ഇന്‍റര്‍മിറ്റന്റ് ഫാസ്റ്റിംഗ് (ഇടവിട്ടുള്ള ഉപവാസം):
അമിത വണ്ണം കുറയ്ക്കാനും fitness നിലനിര്‍ത്താനും ആഗ്രഹിക്കുന്നുവെങ്കില്‍ ഭക്ഷണ ക്രമം പാലിയ്ക്കേണ്ടത് അത്യാവശ്യമാണ്, കൂടെ വ്യായാമ രീതികളും പിന്തുടരണം. എന്നാല്‍ വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ ധാരാളമാണ്. അതിനാല്‍ തന്നെ വ്യായാമം ചെയ്തില്ലെങ്കിലും ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് intermittent fasting അല്ലെങ്കില്‍ ഇടവിട്ടുള്ള ഉപവാസ രീതി. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ രീതി പരീക്ഷിയ്ക്കാന്‍ തുടങ്ങി. 16:8 മണിക്കൂര്‍ കൃത്യമായ രീതിയില്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും തടി കുറയ്ക്കാനാകും. 8 മണിക്കൂര്‍ ഭക്ഷണം കഴിയ്ക്കുകയും അടുത്ത 16 മണിക്കൂര്‍ ഉപവസിയ്ക്കുകയുമാണ് ചെയ്യേണ്ടത്. ഇതിനിടെ ദാഹിക്കുന്നുവെങ്കില്‍ വെള്ളം കുടിയ്ക്കാം. എന്നാല്‍ കട്ടിയുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.
ഇത് പതിവാക്കുകയാണെങ്കില്‍ ശരീരത്തിലെ വീക്കം നന്നായി കുറയ്ക്കുക, ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞിരിയ്ക്കുന്നത് കുറയ്ക്കുക, ക്യാൻസറിനെതിരെ പോരാടുക, കൊളസ്ട്രോൾ കുറയ്ക്കുക, പ്രമേഹം നിയന്ത്രിയ്ക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ ലഭിയ്ക്കും.
പാലിയോ ഡയറ്റ്:
ആരോഗ്യപ്രദമായ പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കൂടുതലായി കഴിയ്ക്കുകയും അപകടകരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഭക്ഷണ ക്രമീകരണ രീതിയാണ് പാലിയോ ഡയറ്റ്. ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും തന്നെയാണ് കൂടുതല്‍ നേരങ്ങളിലും കഴിക്കേണ്ടത്. നട്സ്,ഉണക്കിയ വിത്തുകള്‍, കൊഴുപ്പ് കുറഞ്ഞ മാംസം, ഒമേഗ 3 അടങ്ങിയ മത്സ്യങ്ങള്‍, ശുദ്ധമായ വെജിറ്റബിള്‍ ഓയില്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പാൽ, സംസ്കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍, ഉപ്പ്, പഞ്ചസാര എന്നിവ ഒഴിവാക്കുക. ഈ രീതികള്‍ പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും അമിത വണ്ണമെന്ന പ്രശ്നത്തെ മറികടക്കാം.
സസ്യാഹാരം:
മൃഗങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സസ്യങ്ങളില്‍ നിന്ന് തയ്യാറാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ മാത്രമാണ് ഈ രീതി പിന്തുടരുമ്പോള്‍ കഴിയ്ക്കേണ്ടത്. മാംസം, മുട്ട, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കണം. പകരം പച്ചക്കറികളും ധാന്യങ്ങളുമെല്ലാം ധാരാളമായി കഴിയ്ക്കാം. ഇത്തരമൊരു ജീവിതശൈലി പിന്തുടരുക വഴി ഹൃദയസംബന്ധമായ അപകടസാധ്യത, പ്രമേഹം, ശരീരഭാരം കുറയ്ക്കൽ എന്നിവ അനായാസം സാധ്യമാകും.
ഗ്ലൂട്ടൻ ഫ്രീ ഡയറ്റ്:
ഗോതമ്പ്, ബാർലി തുടങ്ങിയ ഗ്ലൂട്ടൻ അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും ഒഴിവാക്കി കൊണ്ടുള്ള ഒരു ഭക്ഷണരീതിയാണ് ഇത്, എന്നാൽ നിങ്ങൾക്ക് ഫ്രഷ് പഴങ്ങള്‍, പച്ചക്കറികൾ, മത്സ്യം, പാലുൽപ്പന്നങ്ങൾ, വിത്തുകൾ എന്നിവ കഴിക്കാം. അതിൽ ഗ്ലൂട്ടൻ ഇല്ലാത്ത ഭക്ഷണ രീതി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു, ശരീരവണ്ണം കുറയ്ക്കാനും, മലബന്ധം ഒഴിവാക്കാനും, ശരീരത്തിൻറെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
ഡാഷ് ഡയറ്റ്:
The Dietary Approaches to Stop Hyper Tension (DASH) എന്നറിയപ്പെടുന്ന രീതിയില്‍ സോഡിയം ,കൊഴുപ്പ് എന്നിവ കുറഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ വേണം കഴിയ്ക്കാന്‍. എന്നാല്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിയ്ക്കാം. ശരീരത്തിന് ആവശ്യമായ ധാതുക്കളും പോഷകങ്ങളും ഉറപ്പാക്കുന്നത് വഴി വിശപ്പ് കുറയ്ക്കാനും ഊര്‍ജ്ജസ്വലമായി തുടരാനും സഹായിക്കും.
Share your comments