പഴയ തലമുറയുടെ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും കേള്‍ക്കുമ്പോള്‍ പലപ്പോഴും അദ്ഭുതം തോന്നാറില്ലേ ? ദിവസം മുഴുവന്‍ എല്ലുമുറിയെ പണിയെടുത്താലും അവര്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.
ജീവിതശൈലീരോഗങ്ങളൊന്നും അവരുടെ ജീവിതത്തിന്റെ ഭാഗമേ അല്ലായിരുന്നു. മായം കലരാത്ത ഭക്ഷണം തന്നെയാണ് അവരുടെ ആരോഗ്യത്തിന്റെ പ്രധാന രഹസ്യവും. അതില്‍ ഏറ്റവും എടുത്തുപറയേണ്ട ഭക്ഷണങ്ങളിലൊന്ന് പഴങ്കഞ്ഞി തന്നെയാണ്. ഇന്നത്തെ ഫാസ്റ്റ്ഫുഡുകളെല്ലാം പഴങ്കഞ്ഞിയ്ക്ക് മുന്നില്‍ മുട്ടുമടക്കും. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
പഴങ്കഞ്ഞി കുടിച്ചാണ് ഒരു ദിവസത്തിന്റെ തുടക്കമെങ്കില്‍ അന്ന് മുഴുവന്‍ വേറൊരു ഭക്ഷണവും കഴിച്ചില്ലെങ്കിലും യാതൊരു പ്രശ്‌നവുമുണ്ടാകില്ല. അത്രയേറെ ഔഷധഗുണങ്ങള്‍ നിറഞ്ഞ പ്രഭാതഭക്ഷണമാണ് നമ്മുടെ പഴങ്കഞ്ഞി. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജവും ഉന്മേഷവുമെല്ലാം ഇതില്‍ നിന്ന് കിട്ടും.
അത്താഴം കഴിഞ്ഞ് ബാക്കി വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെളളമൊഴിച്ച് അടച്ചുവയ്ക്കാം. പിറ്റേന്ന് രാവിലെ ചുവന്ന ഉളളിയും കാന്താരി മുളക് ചതച്ചതും തൈരും അല്പം ഉപ്പും ചേര്‍ത്ത് കഴിക്കാം. ഇതിന്റെ സ്വാദും ഒന്നുവേറെയാണ്. കുത്തരി കൊണ്ടുളള പഴങ്കഞ്ഞിയാണെങ്കില്‍ പറയുകയും വേണ്ട. സെലേനിയവും തവിടും ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഇതേറെ ഗുണം ചെയ്യും. ചോറ് ഏറെ നേരെ വെളളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയ പൊട്ടാസ്യം, അയേണ്‍ എന്നിവയുടെ അളവും ഇരട്ടിയായിരിക്കും. ചോറില്‍ ലാക്ടിക് ആസിഡ് എന്ന ബാക്ടീരിയ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ ഘടകങ്ങള്‍ വര്‍ധിക്കുന്നത്.
പഴങ്കഞ്ഞിയുടെ മറ്റ് ഗുണങ്ങള്‍
പ്രഭാതഭക്ഷണമായി പഴങ്കഞ്ഞി കഴിച്ചാല്‍ ദഹനം മെച്ചപ്പെടും. കൂടാതെ വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും. ദിവസം മുഴുവന്‍ ശരീരത്തിനിത് തണുപ്പ് നല്‍കും. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മികച്ചതാണിത്.
പഴങ്കഞ്ഞിയില്‍ വിറ്റാമിന്‍ ബി 6, ബി12 എന്നിവയും ധാരാളമുണ്ട്. മറ്റ് ഭക്ഷണങ്ങളിലിത് കുറവായിരിക്കും. ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി നല്‍കാനും നല്ലതാണിത്. ഹൃദ്രോഗം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും അലര്‍ജി പോലുളള പ്രശ്‌നങ്ങളെ തടയാനും പഴങ്കഞ്ഞി സഹായിക്കും.
നമ്മുടെ ശരീരത്തിനാവശ്യമായ മാംഗനീസ് പഴങ്കഞ്ഞിയില്‍ ധാരാളമായുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും. ദിവസവും പഴങ്കഞ്ഞി കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാക്കാനും ചെറുപ്പം തോന്നിയ്ക്കാനും വരെ സഹായിക്കും. ആരോഗ്യകരമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ അണുബാധകള്‍ വരാതെ തടയാനും പഴങ്കഞ്ഞി നല്ലതാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ചൈനയില്‍ രാജകുടുംബത്തിന് സ്വന്തം; അരിയിനങ്ങളിലെ കേമനെ അറിയാം
Share your comments