മുഖസൗന്ദര്യം വർദ്ധിക്കാൻ ആഗ്രഹിക്കുന്നവരാണ് അധികപേരും. അതിനായി പല ക്രീമുകളും മുഖത്ത് പുരട്ടാറുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം സൗന്ദര്യ വർദ്ധകത്തിനായോ ചർമ്മ സംരക്ഷണത്തിനായോ ക്രീമുകൾ വാങ്ങുമ്പോൾ നല്ല വിപണിയിൽ നിന്ന് മാത്രം വാങ്ങുക. കാരണം പല ക്രീമുകളിലും മെർക്കുറി, ലെഡ്, കാഡ്മിയം പോലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ വലിയ അളവിലാണ് വ്യാജ ക്രീമുകളിൽ ചേർക്കുന്നത്. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു.
ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു രോഗമാണ് അപൂർവ്വമായി കണ്ടുവരുന്ന മെബ്രനസ് നെഫ്രോപ്പതി (Membranous nephropathy - MN) ഇത് വൃക്കയെയാണ് ബാധിക്കുന്നത്. മെർക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങൾ അടങ്ങിയ ക്രീമുകളുടെ ഉപയോഗം മൂലവും ഈ രോഗമുണ്ടകാമെന്ന് വിദഗ്ദ്ധർ പറയുന്നു.
വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന വ്യാജ ഫേഷ്യൽ ക്രീമുകളിൽ കൂടിയ അളവിൽ ലോഹ മൂലകങ്ങൾ അടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിൽ പതയും ശരീരത്തിൽ നീരുമാണ് അപൂർവ്വരോഗത്തിന്റെ ലക്ഷണങ്ങൾ. ജാഗ്രത വേണമെന്ന് ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചു.
കിഡ്‌നിയുടെ ഫിൽറ്ററിന് കേടുപാട് സംഭവിക്കുകയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. എംഎൻ രോഗനിർണയം നടത്തിയ മിക്ക ആളുകളും ഉയർന്ന അളവിലുള്ള ചില ലോഹങ്ങളുള്ള ചർമ്മ സംരക്ഷണത്തിനായുള്ള ക്രീമുകൾ ഉപയോഗിച്ചതായി കണ്ടെത്തി. 14 വയസ്സുള്ള ഒരു കുട്ടിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അതേസമയം, പെൺകുട്ടിയുടെ ബന്ധുവും ഇതേ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. ഇരുവരും നെൽ-1 എംഎൻ പോസിറ്റീവ് ആയിരുന്നു. രണ്ടാമത്തെ പെൺകുട്ടിയും ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നു. പിന്നീട്, 29 കാരനായ ഒരു പുരുഷനും സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. രണ്ട് മാസമായി ഫെയർനസ് ക്രീമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇതോടെ സമാന ലക്ഷണങ്ങളുള്ള എല്ലാ രോഗികളിലും പരിശോധന നടത്തി. ഇതിൽ എട്ട് പേർ ക്രീം ഉപയോഗിച്ചിരുന്നു. അവർ ഉപയോഗിച്ചിരുന്നു ക്രീം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ലെഡ്, മെർക്കുറി, സിൽവർ പോലുള്ള മെറ്റലുകൾ നമ്മുടെ ശരീരത്തിൽ കൂടുതലായി എത്തിയാൽ, അത് ആന്തരിക അവയവങ്ങൾ പ്രത്യേകിച്ച് കരളിനകത്തും വൃക്കകയ്ക്കത്തും അടിഞ്ഞ് കൂടുകയും അവയുടെ പ്രവർത്തനത്തെ താറുമാറാക്കുകയും ചെയ്യും. അത് കൊണ്ട് വിപണിയിൽ ഇവ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ അളവിലായിരിക്കണം അടങ്ങിയിരിക്കേണ്ടത്. മെർക്കുറി പോലുള്ളവ ക്രീമിൽ ഉയർന്ന അളവിൽ ഉപയോഗിച്ചാൽ മാത്രമേ അവ വെളുത്ത നിറം നൽകുകയുള്ളൂ. ഷാംപൂ, നെയിൽ പോഷിഷ് ഇങ്ങനെ മാർക്കറ്റിൽ ലഭ്യമായിട്ടുള്ള അംഗീകൃതമല്ലാത്ത പല ഉത്പന്നങ്ങളിലും ഉയർന്ന അളവിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
Share your comments