ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ആദ്യ വർഷം നഷ്ടം 2 ലക്ഷം; രക്ഷകനായത് ഒരു രൂപ ബ്ലേഡ്
ഡ്രാഗൺഫ്രൂട്ട് കൃഷി വിജയിപ്പിച്ച സാഹസിക കായിക അധ്യാപകനായ ജെസ്റ്റിന്റെ വിജയാകഥ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡ്രാഗൺഫ്രൂട്ട് കൃഷിയിലൂടെ പ്രതിവർഷം ലക്ഷ കണക്കിന് രൂപയാണ് ജസ്റ്റിൻ സമ്പാദിക്കുന്നത്. വിശാഖപട്ടണം-വിസാഗ് പ്രവിശ്യയിലെ ഗോത്രവർഗ ആധിപത്യമുള്ള മേഖലയിലാണ് 42-കാരനായ ജെസ്റ്റിൻ ജോസഫ് വ്യത്യസ്തമായ തൻ്റെ കൃഷി രീതി പരീക്ഷിച്ചത്.
പ്രത്യേക തരം മണ്ണും തണുത്ത കാലാവസ്ഥയുമാണ് കൃഷി രീതി വിജയകരമാകാൻ ജസ്റ്റിനെ സഹായിച്ചത്. സ്ട്രോബെറി, ഡ്രാഗൺ ഫ്രൂട്ട്, പാഷൻഫ്രൂട്ട്, ബ്ലാക്ക്‌ബെറി തുടങ്ങിയ വിദേശ പഴങ്ങളാണ് ജസ്റ്റിൻ ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. ഇതിനുപുറമെ, ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിച്ച് കേക്ക്, ബൺ, റൊട്ടി, പുഡ്ഡിംഗ്, വീഞ്ഞ് എന്നിവയും അദ്ദേഹം ഉണ്ടാക്കുന്നു. ഒരു സാഹസിക കായിക അധ്യാപകനും കോർപ്പറേറ്റ് നേതൃത്വ പരിശീലകനുമായി ജോലി ചെയ്യുന്ന ജസ്റ്റിൻ ഗോത്രവികസനത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. എന്നാൽ 2017 ൽ കാർഷികമേഖലയിൽ കൂടി കൈവച്ചതോടെ അത് ജസ്റ്റിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലായി മാറി.
പ്ലാൻ എയിൽ നിന്ന് ബിയിലേക്ക്...
കുരുമുളകും കാപ്പിയും കൃഷി ചെയ്യാനായിരുന്നു ജസ്റ്റിൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇതിനായി ഏറെ സമയം ചെലവിടേണ്ടി വരുമെന്നും വളരെയധികം ശ്രദ്ധ വേണമെന്നും മനസിലായതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് വളരെ കുറച്ച് പരിപാലനം മാത്രം ആവശ്യമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ തീരുമാനിച്ചത്.
രണ്ടേക്കറിൽ തുടങ്ങി, ഇപ്പോൾ ഒൻപത് ഏക്കർ
രണ്ടേക്കർ സ്ഥലത്ത് ആരംഭിച്ച ജസ്റ്റിന്റെ ഈ കൃഷിയിപ്പോൾ ഒൻപത് ഏക്കറിലായി വ്യാപിച്ച് കിടക്കുകയാണ്. ഒരേക്കറിൽ നാല് ടൺ ഡ്രാഗൺ ഫ്രൂട്ടാണ് വിളവെടുക്കുന്നത്. ഹോൾസെയ്ൽ മാർക്കറ്റുകളിൽ കിലോയ്ക്ക് 100 രൂപയാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ വില. ഏറ്റവും അവസാനമായി നടന്ന വിളവെടുപ്പിൽ ഒരേക്കറിൽ നിന്നു൦ ജസ്റ്റിൻ നേടിയത് 4 ലക്ഷം രൂപയുടെ വരുമാനമാണ്. അണുബാധയുടെ തോത് കുറവായതിനാലും ഒരുപാട് പരിപാലനം ആവശ്യമില്ലാത്തതിനാലും ഈ വരുമാനം ലാഭ ഇനത്തിൽ ചേർക്കുകയും ചെയ്യാം.
തുടക്കം അത്ര എളുപ്പമായിരുന്നില്ല...
ധാരാളമായി വിദേശപഴങ്ങൾ കൃഷി ചെയ്യുന്ന മേഖലയല്ല വിസാഗ് എന്നത് കൊണ്ടുതന്നെ തുടക്ക കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ആവശ്യമാണെങ്കിൽ പോലും നിർദേശങ്ങൾ നൽകാൻ വൈദഗ്ധ്യമുള്ള കർഷകരുടെ അഭാവമായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഈ കള്ളിചെടിയ്ക്ക് അധികം വെള്ളം ആവശ്യമില്ല. എന്നാൽ, ശക്തമായ മഴ ആദ്യ കാലത്ത് വിളയെ നശിപ്പിച്ചിരുന്നു.
ആവശ്യവുമായ സാങ്കേതിക പരിജ്ഞാനം ഇല്ലാതെ ആദ്യ വർഷം ജസ്റ്റിന് നഷ്ടമായത് 2 ലക്ഷം രൂപ വിലമതിക്കുന്ന 4,000 ചെടികൾ ആയിരുന്നു. വിളവെടുപ്പ് സമയത്ത് അഞ്ച് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഇതിനു വെള്ളം ആവശ്യമായി വരിക. എന്നാൽ, ആദ്യ വർഷം എല്ലാ ദിവസവും മഴ പെയ്യുകയും വിളയ്ക്ക് ഫംഗസ് ബാധിക്കുകയും ചെയ്തതാണ് നഷ്ടം സംഭവിക്കാൻ കാരണമായത്.
ഫംഗസ് ബാധ പരിഹരിച്ചത് ഒരു രൂപ ബ്ലേഡ്!
അങ്ങനെ വന്നപ്പോൾ വിളകളിലെ ഫംഗസ് ബാധയ്ക്കുള്ള പരിഹാരമായി ജസ്റ്റിൻ കണ്ടെത്തിയത് എന്താണെന്ന് അറിയാമോ? ഒരു രൂപ വില വരുന്ന ബ്ലേഡ്. രോഗം ബാധിച്ച ഭാഗം മുറിച്ചുമാറ്റി അതിൽ സൂര്യപ്രകാശം നേരിട്ടേൽപ്പിക്കാനായിരുന്നു ജസ്റ്റിൻ തീരുമാനിച്ചത്. അങ്ങനെ കീടനാശിനികൾ ഒന്നും തന്നെ ഉപയോഗിക്കാതെ ചെടികളെ ഫംഗസ് ബാധയ്ക്ക് ജസ്റ്റിൻ പരിഹാരം കണ്ടെത്തുകയായിരുന്നു.
വൈനിലേക്ക്..
അങ്ങനെ ഡ്രാഗൺ ഫ്രൂട്ട് കൃഷി ലാഭമായി മാറിയ ശേഷം ജസ്റ്റിൻ എടുത്ത മറ്റൊരു വിജയകരമായ തീരുമാനമായിരുന്നു കേക്കും, വൈനും. ഫിലിപ്പീൻസിൽ വെള്ള, പിങ്ക് നിറത്തിലുള്ള ഡ്രാഗൺ പഴങ്ങളിൽ നിന്നാണ് വീഞ്ഞ് നിർമ്മിക്കുന്നതെന്ന് മനസ്സിലാക്കിയ ജസ്റ്റിൻ വീഞ്ഞുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി പൈനാപ്പിൾ, മുന്തിരി, നെല്ലിക്ക, മാതളനാരങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ വിവിധ പഴങ്ങളിൽ നിന്ന് വീഞ്ഞുണ്ടാക്കിയിരുന്ന ജസ്റ്റിന് ഡ്രാഗൺ ഫ്രൂട്ട് കൊണ്ട് വീഞ്ഞുണ്ടാക്കുന്നത് അത്ര പ്രയാസകരമായിരുന്നില്ല. ചെറിയ അളവിൽ ആദ്യം വീഞ്ഞുണ്ടാക്കി പരീക്ഷിച്ച ജസ്റ്റിൻ, ആവശ്യക്കാർ കൂടി വന്നതോടെ വീഞ്ഞ് നിർമ്മാണവും വ്യാപിപ്പിച്ചു.
കൈത്താങ്ങായി സഹോദരിയുടെ പുഡ്ഡിംഗും കേക്കും...
കൃഷിയിൽ കഠിനാധ്വാനം ചെയ്യുന്ന സഹോദരനെ കണ്ട ജസ്റ്റിന്റെ സഹോദരി വിനിത ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിച്ച് കേക്ക്, പുഡ്ഡിംഗ്, റൊട്ടി, പുട്ട് എന്നിവ ഉണ്ടാക്കാൻ ആരംഭിച്ചു. ഡ്രാഗൺ റൂട്ടിന്റെ പ്രചാരം വർധിപ്പിക്കുന്നതിനായി രസകരമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനായിരുന്നു വിനീതയുടെ ശ്രമം.
ലാഭത്തിനൊപ്പം ആദിവാസികൾക്ക് ജോലിയും...
ലാഭകരമായ ബിസിനസ് എന്നതിന് പുറമെ മേഖലയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ജസ്റ്റിന് സാധിച്ചു. തൊഴിലില്ലാതെയും, മദ്യാസക്തിയിലും കഴിഞ്ഞിരുന്ന 20 ആദിവാസികൾക്ക് ജോലി നല്കാൻ ജസ്റ്റിന് സാധിച്ചു. ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടരുന്നതിനൊപ്പം പ്രദേശത്ത് സാമൂഹിക വികസനം കൊണ്ടുവരാനും സാഹസിക പാർക്ക് സൃഷ്ടിക്കാനുമാണ് ഇപ്പോൾ ജസ്റ്റിന്റെ ശ്രമം.
The success story of Justin, an adventure sports teacher who took over the Dragonfruit farm and became successful. Justin earns millions every year from cultivating dragonfruit. Justin experiments his farming method in a tribal-dominated area of Visakhapatnam-Vizag.
Courtesy: The Better India
English Summary: Success Story Of Justin Joseph Who had a Dragonfruit farm in Vizag
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments