ഗുണങ്ങളാൽ സമ്പന്നനാണ് ഗ്രാമ്പൂ. ചുമ, പനി, കഫക്കെട്ട് തുടങ്ങി മിക്ക രോഗങ്ങൾക്കും ശമനമായും ഗ്രാമ്പൂ ഉപയോഗിക്കാം. പണ്ടൊക്കെ മിക്ക വീടുകളിലും നട്ടുവളർത്തിയിരുന്ന സുഗന്ധ വിള എന്നാൽ ഇന്ന് വളരെ അപൂർവമായേ കാണാറുള്ളു. ഭക്ഷണത്തിന് സുഗന്ധവും രുചിയും പകരാൻ മാത്രമല്ല ആരോഗ്യത്തിനും മികച്ച ഗുണം ചെയ്യുന്ന സുഗന്ധദ്രവ്യമാണിത്.
ശ്വസനപക്രിയയെ പോഷിപ്പിക്കുന്നതിൽ ഗ്രാമ്പൂ ഗുണപ്രദമാണ്. മോണ രോഗങ്ങൾക്കും കോളറ പോലുള്ള മാരകരോഗങ്ങൾക്കും ഇത് ഒരു അണുനാശിനി പോലെ പ്രവർത്തിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുൻപ് രണ്ട് ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാല്‍ മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും.
ശരീര ഭാരം കുറയ്ക്കാൻ ഗ്രാമ്പൂ
കാരണം ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശം ദഹനേന്ദ്രീയത്തെ മൊത്തമായി ഉത്തേജിപ്പിക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഗ്രാമ്പൂ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുകയും കൂടാതെ, ചീത്ത കൊളസ്ട്രോളിനെ മാറ്റിനല്ല കൊളസ്ട്രോൾ കൂട്ടാനും ഗ്രാമ്പൂ ഫലപ്രദമാണ്.
ഇതിന് പുറമെ പല്ല് വേദനയ്ക്കും പല്ലിൽ കീടങ്ങളുടെയും പുഴുക്കളുടെയും ആക്രമണം ഉണ്ടാകുന്നത് തടയുന്നതിനും ഈ സുഗന്ധവിള പ്രയോജനം ചെയ്യും. അതിനാൽ തന്നെ ഔഷധങ്ങളുടെയും ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിർമാണത്തിന് ഗ്രാമ്പൂ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വായ്പുണ്ണിനും വായിലെ ദുർഗന്ധത്തിനും ഫലപ്രദം
വായിലെ ദുർഗന്ധത്തിനും രാത്രിയില്‍ ഉറങ്ങുന്നതിന് മുൻപ് ഗ്രാമ്പൂ കഴിക്കുന്നത് വഴി പോംവഴിയാകും. തൊണ്ടവേദന, തൊണ്ട അടപ്പ് പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് ഗുണം ചെയ്യും.
ഇതിനായി ഗ്രാമ്പൂ ചതച്ച്, തിളപ്പിച്ച വെള്ളത്തിൽ ചേർത്ത് ഇത് വായിൽ കൊണ്ടാൽ മതിയാകും. വായ്പുണ്ണ് പോലുള്ള പ്രശ്നങ്ങൾക്ക് കൂടി ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
നെഞ്ചെരിച്ചിൽ പോലുള്ള പ്രതിസന്ധികൾ മാറ്റാനും ഇതിന് സാധിക്കും. കരിക്കിൻ വെള്ളത്തിൽ ഗ്രാമ്പൂ ഒരു രാത്രി ഇട്ടുവച്ചശേഷം രാവിലെ പിഴിഞ്ഞ് അരിച്ചു കുടിച്ചാൽ നെഞ്ചെരിച്ചിൽ കുറയ്ക്കാൻ സഹായിക്കും.തുല്യമായി ഗ്രാമ്പൂവും വെളുത്തുള്ളിയും അരച്ച് തേനിൽ ചാലിച്ചു സേവിക്കുന്നതിലൂടെ ഇക്കിളും ശ്വാസംമുട്ടലും പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ശമനമാകും.
ചർമത്തിലെ അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്. കാച്ചിയ മോരിൽ ഗ്രാമ്പൂ അരച്ച് ചേർത്ത് കുടിച്ചാൽ അർശസ് രോഗങ്ങൾ ശമിക്കും.
ശരീരത്തിന് പല വിധത്തിൽ പ്രയോജനപ്പെടുന്ന ഈ ഇത്തിരിക്കുഞ്ഞൻ ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ്. ബീറ്റാ കരോട്ടിന്റെ സാന്നിധ്യം കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കും. സന്ധിവാതം പോലുള്ള രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യൂജെനോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിരിക്കുന്നു.
കണ്ണിനും ചർമത്തിനും ദഹനത്തിനും മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, അർബുദം പോലുള്ള മാരക രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും ഗ്രാമ്പൂ കഴിക്കുന്നത് സഹായിക്കും. ഇതിന് സഹായിക്കുന്നത് ഗ്രാമ്പൂവിലുള്ള ആന്റി ഓക്‌സിഡന്റുകളാണ്.
Share your comments