മട്ടുപ്പാവ് കൃഷിയിലെ 'ലളിത' മാതൃക
തിരക്കേറിയ വീഥികളും, ആകാശമുട്ടെ ഉയർന്ന് നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളും മാത്രമല്ല കൊച്ചിയിലെ കാഴ്ചകൾ. ഹരിതാഭമായ ഒരുപാട് കാഴ്ചകൾ കൂടി കൊച്ചി നമുക്ക് സമ്മാനിക്കുന്നു. അത്തരത്തിൽ നയനമനോഹര കൃഷിക്കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന ഒരിടമാണ് കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ചാക്യാമുറി വീടിൻറെ മട്ടുപ്പാവ്. വെറും 700 ചതുരശ്രഅടി മട്ടുപ്പാവിൽ ഈ വിളവിസ്മയം തീർത്തിരിക്കുന്നത് ലളിത ജയകുമാർ എന്ന വീട്ടമ്മയാണ്.
ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ എല്ലാത്തരത്തിലുള്ള പച്ചക്കറികളും, ഔഷധ സസ്യങ്ങളും പൂർണമായും ജൈവരീതിയിൽ ഇവിടെ കൃഷി ചെയ്യുന്നു. ലളിത കൃഷിയെ ജീവിതവുമായി കൂട്ടിയിണക്കിയിട്ട് പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. കൃഷി ഇന്നവർക്ക് ജീവിതവും അതിജീവനവുമാണ്. പെയിൻറിംഗ് തൊഴിലാളിയായ ഭർത്താവിൻറെ വേതനം കുടുംബ ചെലവിനും മകളുടെ പഠനാവശ്യത്തിനും തികയാത്ത സാഹചര്യത്തിൽ നിന്നാണ് മട്ടുപ്പാവിലെ തരിശിടം കൃഷിക്കായി ഒരുക്കാമെന്ന ആശയം മനസ്സിലേക്ക് കടന്നു വരുന്നത്.
പുരയിടങ്ങളിൽ കൃഷി ശീലമാക്കിയ സുഹൃത്തുക്കളിൽ നിന്ന് വിത്ത് ശേഖരിച്ചാണ് തുടക്കത്തിൽ കൃഷി ചെയ്തിരുന്നത്. ഇതിനോടൊപ്പം വീടിനോടു ചേർന്നുള്ള ഇത്തിരി സ്ഥലത്ത് ആരംഭിച്ച നാടൻ കോഴി വളർത്തൽ കൂടുതൽ ആദായം നേടിത്തരാൻ കാരണമായെന്ന് ഈ വീട്ടമ്മ പറയുന്നു. കോഴികാഷ്ടം ചെടികൾക്ക് വളമായി നൽകിയപ്പോൾ കൂടുതൽ വിളവ് ലഭ്യമാവാനും,കൃഷിയിടത്തിൽ വളച്ചെലവിന്റെ പകുതി കുറയ്ക്കുവാനും സാധിച്ചു.
മട്ടുപ്പാവ് കൃഷിയായതുകൊണ്ട് കീട-രോഗ സാധ്യത കുറവാണെന്നാണ് ലളിതയുടെ അനുഭവം. എങ്കിലും ആഴ്ചയിലൊരിക്കൽ കീടങ്ങൾ വരാതിരിക്കാൻ വേപ്പെണ്ണ- വെളുത്തുള്ളി- സോപ്പ് മിശ്രിതം തളിച്ച് കൊടുക്കാറുണ്ട്. കൂടാതെ മട്ടുപ്പാവിൽ മഞ്ഞ കെണിയും സ്ഥാപിച്ചിട്ടുണ്ട്.
The terrace of the Chakyamuri house in the heart of Kochi is a place where you can feast on such spectacular farm views. Lalitha Jayakumar, a housewife, has completed this crop on a mere 700 sq. Ft. Terrace.
ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് ജൈവ സ്ലറിയും, ഫിഷ് അമിനോ ആസിഡും വീട്ടിൽ തന്നെ നിർമ്മിക്കുന്നുണ്ട്. ടെറസ്സ് കൃഷിയിൽ എല്ലാവരും ഉപയോഗപ്പെടുത്തുന്ന മഴമറ സംവിധാനമോ, തുള്ളി നന/ തിരിനന സംവിധാനങ്ങളോ ഇവിടെയില്ല. പ്രകൃതിയോടിണങ്ങി കൃഷി ചെയ്യുന്ന രീതിയാണ് ലളിതയ്ക്ക് ഇഷ്ടം. മഴയും വെയിലും യഥേഷ്ടം ഏറ്റു ചെടികൾ വളരട്ടെ എന്നാണ് ലളിതയുടെ പക്ഷം. ജലസേചന സൗകര്യത്തിനായി മട്ടുപ്പാവിലെ ടാങ്കിൽ നിന്ന് പൈപ്പ് വഴിയാണ് ജലം ലഭ്യമാക്കുന്നത്.
കാലാവസ്ഥക്കനുസൃതമായി എല്ലാ വിളകളും കൃഷി ചെയ്തു വരുന്നു. ശീതകാല വിളകളായ കോളിഫ്ലവർ, കാബേജ്, ക്യാരറ്റ് തുടങ്ങിയവയുടെ വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഈ സ്ഥലത്ത് ഇപ്പോൾ വ്യത്യസ്ത ചീരയിനങ്ങൾ കൃഷി ചെയ്യുന്നു. പാലക്ചീര, പൊന്നാങ്കണ്ണി ചീര, ചുവന്ന ചീര, പച്ച ചീര, സുന്ദരി ചീര എന്നിങ്ങനെ നീളുന്നു ചീരയിലെ വൈവിധ്യം. ഇതുകൂടാതെ നാല് വ്യത്യസ്തയിനം വഴുതനങ്ങ, മൂന്നു തരത്തിലുള്ള മുളകിനങ്ങൾ , തക്കാളി, കുറ്റിപ്പയർ, ഇലച്ചെടികളായ ആഫ്രിക്കൻമല്ലി, പുതീന, രംഭയില, ഒറിഗാന തുടങ്ങിയവയും മട്ടുപ്പാവിന് അഴകേകി നിൽക്കുന്നു. ഇവയ്ക്കെല്ലാം കാവൽക്കാരായി ഗാംഭീരത്തോടെ തലയുയർത്തിനിൽക്കുന്ന ആനക്കൊമ്പൻ വെണ്ടയും ചുവന്ന വെണ്ടയും. പന്തലുകളിൽ തൂങ്ങിയാടുന്ന ബേബി പടവലവും, നീളം പടവലവും, പയറും, പാവയ്ക്കയും, കോവലവുമെല്ലാം ഈ പച്ചത്തുരുത്തിന്റെ ചാരുത വർധിപ്പിക്കുന്നു.
ഇവിടത്തെ മറ്റൊരു ആകർഷണീയത മരുന്ന് ചെടികളുടെ ശേഖരമാണ്.ചുവന്ന കറ്റാർവാഴ, വെള്ള മുക്കുറ്റി, കിരിയാത്ത്, ചങ്ങലംപരണ്ട, വയമ്പ്, കുടങ്ങൽ, കൂവളം, മധുര, തുളസി, ദന്തപാല, ലക്ഷ്മിതരു, തിപ്പലി, അയ്യമ്പാന, രാമ തുളസി, കൃഷ്ണ തുളസി തുടങ്ങി ഒട്ടേറെ ഔഷധസസ്യങ്ങൾ കൃഷിചെയ്തുവരുന്നു. കസ്തൂരി മഞ്ഞൾ, രണ്ടുതരത്തിലുള്ള കരിമഞ്ഞൾ, ചുവന്ന ഇഞ്ചി, കറുത്ത ഇഞ്ചി, മാങ്ങയിഞ്ചി, തായ്‌ലാൻഡ് ഇനമായ ഗലാഗൽ ഇഞ്ചി, കുറ്റി കുരുമുളക് അങ്ങനെ നീളുന്നു സുഗന്ധവ്യജ്ഞന ഇനങ്ങൾ. കിഴങ്ങ് വിളകളായ മൂന്ന് വ്യത്യസ്തയിനം കാച്ചിലുകൾ, ചേമ്പ്, പാരമ്പര്യമായി കൃഷിചെയ്തുവരുന്ന നെയ് ചേന തുടങ്ങിയവയും മട്ടുപ്പാവിലുണ്ട്. ഇതിനൊപ്പം വിദേശ ഫലവർഗങ്ങളായ ഗോൾഡൻ ബെറിയും, ഡ്രാഗൺ ഫ്രൂട്ടും ആരിലും കൃഷിചെയ്യാൻ മോഹം ഉണർത്തുന്ന കൗതുക കാഴ്ചകളായി നിൽക്കുന്നു. വീടിനോടു ചേർന്നുള്ള കുറച്ച് സ്ഥലത്ത് കോഴിവളർത്തലും ഗപ്പി വളർത്തലും ചെയ്ത് സംയോജിത കൃഷിയുടെ ഉദാത്ത മാതൃകയാക്കി മാറ്റിയിരിക്കുകയാണ് ലളിത ഇവിടം.മട്ടുപ്പാവിലെ ഈ വിജയമാതൃകയെ തേടി സംസ്ഥാന സർക്കാരിൻറെ അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനോടകംതന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു.
വിളവെടുക്കുന്നതെല്ലാം പ്രാദേശികമായാണ് വില്പന നടത്തുന്നത്. ചുവന്ന ഇഞ്ചി, പുതീന, മധുരതുളസി, പൊന്നാംകണ്ണി, ഒറിഗാന തുടങ്ങിയവയുടെ തൈകൾ വിൽപ്പനയ്ക്ക് വിപണിയിൽ എത്തിക്കുന്നുമുണ്ട്. കൃഷിയിൽ എല്ലാവിധ പിന്തുണയുമേകി ഭർത്താവ് ജയകുമാറും മകൾ അശ്വതിയും ലളിതക്കൊപ്പമുണ്ട്. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ഈ കുടുംബത്തിന് സമൂഹത്തോട് ഒന്നേ പറയാനുള്ളൂ തിരികെ കൊണ്ടുവരാം നമ്മുടെ കാർഷിക സംസ്കൃതിയെ...
English Summary: successful terrace cultivation of lalitha jayakumar
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments