ജീവനുള്ള എല്ലാത്തിനും ആവശ്യമായ ധാതുവാണ് കാൽസ്യം. മനുഷ്യശരീരത്തിന് ആവശ്യമായ ധാതുക്കളിൽ ഏറ്റവും പ്രധാനവും ഇതുതന്നെ. മറ്റു സൂക്ഷ്മ ധാതുക്കളെ അപേക്ഷിച്ച് കൂടുതൽ അളവിൽ ആവശ്യമാണിത്.
നിരവധി പ്രയോജനങ്ങൾ
∙ എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യം
കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്ക് കാൽസ്യം വേണം. പ്രായമായവർക്ക് എല്ലുകളുടെ ബലം നിലനിർത്താൻ കാൽസ്യം സഹായിക്കുന്നു. കാൽസ്യം കുറഞ്ഞാൽ എല്ലുകളുടെ സാന്ദ്രത കുറയുകയും പെട്ടെന്ന് ഒടിയുകയും ചെയ്യും.
ആർത്തവം നിലച്ച സ്ത്രീകൾക്ക് കൂടുതൽ അളവിൽ കാൽസ്യം ദിവസേന ആവശ്യമാണ്. കാരണം അവരുടെ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറവാണ്. എല്ലുകളിൽ കാൽസ്യം സൂക്ഷിക്കുന്നതിൽ ഈസ്ട്രജൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകൾ ദിവസേന കാൽസ്യം സപ്ലിമെന്റായി ഉപയോഗിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
മനുഷ്യരിൽ പ്രായപൂർത്തി കഴിഞ്ഞാൽ എല്ലുകളിൽ കാല്‍സ്യം സൂക്ഷിക്കുന്ന പ്രക്രിയയേക്കാൾ വേഗത്തിൽ കാൽസ്യം നഷ്ടപ്പെടുന്നുണ്ട്. പ്രായം കൂടുന്തോറും ഇതിന്റെ വേഗത കൂടുന്നു.
∙ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് കാൽസ്യം അത്യാവശ്യമാണ്.
∙ ഹൃദയത്തിന്റെ താളം നിലനിർത്തുന്നു.
∙ ഞരമ്പുകളിലെ സംവേദന ക്ഷമതയ്ക്ക് ആവശ്യമാണ്.
∙ പേശികളുടെ വളർച്ചയ്ക്കും പേശീപിടുത്തം (muscle cramps) തടയുന്നതിനും സഹായിക്കുന്നു.
∙രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.
വേണ്ട അളവ്
∙ 800–1000 mg/day
∙ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും 70 കഴിഞ്ഞ പുരുഷന്മാർക്കും 1200 മി.ഗ്രാം
ലഭ്യത
ഭക്ഷണത്തിൽനിന്ന് എത്രത്തോളം കാൽസ്യം ലഭ്യമാക്കാമോ അത്രയും നന്ന്. ഭക്ഷണത്തിൽ കൂടി കാൽസ്യം ലഭ്യമാക്കുകയാണ് സപ്ലിമെന്റിനേക്കാൾ നന്ന്. കാരണം കാൽസ്യം കൂടുതലടങ്ങിയ ഭക്ഷണം മറ്റു പോഷകങ്ങളും ശരീരത്തിനു ലഭ്യമാക്കുന്നു.
കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ
∙ പാൽ, മുട്ട തുടങ്ങിയ ഡയറി ഉൽപന്നങ്ങൾ – കാൽസ്യത്തിന്റെ ഏറ്റവും പ്രധാന ഉറവിടം
∙ ചെറു മൽസ്യങ്ങൾ– പ്രത്യേകിച്ച് മുള്ളോട് കൂടി കഴിക്കാവുന്നവ.
∙ ഡാർക്ക് ഗ്രീൻ ലീഫി വെജിറ്റബിൾസ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ വൈറ്റമിൻ ഡി ആവശ്യത്തിന് ലഭ്യമാക്കണം. കാൽസ്യത്തിന്റെ ആഗിരണത്തിനും പ്രവർത്തനത്തിനും അത് ആവശ്യമാണ്.
∙ കാൽസ്യത്തിനോടൊപ്പം അയൺ കഴിക്കുന്നത് രണ്ടിന്റെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
∙ ദിവസവും വ്യായാമം ചെയ്യുന്നത് എല്ലുകളിൽ കാൽസ്യം സൂക്ഷിക്കാൻ സഹായിക്കും. കഠിനവ്യായാമങ്ങൾ വിപരീതഫലം ഉണ്ടാക്കും.
∙ മദ്യപാനം ശരീരത്തിൽനിന്നു കാൽസ്യം നഷ്ടപ്പെടുവാൻ കാരണമാവുന്നു.
∙ കാൽസ്യത്തിന്റെ അളവ് വളരെ കൂടിയാൽ വൃക്കരോഗങ്ങൾ, വൃക്കകളിൽ കല്ല് എന്നിവയ്ക്കു സാധ്യത കൂട്ടുന്നു.
Phone - 8281041729, 8157075145
Share your comments