പ്രായം കൂടുന്തോറും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രായാധിക്യമായ ആരോഗ്യ പ്രശ്നങ്ങളെ മറികടക്കാൻ അൽപം പ്രയാസമാണ്. എന്നാൽ ചില ഔഷധക്കൂട്ടുകളുടെ അത്ഭുത ഗുണങ്ങളാൽ ഇത്തരം അസുഖങ്ങളെ അതിജീവിക്കാൻ സാധിക്കും. ഇന്ന് 40നും 30നും ഇടയിൽ പ്രായമുള്ള ആളുകളിൽ ഒട്ടനവധി ഗുരുതരമായ രോഗങ്ങൾ കാണുന്നു. ഇതിന് പിന്നിൽ തിരക്കേറിയ ഷെഡ്യൂൾ, മോശം ജീവിതശൈലി, സമ്മർദം, വിഷാദം എന്നീ കാരണങ്ങൾ ആകാം.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകൾക്കായി ഈ 3 വ്യായാമങ്ങൾ; കാഴ്ച കൂട്ടാനും ക്ഷീണം മാറ്റാനും ഓഫീസിലിരുന്നും ചെയ്യാം
40 വയസ്സിനുശേഷം, മിക്ക ആളുകളിലും സ്ഥിരമായി കാണപ്പെടുന്ന രോഗം ഉയർന്ന ബിപിയാണ് (High BP). ഉയർന്ന ബിപി ഉള്ളവർ പലരും രോഗനിർണയം നടത്താൻ വൈകുന്നു എന്നതും മറ്റൊരു പ്രശ്നമാണ്. ഇത് ഹൃദയാഘാതം, വൃക്ക തകരാറിലാകുക പോലുള്ള അപകടങ്ങളിലേക്കും നയിച്ചേക്കാം.
അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് വളരെ പ്രധാനമാണ്. ഉയർന്ന ബിപി നിയന്ത്രിക്കാൻ (High BP control) ആയുർവേദത്തിൽ നിരവധി മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. അതിലൊന്ന് ഔഷധസസ്യങ്ങളുടെ ഉപയോഗമാണ്. ഇക്കൂട്ടത്തിൽ തന്നെ എടുത്തു പറയേണ്ടത് അശ്വഗന്ധ, തുളസി (Ashwagandha and Tulsi) എന്ന അതിവിശിഷ്ടമായ ഔഷധ സസ്യങ്ങളാണ്. ഇവ രണ്ടും ഉപയോഗിച്ച് 40 വയസ്സിന് ശേഷം എങ്ങനെ ബിപി നിയന്ത്രണത്തിലാക്കാം എന്ന് അറിയാം.
1. അശ്വഗന്ധ (Ashwagandha)
ആയുർവേദത്തിൽ അശ്വഗന്ധയ്ക്ക് പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്. തിരക്കേറിയ ജീവിതശൈലി, സമ്മർദം, വിഷാദം എന്നിങ്ങനെ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഈ ഔഷധക്കൂട്ട് ഉപയോഗിച്ച് മനസ്സിനെ ശാന്തമാക്കാൻ കഴിയും.
കാരണം ബിപിയെ നിയന്ത്രണത്തിലാക്കുന്നതിൽ മാനസിക ആരോഗ്യവും പ്രാധാന്യമർഹിക്കുന്നു. അശ്വഗന്ധ യഥാവിധി കഴിച്ചാൽ അത് ശരീരത്തിന് പലവിധത്തിൽ പ്രയോജനകരമാകും. ഭക്ഷണത്തിൽ ദിവസവും ഇത് ഉൾപ്പെടുത്തുന്നതിനായി അശ്വഗന്ധപ്പൊടി ചൂടുവെള്ളത്തിൽ കലർത്തി കുടിയ്ക്കാം. ശരീരത്തിന് ഇരട്ടിഗുണം ലഭിക്കുന്നതിന് എന്നും രാവിലെ തന്നെ കുടിക്കുക. കുറച്ച് ദിവസത്തേക്ക് ഇത് പതിവായി കുടിച്ചാൽ നിങ്ങൾക്ക് വ്യത്യാസം കാണാൻ കഴിയും.
2. തുളസി (Tulsi/ Holy Basil)
ആരോഗ്യ ഗുണങ്ങളിലായാലും വിശ്വാസപ്രകാരമായാലും വിശുദ്ധമായി കണക്കാക്കുന്ന സസ്യമാണ് തുളസി. പുരാതന കാലം മുതൽ, ആളുകൾ ഈ പുണ്യ സസ്യത്തെ ആരാധിക്കുകയും ആരോഗ്യത്തിന് വേണ്ടി പല രീതിയിൽ കഴിക്കുകയും ചെയ്യുന്നു. ഔഷധഗുണങ്ങൾ നിറഞ്ഞ തുളസി ബി.പിയ്ക്കുള്ള ഒറ്റമൂലിയായും ഉപയോഗിക്കാം.
തുളസിയുടെ ഇലകളിൽ യൂജിനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം അധികമാകാതിരിക്കാനായി പ്രവർത്തിക്കുന്നു. കൂടാതെ, ഉയർന്ന ബിപി നിയന്ത്രിക്കുന്നതിനും ഇത് നല്ലതാണ്. യൂജിനോൾ ബിപി കുറയ്ക്കാൻ സഹായിക്കുന്നതിനാൽ തന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്. അതിനാൽ ദിവസവും വെറും വയറ്റിൽ തുളസിയില ചവയ്ക്കുകയോ തുളസിയിട്ട് ഉണ്ടാക്കുന്ന ചായ കുടിക്കുകയോ ചെയ്യുക.
മാത്രമല്ല, തുളസി വെള്ളം പതിവായി കുടിയ്ക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Share your comments