാശേരി എയർപോർട്ടിൽ ജോലി ചെയ്യുന്നു. മകൻ ഫോട്ടോഗ്രാഫറായി എറണാകുളത്ത് ജോലി ചെയ്യുന്നു. 2 പേരെയും പഠിപ്പിച്ച് ഈ നിലയിലാക്കിയത് തന്റെ സാന്ത്വനം എന്ന സംരഭത്തിൽ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ്. ഒന്നുമില്ലായ്മയിൽ നിന്നും തന്നെ കൈ പിടിച്ചുയർത്തിയതും ഈ സാന്ത്വനമാണ്. പുതിയ കുട്ടികൾക്ക് ട്രെയിനിംഗ് കൊടുക്കുന്നതിനും കുടുംബശ്രീ വിനുവിനെയാണ് വിളിക്കുന്നത്. വിനുവിന്റെ വാക്കുകളിൽ തന്നെ കുടുംബശ്രീ യോടും ഹാപ്പ്നോടുമുള്ള നന്ദിയും കടപ്പാടും നിറഞ്ഞു നിൽക്കുന്നു. ഊർജ്വസ്വലയായവിനുവിനെപ്പോലുള്ള കഠിനാധ്വാനികൾക്ക് ജീവിതത്തിൽ വിജയിക്കാൻ ഇങ്ങനെ എത്രയെത്ര സംരഭങ്ങളാണ് കുടുംബശ്രീയിൽ ഉള്ളത്. നിരവധി സ്ത്രീകൾക്ക് സുഹൃത്തും വഴികാട്ടിയുമായി കുടുംബശ്രീ അതിന്റെ ഇരുപതാം വർഷത്തിലേയ്ക്ക് കടക്കുകയാണ്. ഇനിയും ഒരു കൈത്താങ്ങില്ലാതെ വിഷമിക്കുന്നവർക്ക് സാന്ത്വനമേകാൻ.
Share your comments