1. Health & Herbs

അമൃതിന് തുല്യം അമ്പഴങ്ങ!  

ഒരു കാലത്തു കേരളത്തില്‍ സര്‍വസാധാരണമായിരുന്ന നാട്ടുപഴങ്ങളില്‍ പ്രധാനിയായിരുന്നു അമ്പഴങ്ങ. അമ്പഴത്തിന്റെ പഴവും, ഇലയും, വേരും, തണ്ടും എല്ലാം ഉപയോഗപ്രദമാണ്.

KJ Staff
ഒരു കാലത്തു കേരളത്തില്‍ സര്‍വസാധാരണമായിരുന്ന നാട്ടുപഴങ്ങളില്‍ പ്രധാനിയായിരുന്നു അമ്പഴങ്ങ. അമ്പഴത്തിന്റെ പഴവും, ഇലയും, വേരും, തണ്ടും എല്ലാം ഉപയോഗപ്രദമാണ്. എന്നാല്‍, 'ആനവായില്‍ അമ്പഴങ്ങ' എന്ന പഴഞ്ചൊല്ലിന് അപ്പുറത്തേക്ക് മലയാളിക്ക് അമ്പഴത്തെ അറിയില്ല. അമൃതിന് തുല്യമാണ് അമ്പഴങ്ങയെന്നാണ് പൊതുവെ പറയാറ്. 
 
സ്‌പോണ്ടിയാസ് ഡള്‍സീസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അമ്പഴങ്ങ പോഷകസമ്പുഷ്ടമായ പഴമാണ്. ഇന്ത്യ, കംബോഡിയ, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സാധാരണയായി  കണ്ടുവരുന്നത്. 25 മീറ്ററിലധികം ഉയരത്തില്‍ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവര്‍ഗ്ഗങ്ങള്‍ കാണുന്നുവെങ്കിലും കേരളത്തില്‍ പൊതുവേ കാണുന്നത് സ്‌പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവര്‍ഗ്ഗങ്ങളില്‍ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. 
 
സാപോനിന്‍, ടാനിന്‍ എന്നീ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയതിനാല്‍ അമ്പഴത്തിന്റെ ഇലകളും തണ്ടും രോഗചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. 48 കിലോ കാലറി ഊര്‍ജ്ജം അടങ്ങിയ ഈ ഫലത്തില്‍ മാംസ്യം, അന്നജം, ജീവകം എ, ജീവകം സി, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് ഇവയുമുണ്ട്. കൂടാതെ, ദഹനത്തിനു സഹായകമായ നാരുകളും (ഡയറ്ററി ഫൈബര്‍) ജീവകം ബി  ബി കോംപ്ലക്‌സുകളായ തയാമിന്‍, റൈബോഫ്‌ലേവിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. 
 
ജീവകം സി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധശക്തിക്ക്  ഉത്തമമാണ്. ഇതു രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന കൊളാജന്റെ നിര്‍മാണം മെച്ചപ്പെടുത്തുന്നതോടൊപ്പം മുറിവ് വേഗം ഉണങ്ങാന്‍ 
സഹായിക്കുന്നു.  ചര്‍മത്തിന്റെ ആരോഗ്യത്തിന് അമ്പഴങ്ങയിലടങ്ങിയ ജീവകം സി ഗുണകരമാണ്, ഇത് കോശങ്ങളുടെ പരുക്ക് ഭേദമാക്കി ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നു. അമ്പഴത്തിന്റെ ഇല ഇട്ടു തിളപ്പിച്ച് സത്ത് ബോഡിലോഷനായും മോയ്ചറൈസറായും ഉപയോഗിക്കുന്നു. ചൊറി, ചിരങ്ങ് മുതലായവയുടെ ചികിത്സയ്ക്കായും അമ്പഴത്തിന്റെ വേര് ഉപയോഗിക്കുന്നുണ്ട്.

ambazhanga
 
അമ്പഴങ്ങയുടെ മൂന്നോ നാലോ കഷണം പിഴിഞ്ഞു നീരെടുക്കുക. ഇതില്‍ ഒരുനുള്ള് ഉപ്പു ചേര്‍ത്തു ദിവസം മൂന്നു തവണ കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. ദഹനപ്രശ്‌നങ്ങള്‍ക്ക് അമ്പഴങ്ങയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ദഹനം സുഗമമാക്കുന്നു. ദഹനക്കേടും മലബന്ധവും മൂലം വിഷമിക്കുന്നവര്‍ ഈ പഴത്തിന്റെ പള്‍പ്പ് കഴിച്ചാല്‍ മതി. ജലാംശം ധാരാളമായുള്ളതിനാല്‍ നിര്‍ജലീകരണം തടയുന്നു അമ്പഴമരത്തിന്റെ പുറംതൊലി വയറുകടിക്കുള്ള പരിഹാരമാണ്. തൊലി കഷായംവച്ചു കുടിക്കുന്നത് അതിസാരം, വയറുകടി എന്നിവമൂലം വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകും.  
 
അമ്പഴങ്ങയിലുള്ള ആന്റിഒക്സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ധിപ്പിക്കും. അണുബാധകളെ ഇല്ലാതാക്കാനും ഈ പഴം സഹായിക്കും. രക്തത്തിലെ ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ദ്ധര്‍ അമ്പഴങ്ങകൊണ്ടുള്ള പാനീയം നിര്‍ദ്ദേശിക്കാറുണ്ട്. അമ്പഴങ്ങയിലെ നാരുകള്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ച ശക്തി വര്‍ധിപ്പിക്കും. പ്രമേഹമുള്ളവര്‍ക്കും അമ്പഴങ്ങ നല്ലതാണ്. 
 
അച്ചാറിടാനാണ് അമ്പഴങ്ങ പ്രധാനമായും ഉപയോഗിക്കുന്നത്. അച്ചാറിനു പുറമെ സ്വാദിഷ്ടമായ ചമ്മന്തിയും അമ്പഴങ്ങകൊണ്ട് തയാറാക്കാറുണ്ട്. ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപ്പിനും സോസിനും രുചികൂട്ടാനും അമ്പഴങ്ങ ഉപയോഗിച്ചുവരുന്നു. 
English Summary: Ambazhanga (Hog Plum)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds