<
  1. Health & Herbs

സ്‌കോളിയോസിസ് വരാനുള്ള കാരണങ്ങളും ലക്ഷണങ്ങളും

നട്ടെല്ലിന് അസാധാരണമായ വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്‌കോളിയോസിസ്. നല്ല ചികിത്സ ലഭിക്കുകയാണെങ്കിൽ ഇത്‌ പരിഹരിക്കാനാകും. സാധാരണയായി മനുഷ്യരുടെ നട്ടെല്ല് നേർരേഖയിൽനിന്ന്‌ ഭിന്നമായി ഒരു വശത്തേക്ക്‌ വളഞ്ഞിരിക്കുന്നതിനെയാണ്‌ സ്‌കോളിയോസിസ് എന്നുപറയുന്നത്‌.

Meera Sandeep
Causes and symptoms of scoliosis
Causes and symptoms of scoliosis

നട്ടെല്ലിന് അസാധാരണമായ വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്‌കോളിയോസിസ്.  നല്ല ചികിത്സ ലഭിക്കുകയാണെങ്കിൽ ഇത്‌ പരിഹരിക്കാനാകും.   കൃത്യമായി പറഞ്ഞാൽ 10 ഡിഗ്രിയിൽ കൂടുതലുള്ള വളവുകളാണിവ. പെൺകുട്ടികളിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌.

സ്‌കോളിയോസിസ് രണ്ടു തരമുണ്ട്.  പ്രൈമറി (ഇഡിയോപ്പതിക്), സെക്കൻഡറി എന്നിങ്ങനെ.  മറ്റ്‌ അസുഖങ്ങളുടെ ഭാഗമായി നട്ടെല്ലിനെ ബാധിക്കുന്നതാണ് സെക്കൻഡറി സ്കോളിയോസിസ്. ജന്മനാ ഉണ്ടാകുന്ന മറ്റു രോഗങ്ങൾക്കൊപ്പം നട്ടെല്ലിന് വളവുണ്ടാകാം.  ഇത്തരം രോഗങ്ങളുടെ പരിശോധനയിൽ ചെറുപ്പത്തിൽത്തന്നെ സ്കോളിയോസിസ് ശ്രദ്ധയിൽപ്പെടും. തുടർന്ന്‌, ചികിത്സ തുടങ്ങാനുമാകും. പ്രത്യേകിച്ച്‌ കാരണമില്ലാതെ നട്ടെല്ലിൽ ഉണ്ടാകുന്ന വളവുകളാണ് പ്രൈമറി ഇഡിയോപ്പതിക്‌ വളവ്‌. കുട്ടികളിൽ രോഗനിർണയം വൈകുന്നതുമൂലം ചികിത്സിച്ച് ഭേദമാക്കാൻ സമയം വേണ്ടിവരാം.

രോഗ ലക്ഷണങ്ങൾ

തലയുടെ സ്ഥാനം അരക്കെട്ടിന് ആനുപാതികമായിട്ടല്ലാതെ ഒരുഭാഗത്തേക്ക് ചരിഞ്ഞുനിൽക്കുക, തോളുകൾ തമ്മിലുള്ള അസമത്വം (രണ്ടുതോളുകളും കൃത്യമല്ലാത്ത നിരപ്പിൽ നിൽക്കുകയോ, തോൾപ്പലക തള്ളിനിൽക്കുകയോ പോലെ തോന്നുക), അരക്കെട്ടുകൾ തമ്മിലുള്ള അസമത്വം, കാലുകൾ തമ്മിൽ നീളത്തിൽ വ്യത്യാസം അനുഭവപ്പെടുകയും മുടന്ത് ഉണ്ടാകുകയും ചെയ്യുക തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ സ്കോളിയോസിസിനെ ഇൻഫെന്റയിൽ, ജുവനെയ്ൽ, അഡോളസെൻസ്‌ എന്നിങ്ങനെ മൂന്നായി തിരിക്കാം. പ്രൈമറി സ്കോളിയോസിസുകളാണിവ. ചെറുപ്രായത്തിൽ ഉണ്ടാകുന്നതിനാൽ ഇൻഫെന്റയിൽ, ജുവനെയ്ൽ സ്കോളിയോസിസുകളെ ഏർലി ഓൺസെറ്റ്‌ സ്കോളിയോസിസ് എന്ന്‌ അറിയപ്പെടുന്നു. 10 മുതൽ 16 വയസ്സുവരെയുള്ളവരിൽ  കാണുന്ന മറ്റ് കാരണങ്ങൾ ഒന്നുമില്ലാതെ വരുന്ന സ്കോളിയോസിസാണ്‌ അഡോളസെന്റ്‌ ഇഡിയോപതിക്‌ സ്‌കോളിയോസിസ്. പെൺകുട്ടികളിലാണ്‌ ഇത്‌ കൂടുതലായി കാണുന്നത്‌.

പത്തുമുതൽ 25 ഡിഗ്രിവരെയുള്ള വളവുകൾക്ക് പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല. കൃത്യമായ ഇടവേളകളിൽ എക്സറേ പരിശോധന നടത്തി സ്കോളിയോസിസ്‌ വഷളാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം. വളവ്‌ 25 ഡിഗ്രിക്ക് മുകളിലായാൽ ചികിത്സ ആവശ്യമാണ്. 25 മുതൽ 40 ഡിഗ്രിവരെയുള്ള വളവുകൾ ക്രമേണ കൂടാൻ സാധ്യതയുണ്ട്. കുട്ടികളിൽ കാണുന്ന ഇത്തരം വളവുകൾക്ക് ബ്രേസിങ്ചികിത്സയാണ് സാധാരണയായി ഡോക്ടർമാർ നിർദേശിക്കാറുള്ളത്. ബൽറ്റ് അല്ലെങ്കിൽ പ്ലാസ്റ്റർകൊണ്ട് പ്രത്യേകം തയ്യാറാക്കിയ കാസ്റ്റിങ്‌ ധരിക്കുന്നതിലൂടെ സ്കോളിയോസിസ്‌ വഷളാവുന്നത്‌ തടയാനും സെക്കൻഡറി കർവ്സിനെ പ്രതിരോധിക്കാനും കഴിയും. 45 ഡിഗ്രിക്കുമുകളിലുള്ള വളവുകൾക്ക്‌ ശസ്ത്രക്രിയ നടത്തുക എന്നതാണ്‌ പരിഹാരം. ശരീരത്തിന്റെ പുറകുവശത്താണ് ശസ്ത്രക്രിയ നടത്തുന്നത്. നട്ടെല്ലിന്റെ എക്സ്-റേ അടിസ്ഥാനമാക്കി വളവിന്റെ അളവുകണ്ടെത്തി പ്രത്യേക സ്ക്രൂവും റോഡും ഉപയോഗിച്ച് നട്ടെല്ലിനെ നിവർത്തുകയാണ്‌ ചെയ്യുക. ഇതിനെ ഡീഫോർമിറ്റി കറക്ഷൻ സർജറിയെന്നാണ്‌  പറയുക.

പത്തുവയസ്സിന്‌ താഴെയുള്ള കുട്ടികളിൽ 50 ഡിഗ്രിവരെയുള്ള വളവുണ്ടായാൽ ഗ്രോത്ത്‌ റോഡ് ആപ്ലിക്കേഷൻ ശസ്ത്രക്രിയ വേണ്ടിവരും. മാഗ്നെറ്റിക്ഗ്രോത്ത്റോഡ് പോലുള്ള ആധുനികചികിത്സകൾ ഉള്ളതിനാൽ തുടർ ശസ്ത്രക്രിയകൾ ഇല്ലാതെ ലളിതമായി തന്നെ ചെയ്യാൻ കഴിയും.

14 മുതൽ 16 വരെയുള്ള പ്രായമാണ് ശസ്ത്രക്രിയ നടത്താൻ ഏറ്റവും നല്ലത്‌. കുട്ടികളിൽ സ്കോളിയോസിസിന്റെ ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കളോ അധ്യാപകരോ എത്രയുംവേഗം വിദഗ്ധോപദേശം തേടണം. അശാസ്ത്രീയമായ ചികിത്സാരീതികൾ പൂർണമായും ഒഴിവാക്കുകയും വേണം. ചികി്ത്സിച്ച്‌ ഭേദമാക്കാൻ കഴിയുന്ന രോഗാവസ്ഥയായതിനാൽ ആശങ്ക വേണ്ടതില്ല.

English Summary: Causes and symptoms of Scoliosis

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds