കാർഷികമേഖലയിൽ വിത്യസ്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് കോട്ടയത്തെ കങ്ങഴ പഞ്ചായത്തിലെ തോമസുകുട്ടി. പിതാവിൽ നിന്ന് ലഭിച്ച കാർഷിക അറിവുകളെല്ലാം തന്റെ കൃഷിയിടത്തിൽ പ്രായോഗികമാക്കി തോമസുകുട്ടി വിളയിച്ചൊരുക്കിയത് ലോകത്തിലെ തന്നെ ഭീമൻ മത്തനും, ചേനയും കാച്ചിലുമൊക്കെയാണ്.ആനച്ചേനയും, ആഫ്രിക്കൻ പാമ്പൻ കാച്ചിലുമൊക്കെയായി കാർഷിക മേളയിൽ എത്തുന്ന തോമസുകുട്ടിയുടെ മുഖം കൃഷി സ്നേഹികൾക്ക് എല്ലാം പരിചിതമാണ്.
സ്വന്തമായുള്ള 24 സെൻറ് സ്ഥലത്തിലും, പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലത്തുമാണ് കൃഷി ഒരുക്കുന്നത്. ഒട്ടനവധി അപൂർവ്വ ഇനം വിളകൾ അദ്ദേഹത്തിന്റെ കൈവശം ഇന്നുണ്ട്. 300കിലോ തൂക്കമുള്ള കാച്ചിൽ, 62 കിലോ തൂക്കമുള്ള ചേന, 100 കിലോ കിലോ തൂക്കമുള്ള മരച്ചീനി, രണ്ടര കിലോ തൂക്കമുള്ള അടത്താപ്പ്, 22 കിലോ തൂക്കമുള്ള മത്തങ്ങ എന്നിങ്ങനെ നീളുന്നു ആ വിള വിസ്മയങ്ങൾ. കിഴങ്ങുവർഗ്ഗങ്ങളിലെ അപൂർവ്വ ശേഖരത്തിൽ ചെറുകിഴങ്ങ്, നനകിഴങ്ങ്, വൻ കിഴങ്ങ്, എലിവാലൻ കാച്ചിൽ, ഇറച്ചി കാച്ചൽ തുടങ്ങിയവയും ചേമ്പിനങ്ങളായ ശീമ ചേമ്പ്, കണ്ണൻ ചേമ്പ്, താമരക്കണ്ണൻ ആറാട്ടുപുഴ കണ്ണൻ, കൊട്ടു ചേമ്പ്, അടത്താപ്പ്, കൂവക്കിഴങ്ങ്, ഗജേന്ദ്ര ചേന തുടങ്ങിയവയും തോമസുകുട്ടിയുടെ കൈവശം ഭദ്രം. കൂടാതെ എല്ലാത്തരത്തിലുള്ള പച്ചക്കറികളും, വ്യത്യസ്ത വാഴയിനങ്ങളും, സുഗന്ധവ്യഞ്ജനങ്ങളിൽ ഉൾപ്പെടുന്ന വയനാടൻ ഇഞ്ചി, ചുവന്ന ഇഞ്ചി, ഇസ്രായേൽ മഞ്ഞൾ,നാടൻ മഞ്ഞൾ ഇനങ്ങളും,കസ്തൂരി മഞ്ഞളും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ രണ്ടിനം കപ്പയും അദ്ദേഹം വികസിപ്പിച്ചിരിക്കുന്നു. ഒന്നിന് മലയൻ എന്ന പേരാണ് ഇട്ടിരിക്കുന്നത്. വാഴൂർ കാരുടെ കർഷക തിലകം എന്ന വിളിപ്പേരുള്ള തോമസുകുട്ടി അടുത്ത കപ്പയുടെ പേര് വാഴൂർ കപ്പ എന്ന് ഇടണമെന്നാണ് ആഗ്രഹിക്കുന്നത്. മലയൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഇനത്തിൽ നിന്ന് 2000 മൂട് കപ്പ വരെ കൃഷി ചെയ്തിരുന്നു. ശ്രീരാമൻ കപ്പയും, ചുവന്ന തൊലിയുള്ള മറ്റൊരു കപ്പയുടെയും കുരുവും, അരിയും എടുത്താണ് മലയൻ കപ്പ വികസിപ്പിച്ചെടുത്തത്. ഈ കപ്പയുടെ കുരു എടുത്ത് ആറുമാസ കപ്പയുടെ കുരുവുമായി ചേർത്താണ് പുതിയ ഇനം വികസിപ്പിച്ചത്. 3-4 വർഷംകൊണ്ടാണ് പുതിയ ഇനം കപ്പ അദ്ദേഹം വികസിപ്പിച്ചെടുത്തത്.
കൃഷി ഒരുക്കുമ്പോൾ മണ്ണിൻറെ ഘടനയാണ് തോമസുകുട്ടി ആദ്യം പരിശോധിക്കുന്നത്. മണ്ണിന് അമ്ലത്വം ഉണ്ടെങ്കിൽ കുമ്മായം ചേർത്ത് നൽകുന്നു. തുടർന്ന് അടിവളമായി ചാണക പൊടി, കോഴിവളം ആട്ടിൻകാഷ്ഠം തുടങ്ങിയവയും നൽകുന്നു. ഭീമൻ കാച്ചിലും ചേനയും കൃഷി ചെയ്യുവാൻ വലിയ വിസ്താരമുള്ള കുഴികളെടുത്ത് അതിൽ പച്ചിലകളും ചപ്പുചവറുകളും ചാണകവും ആട്ടിൻ കാഷ്ഠവും മേൽമണ്ണ് ചേർത്ത് ആദ്യം നിക്ഷേപിക്കുന്നു.
Thomas Kutty of Kangala Panchayath in Kottayam is a man who has found a different place in the field of agriculture.
ഇത്തരത്തിൽ ജൈവസമ്പുഷ്ടമായ വളക്കൂട്ട് നൽകി കൃഷിചെയ്യുമ്പോൾ ഇരട്ടി വിളവാണ് ലഭ്യമാക്കുന്നത്. അരക്കിലോ മുതൽ നാല് കിലോ വരെ തൂക്കമുള്ള ചേനയും കാച്ചിലും ആണ് നടീലിന് ഒരുക്കുന്നത്. കാച്ചിൽ നടന്നതിന് ഒപ്പം ഇവയ്ക്ക് പടരാനുള്ള കമ്പ് നാട്ടി നൽകുന്നു. കാച്ചിൽ വള്ളി എത്രത്തോളം ഉയരത്തിൽ പടർന്ന് വളരുന്നുവോ അത്രയ്ക്കും വിളവ് ലഭ്യമാകുമെന്നാണ് തോമസുകുട്ടി പറയുന്നത്. ഏത് വിള കൃഷി ചെയ്താലും പുതയിടലും, കൃത്യമായ ജലസേചനവും, ചിട്ടയായ വളമിടലും നൽകിയാൽ ഫലം ഉറപ്പ് എന്നാണ് തൻറെ അനുഭവത്തിലൂടെ അദ്ദേഹം പറയുന്നത്. യഥാർത്ഥത്തിൽ ഒരു ഓട്ടോ ഡ്രൈവർ കൂടിയാണ് തോമസുകുട്ടി.
പക്ഷേ ജോലി എന്തെന്ന് ചോദിച്ചാൽ അദ്ദേഹം കൃഷി എന്ന് തന്നെ പറയും. കൃഷിയോടുള്ള അളവറ്റ സ്നേഹമാണ് അതിന് കാരണം. പൊതുപ്രവർത്തന രംഗത്തും സജീവസാന്നിധ്യമാണ് തോമസുകുട്ടി. സാമൂഹിക ജീവിതത്തിന്റെ സ്പന്ദനങ്ങൾ മാത്രമല്ല കൃഷിയുടെ സ്പന്ദനങ്ങളും അദ്ദേഹം തൊട്ടറിയുന്നു. കൃഷിയിൽ ഒട്ടേറെ കൗതുകകരമായ കാഴ്ചകൾ സൃഷ്ടിച്ച അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. ഇനിയും ആ കൈ നിറയെ പുരസ്കാരങ്ങൾ വന്നു നിറയട്ടെ എന്ന് ആശംസിക്കുന്നു...
Thomaskutty
Kodunthara (h),Vazhoor
Ph: 9744387228
Share your comments