Features

മേടം മുതൽ മീനം വരെ...ഞാറ്റുവേലകളെക്കുറിച്ച് അറിയാം

മേടം മുതൽ മീനം വരെ...ഞാറ്റുവേലകളെക്കുറിച്ച് അറിയാം
മേടം മുതൽ മീനം വരെ...ഞാറ്റുവേലകളെക്കുറിച്ച് അറിയാം

കേരളത്തിൽ കാർഷിക വർഷം ആരംഭിക്കുന്നത് മേടം ഒന്നിന് തുടങ്ങുന്ന അശ്വതി ഞാറ്റുവേലയോടെയാണ്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴ മണ്ണിന് കൂടുതൽ വളക്കൂറ് നൽകുമെന്നാണ് കർഷകരുടെ വിശ്വാസം. മേടത്തിൽ തുടങ്ങി മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകളാണ് ഉള്ളത്. ഇവ അറിയപ്പെടുന്നത് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ്. 13 മുതൽ 14 ദിവസം വരെയാണ് ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം. എന്നാൽ തിരുവാതിര ഞാറ്റുവേല 15 ദിവസം നീണ്ടു നിൽക്കും. നെൽകൃഷിയുടെ വിരിപ്പ് കൃഷി (ഒന്നാം വിള) തുടങ്ങുന്ന സമയമാണ് അശ്വതി ഞാറ്റുവേല. കുംഭമാസത്തിലെ അവിട്ടം ഞാറ്റുവേലയോടെയാണ് കർഷകർ ചേനക്കൃഷി ആരംഭിക്കുന്നത്. അപ്പോൾ ലഭിക്കുന്ന വേനൽമഴയെ ആശ്രയിച്ചാണ് ചേന കൃഷി നടക്കുന്നത്. 

'കുംഭത്തിൽ നട്ടാൽ കുടത്തോളം'എന്നാണല്ലോ പഴഞ്ചൊല്ല്. മേടം മുതൽ ഇടവം പാതി വരെ കിട്ടുന്ന വേനൽ മഴയെ ആശ്രയിച്ചിരിക്കും നെൽകൃഷിയിൽ പൊടിവിത വേണോ, ചേറ്റുവിത വേണോ എന്ന് തീരുമാനിക്കാൻ. കേരളത്തിൽ ഒരു വർഷം 250 മുതൽ 300 സെന്റിമീറ്റർ വരെ മഴ ലഭിക്കാറുണ്ട്. ഇതിൽ 68 ശതമാനം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതിയിൽ നിന്നും, 16 ശതമാനം ഒക്ടോബർ - നവംബർ മാസങ്ങളിലെ കാലവർഷത്തിൽ നിന്നുമാണ് ലഭിക്കുന്നത്. 300 സെന്റിമീറ്റർ മഴയെന്നാൽ, വെള്ളം ഒഴുകിപ്പോകാതെ നിന്നാൽ ഒരു വർഷം കൊണ്ട് ഒരു പ്രദേശം 300 സെന്റിമീറ്റർ പൊക്കത്തിൽ മുങ്ങിപ്പോകാൻ സാധ്യതയുണ്ട്. ശരാശരി 120 മുതൽ 140 ദിവസങ്ങൾ ആയിട്ടാണ് ഇത്രയും മഴ പെയ്ത് തീരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക ഉപകരണങ്ങൾക്ക് സാമ്പത്തിക സഹായം: പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

'അശ്വതി ഞാറ്റുവേല കള്ളനാണ്' എന്നൊരു പഴമൊഴിയുണ്ട്. കാരണം വിശ്വസിച്ചു കൃഷിയിറക്കാൻ സാധിക്കില്ല. മഴ പെയ്യുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ല. എന്നാൽ 'ഭരണി ഭദ്രമാണ്' എന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോൾ സാഹചര്യം മറിച്ചാണ്. ഇഞ്ചിക്കൃഷിയ്ക്ക് ഏറ്റവും യോജിച്ച സമയമാണ് കാർത്തിക ഞാറ്റുവേല. അതിന്റെ ആദ്യത്തെ മൂന്നര ദിവസം (ഒന്നാം കാൽ) ഉത്തമമാണ്. ആദ്യത്തെ മൂന്ന് ദിവസം മഴ പെയ്താൽ പിന്നീടുള്ള മൂന്ന് കാലും ശുഭമായിരിക്കും എന്നൊക്കെയാണ് പണ്ടത്തെ വിശ്വാസം.

'രോഹിണിയ്ക്കപ്പുറം വിത വേണ്ട' എന്ന് പറയുമായിരുന്നു. അതിനകം പറിച്ച് നടാനുള്ള പുതൽ ഉറപ്പായും കിട്ടുമായിരുന്നു പണ്ട്. ആ ഉറപ്പും നഷ്ടമാകുകയാണ്. കേരളത്തിൽ പയർ കൃഷി (മണിപ്പയർ) രോഹിണി ഞാറ്റുവേലയിൽ തീർക്കണം. കാരണം 'മദിച്ചു പെയ്യുന്ന മകയിരത്തിൽ പയർ വിതച്ചാൽ ചെടിയും മദിച്ചു വളരും, എന്നാൽ വിളവ് കുറയും എന്നാണ് അനുഭവം.

ഇപ്പോൾ 'ഞാറ്റുവേലകളുടെ ഞാറ്റുവേല' എന്നറിയപ്പെടുന്ന തിരുവാതിര ഞാറ്റുവേലയാണ്. ജൂൺ 22 മുതൽ ജൂലൈ ആറ് വരെയാണ് ഈ വർഷത്തെ (2022) തിരുവാതിര ഞാറ്റുവേല. എല്ലാ ഞാറ്റുവേലകളും പതിമൂന്നര ദിവസത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ തിരുവാതിര പതിനഞ്ച് ദിവസം നീണ്ട് നിൽക്കും. സാമാന്യം ഭേദപ്പെട്ട ചൂടും ഈർപ്പവും കൊണ്ട് വേരുൽപാദാനത്തെ മെച്ചപ്പെടുത്തുന്ന അന്തരീക്ഷം. അതുകൊണ്ടാണ് ആ സമയത്ത് കൈവിരൽ മണ്ണിൽ കുത്തിയാലും വേര് പൊടിയും എന്ന് പറഞ്ഞ് പോകുന്നത്.

പുണർതം ഞാറ്റുവേലയിൽ പറിച്ച് നടുന്നവൻ ഭാഗ്യഹീനൻ എന്ന് പറയാറുണ്ട്. പറിച്ച് നട്ടാൽ പുഴുക്കേട് ഉറപ്പെങ്കിലും പുല്ലിനെയും നെല്ലാക്കുന്ന മാന്ത്രിക മഴയാണ് പൂയം ഞാറ്റുവേലയിൽ. മുണ്ടകൻ ഞാറ് പറിച്ച് നടാൻ അത്ര പോരാത്ത സമയമാണ് ആയില്യം ഞാറ്റുവേല. പിന്നെ എള്ള് കൃഷിക്ക് യോജിച്ച മകം ഞാറ്റുവേല. ശേഷം ഘോഷങ്ങളില്ലാതെ പെയ്തൊഴിയുന്ന പൂരം, ഉത്രം ഞാറ്റുവേലകൾ.

അതുകഴിഞ്ഞ് തിമിർത്ത് മഴ പെയ്യുന്ന അത്തം ഞാറ്റുവേല. വെള്ളരി വർഗ വിളകളുടെ കൃഷി തുടങ്ങുന്ന കാലമാണിത്. അടുത്ത ഓണക്കാലത്തേക്ക് ഏത്തവാഴ കൃഷി തുടങ്ങാൻ അത്തം കഴിഞ്ഞൊരു ഞാറ്റുവേലയില്ല. രണ്ടാം വിള നെൽകൃഷി നടാനും പറ്റിയ സമയമാണിത്. പിന്നെ നിശബ്ദയായി ചിത്തിര. ഒടുവിൽ മഴയുടെ ശക്തി കുറഞ്ഞു വരുന്നതിന് മുമ്പ് ചോതി ഞാറ്റുവേല. ചോതി വർഷിച്ചാൽ രണ്ടാം വിള പൊളിക്കുമെന്നും ചോറിന് മുട്ടില്ല എന്നുമാണ് ചൊല്ല്. ചോതി കഴിഞ്ഞ് ചെയ്യുന്ന രണ്ടാം വിള നെൽകൃഷി പരാജയപ്പെടാൻ സാധ്യത കൂടുതലാണ്.

വിശാഖമാകുമ്പോൾ മണ്ണ് കിളച്ച് ഈർപ്പം നിലനിർത്തണം എന്നാണ്. അനിഴം ഞാറ്റുവേല പച്ചക്കറികൾ കൃഷി ചെയ്യാൻ അനുയോജ്യമാണ്. തൃക്കേട്ടയ്ക്ക് ചാഴി ശല്യത്തിനെതിരെയുള്ള പ്രതിവിധി മാർഗങ്ങൾ സ്വീകരിക്കാം. മുണ്ടകൻ കൊയത്തിന്റെ കാലമാണ് മൂലം ഞാറ്റുവേല. പൂരാടത്തോടെ വേനൽ നന തുടങ്ങണം. വേനൽക്കാല പച്ചക്കറി കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കേണ്ടത് ഉത്രാടത്തിലാണ്. മാത്രമല്ല മത്തൻ, കുമ്പളം, ചീര എന്നിവയുടെ കൃഷിയ്ക്കും അനുയോജ്യം. തിരുവോണം ഞാറ്റുവേല കൃഷിയ്ക്ക് അനുയോജ്യമല്ല. അവിട്ടത്തിൽ വിത്ത് തേങ്ങ സംഭരിക്കുന്നു.

പുഞ്ചക്കൊയ്ത്തിന്റെ സമയമാണ് ഉത്രട്ടാതി. രേവതിയിൽ ഒന്നാം വിളയ്ക്കായി ഉഴുത നിലം വീണ്ടുമുഴുത് കായാനിടാം. ഇത് വരും വർഷത്തെ വിളവ് വർധിപ്പിക്കും. കാര്യമിതൊക്കെ ആണെങ്കിലും ഇന്ന് സ്ഥിതി മറിച്ചാണ്. കൃഷിയിറക്കാൻ കഴിയാത്ത വിധത്തിൽ ഞാറ്റുവേലകളുടെ ക്രമവും കൊടികുത്തിപ്പെയ്യുന്ന കാലവർഷത്തിന്റെ താളവും തെറ്റുകയാണ്. നാട്ടുനന്മകളായ പുല്ലും പുഴയും മലയും കിളിയും ഇനിയുള്ള ഞാറ്റുവേലകളിൽ കർഷകന് കൂട്ടായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


English Summary: All You Should Know About Njattuvela In Kerala

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds