കേരള സർക്കാരിൻറെ കർഷക അവാർഡ് ജേതാക്കൾ കൃഷി ജാഗരൺ വേദിയിൽ അവരുടെ കൃഷി അനുഭവങ്ങളും, വിശേഷങ്ങളും പങ്കുവയ്ക്കുവാൻ എത്തുന്നു. വ്യക്തിഗത വിഭാഗത്തിൽ അവാർഡ് കരസ്ഥമാക്കിയ ഒമ്പത് പേരാണ് ചർച്ചയ്ക്ക് എത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് കൃഷി ജാഗരൺ കേരളയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ തൽസമയം പ്രോഗ്രാം നിങ്ങൾക്ക് കാണാവുന്നതാണ്. കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും, അവാർഡ് ലഭിച്ച കർഷകരുടെ അനുഭവങ്ങളും, അവരുടെ കൃഷിരീതികളും അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിപാടി പുതിയൊരു ആസ്വാദനതലം സമ്മാനിക്കുന്നതാണ്. ഈ പരിപാടിയുടെ ഭാഗമാകാൻ എത്തുന്ന കാർഷിക മേഖലയിൽ തിളങ്ങിയ ആ ഒമ്പത് പേർ ആരൊക്കെയെന്ന് അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: മണലാരണ്യത്തിൽ പൊന്നു വിളയിച്ച ഒരു മലയാളിയുടെ കഥ
അവാർഡ് തിളക്കത്തിൽ കർഷകർ
മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രനികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ പുരസ്കാരം ലഭ്യമായത് ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ പോളോപ്പാടം പാടശേഖര സമിതിക്ക് ആണ്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം 135 ഏക്കർ പാടശേഖരത്തിൽ നിലവിൽ കൃഷിചെയ്തുവരുന്നു. 1992 മുതൽ തുടർച്ചയായി രണ്ടു കൃഷികൾ ചെയ്യുന്ന ഈ പാടശേഖരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദത്തെടുത്തു കാർഷിക വായ്പ അടക്കമുള്ള സഹായങ്ങൾ നൽകുന്നു. കുട്ടനാട്ടിലെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ കാർഷിക കലണ്ടർ കൃത്യമായി പരിപാലിച്ച് ഇവിടെ കൃഷി ചെയ്തു വരുന്നു. ഇരുപത് കൊല്ലത്തെ കാർഷികരംഗത്തെ സമിതിയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് സംസ്ഥാനതല വിദഗ്ധസമിതി ഈ പുരസ്കാരത്തിനായി പോളോപ്പാടം സമിതിയെ തെരഞ്ഞെടുത്തത്. പോളോപ്പാടം പാടശേഖര സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ ചർച്ചയ്ക്ക് വരുന്നത് സമിതി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിലാണ്.
കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക വനിതാ സർവീസ് സഹകരണ സംഘം സെക്രട്ടറി എ സുധീഷ് കുമാറിന്റെ കൈകളിലേക്കാണ് ഇത്തവണ ക്ഷോണി സംരക്ഷണ അവാർഡ് ലഭിച്ചിരിക്കുന്നത്. മരങ്ങൾ നശിപ്പിക്കാത്ത രീതിയിലുള്ള സമ്മിശ്ര കൃഷി രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സ്വാഭാവിക വനത്തിന്റെ പ്രതീതി നിലനിർത്തുന്നതാണ് സുധീഷ് കുമാറിൻറെ കൃഷിയിടം. പത്തേക്കർ സ്ഥലത്ത് പൂർണമായും ജൈവരീതിയിൽ വിത്യസ്ത ഇനം കൃഷികൾ ചെയ്യുന്നു. പച്ചക്കറി കൃഷിക്ക് ഒപ്പം കോഴി വളർത്തൽ, താറാവ് വളർത്തൽ, മത്സ്യവളർത്തൽ തുടങ്ങിയവയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ തിളങ്ങിയ പ്രതിഭകൾ
അധ്യാപക ജോലി ഉപേക്ഷിച്ച് മുഴുനീള പൂന്തോട്ട പരിപാലനപ്രവർത്തിയിൽ ഏർപ്പെട്ട ഹസീന ജബ്ബാറിനെ തേടി എത്തിയത് സംസ്ഥാന സർക്കാർ ഉദ്യാന ശ്രേഷ്ഠ പുരസ്കാരമാണ്. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. ഹോബി എന്ന നിലയിയിലാണ് ആദ്യമായി പൂന്തോട്ടം ഒരുക്കിയത്. പിന്നീട് ഹസീനയുടെ പൂന്തോട്ടത്തിലെ ചെടികൾക്കും തൈകൾക്കും ആവശ്യക്കാർ ഏറിയപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്തുതുടങ്ങി. ഒഴിവുസമയങ്ങളിൽ ഉദ്യാന പരിപാലനത്തിന് സമയം തികയാതെ വന്നപ്പോൾ അധ്യാപക ജോലി ഉപേക്ഷിച്ചു. അഞ്ഞൂറോളം വിവിധ ഇനത്തിൽപ്പെട്ട ചെടികൾ ഇവിടെ ഇന്ന് കാണപ്പെടുന്നു. അന്യം നിന്നു പോകുന്ന ചെടികളും ഹസീന തോട്ടത്തിൽ പരിപാലിച്ചു പോകുന്നു. വിദേശയിനം പുഷ്പങ്ങളും ഹസീനയുടെ കൈവശമുണ്ട്.
41 വർഷത്തെ കൃഷി ജീവിതത്തിനിടെ ഇതാദ്യമായി ഒരു അവാർഡ് ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് ജെ ജോർജ്. സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കർഷകനുള്ള അവാർഡാണ് ലഭിച്ചിരിക്കുന്നത്. 18 ഏക്കറിലാണ് കൃഷി ചെയ്തു വരുന്നത്. ഇതിൽ 11 ഏക്കറിൽ പച്ചക്കറി മാത്രമാണ് കൃഷി ചെയ്യുന്നത്. ജൈവവളങ്ങളും, ജൈവകീടനാശിനികളും മാത്രമാണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്.
ആധുനിക കൃഷി രീതികളും ശാസ്ത്രീയ കൃഷി രീതികളും അവലംബിച്ചു മൂന്ന് ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്ന ജോമോൻ ജേക്കബ് എന്ന് ബി എ മൾട്ടിമീഡിയ രണ്ടാം വർഷ വിദ്യാർത്ഥിക്ക് ആണ് കോളേജ് വിദ്യാർത്ഥിക്കുള്ള കർഷക പ്രതിഭ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഫലവർഗ സസ്യങ്ങൾക്ക് ഒപ്പം പൂ കൃഷിയും ജോസ് മോൻ ചെയ്യുന്നുണ്ട്. രണ്ടുവർഷമായി പഠനത്തോടൊപ്പം കൃഷിക്കും സമയം കണ്ടെത്തുന്നു. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ സ്വന്തമായി ഡ്രയറും പ്രവർത്തിപ്പിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഏലം തൊഴിലാളിയിൽ നിന്ന് കർഷക തിലകമായി മാറിയ ബിൻസി ജെയിംസ്
മികച്ച രീതിയിൽ ചക്ക സംസ്കരണം നടത്തുകയും, മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സംരംഭകയ്ക്കുള്ള പുരസ്കാരം ഈ വർഷം കരസ്ഥമാക്കിയത് ആർ രാജശ്രീ ആണ്. ചക്കയിൽനിന്ന് 450 ലധികം മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നു. ആലപ്പുഴ ജില്ലയിൽ ഫ്രൂട്ട്സ് ആൻഡ് റൂട്സ് സ്ഥാപനം നടത്തുകയാണ് ഇവർ. ചക്കയിൽനിന്ന് പാസ്ത ബർഗർ, ഷവർമ, ചോക്ലേറ്റ്, കണ്മഷി, ഐസ്ക്രീം തുടങ്ങി വ്യത്യസ്തമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിച്ച വിപണിയിലേക്ക് എത്തിക്കുന്നു. ചക്കയിൽ നിന്ന് ആദ്യമായി പാസ്ത നിർമ്മിച്ചത് കായംകുളം സി പിസി ആർ ഐ യുടെ സഹായത്തോടെയാണ്.
സംസ്ഥാന സർക്കാർ യുവകർഷക പുരസ്കാരം നേടി ആദരിച്ച ആശാ ഷൈജു വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടാക്കിയാണ് കാർഷിക രംഗത്തേക്ക് കടന്നുവന്നത്. 13 സെന്റിൽ തുടങ്ങിയ കൃഷി ഇന്ന് ആറര ഏക്കർ വരെ വ്യാപിച്ചു കിടക്കുന്നു. ആറര ഏക്കറിൽ പൂർണമായും ജൈവ പച്ചക്കറി ചെയ്തുവരുന്നു. 11 വർഷമായി കാർഷിക രംഗത്തുള്ള ആശ എല്ലാത്തരം പച്ചക്കറികളും ട്രിപ്പ് ഇറിഗേഷൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കൃഷി ചെയ്തു വരുന്നത്.
സംസ്ഥാനത്തെ മികച്ച തേനീച്ച കർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത് കാസർഗോഡ് ജില്ലയിലെ മാതാ ഹണി ആൻഡ് ബീ ഫാം ഇൻഡസ്ട്രീസ് യൂണിറ്റ് ഉടമ ഏലിയാമ്മ സിബിക്ക് ആണ്. വ്യത്യസ്ത സ്ഥലങ്ങളിൽ ആയി 4500 തേനീച്ച കോളനികളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽനിന്ന് പ്രതിവർഷം 45 ടൺ തേൻ ലഭ്യമാകുന്നു. ആയുർവേദ കമ്പനികൾ ഹോർട്ടികോർപ്പ് എന്നിവിടങ്ങളിലാണ് തേൻ വിൽപ്പന. കർണാടകത്തിലെ സ്ഥലങ്ങളിൽ ഉൾപ്പെടെ തേനീച്ച കോളനികൾ മൈഗ്രേറ്റ് ചെയ്തുള്ള കൃഷിയും ചെയ്തുവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവ് കൃഷിയിലെ 'ലളിത' മാതൃക
Share your comments