മിഠായി മുതൽ ബിരിയാണി വരെ: ചക്ക പഴയ ചക്കയല്ല
ചക്ക പഴയ ചക്കയല്ല, പഴം പൊരി മുതൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ വിഭവങ്ങളിൽ വരെ ചക്ക സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ചക്ക പായസം, ചക്ക ഐസ്ക്രീം, ചക്ക ബിരിയാണി ഇങ്ങനെ നീളുന്നു ചക്കയുടെ കുതിപ്പ്. കേരളത്തിന്റെ ഔദ്യേഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചെങ്കിലും നമ്മുടെ നാട്ടിൽ വെറുതെ കളയുന്ന ചക്കയുടെ അളവിന് കുറവ് ഒന്നുമില്ല. ഇങ്ങനെ കളയുന്ന ചക്കയ്ക്കും ഒരു ദിനമുണ്ട്. ഇന്ന് ജൂൺ 4, ലോക ചക്ക ദിനം.
ബന്ധപ്പെട്ട വാർത്തകൾ: പാലിൽ നെയ്യ് ചേർത്ത് കഴിച്ചാൽ ഉറക്കമില്ലായ്മ ഇല്ലാതാക്കാം
കേരളത്തിന്റെ മാത്രമല്ല തമിഴ്നാടിന്റെയും ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ഔദ്യോഗിക ഫലമാണ് ചക്ക. 2016 ജൂലൈ നാല് മുതലാണ് ചക്ക ദിനമായി ആചരിച്ചു തുടങ്ങിയത്. ചക്കയെ വെറുതെ വർണിച്ചിട്ട് കാര്യമില്ല. അതിന്റെ രുചിയും ഗുണങ്ങളും പറഞ്ഞാലും തീരില്ല. കുറച്ച് ചക്ക വിശേഷങ്ങൾ പരിചയപ്പെടാം. പ്രമേഹത്തിന്റെ പാർശ്വഫലങ്ങൾ പ്രതിരോധിക്കാൻ ചക്കയ്ക്ക് സാധിക്കുമെന്ന് വിദേശ പഠനങ്ങൾ വരെ തെളിയിച്ചു കഴിഞ്ഞു. കൂടാതെ കയറ്റുമതി ചെയ്യുന്ന ചക്കകൾക്ക് കേരളത്തിന് പുറത്ത് മികച്ച വിലയാണ് ലഭിക്കുന്നത്.
ചെമ്പരത്തി വരിക്ക, തേൻ വരിക്ക, മുറ്റം വരിക്ക, കൂഴ, രുദ്രാക്ഷ വരിക്ക, പാലൂർ, പേച്ചിപ്പാറ എന്നിങ്ങനെ നീളുന്നു നാടൻ ഇനങ്ങൾ. ഡാങ് സൂര്യ, സിലോൺ വരിക്ക എന്നിവ വിദേശ ഇനങ്ങൾ, സിദ്ദു, ശങ്കര എന്നിവ നഴ്സറി ഇനങ്ങൾ. രുചിയിലും രൂപത്തിലും വ്യത്യാസമുള്ള എത്രയിനം ചക്കകളാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം നയൻതാരയുടെ വിവാഹ വിരുന്നിൽ ചക്ക ബിരിയാണി സ്ഥാനം പിടിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
'ചക്കക്കൂട്ട'ത്തിന്റെ കഥ
ഈ ചക്കദിനത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിൽ രൂപം കൊണ്ട ഒരു വാട്ട്സ് അപ്പ് കൂട്ടായ്മയാണ് ചക്കക്കൂട്ടം. 'കേരളത്തിൽ ഇനിയൊരു ചക്കയും പാഴാക്കാൻ അനുവദിക്കില്ല' എന്നാണ് അവർ ഈ ചക്ക ദിനത്തിൽ എടുത്ത പ്രതിജ്ഞ. അതിനുള്ള പ്രവർത്തനങ്ങളും കൂട്ടായ്മ അംഗങ്ങൾ തുടങ്ങി കഴിഞ്ഞു.
എറണാകുളം സ്വദേശി അനിൽ ജോസിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ചക്ക വിഭവങ്ങൾ, വിവരങ്ങൾ, വിപണി എന്നിങ്ങനെ കൂട്ടായ്മയിലെ ചക്ക വിശേഷം തകൃതിയായി തുടരുകയാണ്. കഴിഞ്ഞ ചക്ക ദിനത്തിൽ ചക്കയുമായി വരൂ, ടേസ്റ്റി ചക്കപ്പഴം ചിപ്സുമായി പോകൂ, എന്ന ക്യാപെയിന് ചക്കക്കൂട്ടം തുടക്കമിട്ടിരുന്നു.
ചക്കയെ കുറിച്ച്
ആർട്ടോ കാർപ്പസ് ഹെറ്റേറോഫില്ലസ് (Artocarpus heterophyllus) എന്നാണ് ചക്കയുടെ ശാസ്ത്ര നാമം. സംസ്കൃതത്തിൽ പനസി എന്നറിയപ്പെടുന്ന ചക്കയുടെ ജന്മദേശം നമ്മുടെ ഇന്ത്യയാണ്. ജാക്ക എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ് ചക്ക എന്ന മലയാള പദം ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്. ധാരാളം പശയും, കായും ഉള്ളത് എന്നാണ് പ്ലാവിന്റെ അർഥം. പ്ലാവ് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലെ പശ്ചിമഘട്ടത്തിലാണ്. ആഫ്രിക്ക, തായ്ലാൻഡ്, ജമൈക്ക, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്ലാവ് കാണപ്പെടുന്നു. ചക്ക ഉൽപാദനത്തിൽ ലോകത്ത് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണ്.
English Summary: World jack fruit day: From jackfruit sweets to biryani
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments