World Snake Day 2022: പാമ്പ് കടിച്ചാൽ പേടിക്കല്ലേ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പാമ്പുകളെ കാണുമ്പോൾ പേടിക്കുന്നവരാണ് നമ്മളിൽ പലരെങ്കിലും ഇതോർക്കുക, മനുഷ്യനെ മാത്രമല്ല വലിയ ജീവികളുടെ സാന്നിധ്യം പോലും പാമ്പുകൾക്ക് പേടിയാണ്. പാമ്പുകളെ ഒരിക്കലും ഉപദ്രവിക്കരുത് കാരണം ആവാസവ്യവസ്ഥയിൽ ഇവയുടെ സ്ഥാനം വളരെ നിർണായകമാണ്. ഇന്ന് ജൂൺ 16, ലോക പാമ്പ് ദിനം. പാമ്പുകളെ കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണ അകറ്റുക, അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, പാമ്പുകടി മൂലമുള്ള മരണങ്ങൾ തടയുക എന്നിവയാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീ ശാക്തീകരണത്തിന് ‘അവളിടം’: ‘സ്നേഹയാനം’ വഴി ഇലക്ട്രിക് ഓട്ടോ
ഇവയോട് അധികം അടുക്കണ്ട..
കേരളത്തിൽ ഏറ്റവും വിഷം കൂടിയ നാലിനം പാമ്പുകളാണ് ഉള്ളത്. രാജവെമ്പാല, അണലി, ശംഖുവരയൻ, മൂർഖൻ. പകൽ സമയത്ത് ഇര തേടുന്നതാണ് രാജവെമ്പാലയുടെ രീതിയെങ്കിൽ ബാക്കി മൂന്ന് ഇനവും രാത്രിയിലാണ് ഇറങ്ങുക. ഓരോ പാമ്പും കടിക്കുമ്പോൾ വ്യത്യസ്ത അളവിലാണ് വിഷം ശരീരത്തിലേക്ക് കടക്കുന്നത്. ഇതിൽ രാജവെമ്പാലയാണ് ഏറ്റവും അപകടം.
സൂക്ഷിച്ചാൽ മതി, ഉപദ്രവിക്കല്ലേ..
വിശക്കുമ്പോൾ ഇര തേടുക, ശേഷം വിശ്രമിക്കുക, ശാന്തമായി സഞ്ചരിക്കുക എന്നിവയാണ് പാമ്പുകളുടെ പൊതുവായ രീതി. അവയുടെ ആവാസവ്യവസ്ഥയെ ശല്യം ചെയ്താൽ സ്വാഭാവികമായും കടിയിലൂടെ പ്രതികരിക്കും.
രാത്രിയിൽ നടക്കുമ്പോഴാണ് കൂടുതലായും ശ്രദ്ധിക്കേണ്ടത്. രാത്രി നടക്കുമ്പോൾ വെളിച്ചം കയ്യിൽ കരുതണം. അല്ലെങ്കിൽ വളരെ ശ്രദ്ധയോടെ നടക്കണം. രാത്രിയായാലും പകലായാലും കാടു പിടിച്ച പ്രദേശങ്ങളിൽ പോകുമ്പോൾ കട്ടിയുള്ള, കാല് പൊതിഞ്ഞിരിക്കുന്ന ചെരുപ്പോ അല്ലെങ്കിൽ ഷൂവോ ധരിക്കണം.
പാമ്പുകൾക്ക് ചെവി കേൾക്കാൻ സാധിക്കില്ല, എന്നാൽ ചുറ്റുപാടും ഉണ്ടാകുന്ന ചലനങ്ങൾ തിരിച്ചറിയാൻ അവയ്ക്ക് സാധിക്കും. വെള്ളപ്പൊക്കം, ചെറിയ മഴ എന്നിവയ്ക്ക് ശേഷം പാമ്പിന്റെ ശല്യം കൂടാൻ സാധ്യതയുണ്ട്.
ആദ്യം മാറ്റേണ്ടത് നമ്മുടെ പേടി
പാമ്പ് കടിയേറ്റാൽ മരണം ഉറപ്പ് എന്നുള്ള തെറ്റിദ്ധാരണ ആദ്യം മാറ്റണം. സാധാരണ പാമ്പുകൾ കടിയ്ക്കുമ്പോൾ ഏറെ തവണയും വിഷം ഉണ്ടാകില്ല. ഇതിനെ ഡ്രൈ ബൈറ്റ് (Dry Bite) എന്ന് പറയുന്നു. കടിയേറ്റാലും സംശയം ഉണ്ടെങ്കിലും ഉടൻ തന്നെ വൈദ്യസഹായം തേടണം.
കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്
- ടെൻഷൻ കൂടിയാൽ രക്തചംക്രമണത്തിന്റെ വേഗവും കൂടും. ശ്രദ്ധയോടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക. മാത്രമല്ല വിഷം ശരീരത്തിൽ പടാരാനുള്ള സാധ്യതയും കൂടുതലാണ്.
- കഴിയുന്നതും ശരീരം അനങ്ങാതെ ഇരിക്കുക. ഓടാൻ പാടില്ല.
- കടിയേറ്റ് കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണം. ആന്റിവെനം ലഭ്യമായ ആശുപത്രികൾ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.
- കടിയേറ്റവർക്ക് പരമാവധി ധൈര്യം കൊടുക്കാൻ ശ്രമിക്കണം.
പാമ്പും ഇനവും
ലോകത്തിലെ മൊത്തം പാമ്പുകൾ എടുത്താൽ 7 ശതമാനം മാത്രമാണ് വിഷമുള്ളത്. 3,500ലധികം പാമ്പുകളുള്ള ഭൂമിയിൽ 600 ഇനങ്ങൾക്ക് മാത്രമാണ് വിഷമുള്ളത്. എലാപ്പിഡേ, ബോയ്ഡേ, വെപ്പറിഡേ, ബോയ്ഗണേ, പൈത്തോണിഡേ, കൊളുബ്രിഡേ, യൂറോപെൽറ്റിഡേ എന്നീ കുടുംബങ്ങളിൽ പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. ഇതിൽ എലാപ്പിഡേ, വെപ്പറിഡേ ഇനം പാമ്പുകൾക്ക് വിഷമുണ്ട്. പൈത്തോണിഡേ കുടുംബത്തിലാണ് പെരുമ്പാമ്പുകൾ ഉൾപ്പെടുന്നത്.
സഹായത്തിന് 'സർപ്പ ആപ്പ്'
പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് 2021ൽ വനംവകുപ്പ് പുറത്തിറക്കിയ ആപ്പാണ് സർപ്പ (Snake Awareness Rescue and Protection App). ആപ്പിന്റെ സഹായത്തോടെ ഇതുവരെ നാട്ടിലിറങ്ങിയ 13,000ലധികം പാമ്പുകളെ രക്ഷിച്ച് കാട്ടിനുള്ളിൽ വിടാൻ സാധിച്ചിട്ടുണ്ട്. നിങ്ങളുടെ വീട്ടിലോ പരിസര പ്രദേശങ്ങളിലോ പാമ്പിനെ കണ്ടാൽ ആപ്പ് വഴി വിദഗ്ധരായ പാമ്പ് പിടുത്തക്കാരുമായി ബന്ധപ്പെടാൻ സാധിക്കും.
പാമ്പുകളെ കൊന്നാൽ പിഴ
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊന്നാൽ 25,000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ വരെ ലഭിക്കും. പെരുമ്പാമ്പിനെ കൊന്നാൽ ആറ് വർഷം വരെയാണ് തടവ്. മാത്രമല്ല, ചേര, നീർക്കോലി, അണലി, രാജവെമ്പാല തുടങ്ങിയവയെ കൊന്നാലും ശിക്ഷ ഉറപ്പാണ്. കാടിന് പുറത്തു വച്ച് പാമ്പ് കടിയേറ്റ് മരണം സംഭവിച്ചാൽ അവരുടെ ആശ്രിതർക്ക് വനംവകുപ്പ് വഴി നഷ്ടപരിഹാരം ലഭിക്കും.
English Summary: World Snake Day 2022: Don't be afraid if you are bitten by a snake, let's take care of these things
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments