കോവിസ് വാക്സിന്റെ രണ്ടാം ഡോസ് താമസിച്ചാൽ കുഴപ്പമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. കുഴപ്പമില്ലന്ന് മാത്രമല്ല ഒരു വേള അത് ഗുണമായി ഭവിക്കാം.
കേരളത്തിൽ ഭൂരിപക്ഷം പേർക്കും ലഭിച്ചത് കോവിഷീൽഡ് വാക്സിനാണ്.
ആദ്യ ഡോസ് ലഭിച്ച് 4 ആഴ്ചയിൽ രണ്ടാമത്തെ ഡോസ് എടുക്കാനായിരുന്നു ആദ്യ നാളുകളിലെ നിർദ്ദേശം. എന്നാൽ ഇന്നത് മാറിയിരിക്കുന്നു. ആദ്യ ഡോസിന് ശേഷം 4 മുതൽ 8 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എന്നാണ് നിലവിലെ നിർദ്ദേശം. ഇതിലും വൈകിയാലും (12 ആഴ്ച വരെ) ഗുണമേയുള്ളൂ എന്നാണ് വാക്സിൻ നിർമ്മാതക്കളുടെ സൈറ്റിൽ കൊടുത്തിരിക്കുന്ന പഠനത്തിൽ വ്യക്തമാകുന്നത്. മാത്രവുമല്ല ഒരു ഡോസിന് ശേഷം തന്നെ 76 ശതമാനം പ്രതിരോധം ലഭിക്കുന്നു , രണ്ട് ഡോസിന് ശേഷം ലഭിക്കുന്നതാകട്ടെ 82 ശതമാനവും.
അതിനാൽ കോവിഷീൽഡ് രണ്ടാം ഡോസിനായി തിരക്ക് കൂട്ടണ്ട .
കോവാക്സിന്റെ രണ്ടാം ഡോസും ആദ്യ ഡോസിന് ശേഷം 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ മതി എന്നാണ് സർക്കാർ നിർദ്ദേശം. ഇതൽപം വൈകിയാലും വലിയ കുഴപ്പമൊന്നുമില്ല.
അതിനാൽ രണ്ടാം ഡോസ് വൈകുന്നു എന്ന് ഉത്ഘണ്ഠ വേണ്ട.
വാക്സിൻ ലഭിച്ചാൽ തന്നെ പ്രതിരോധ ശക്തി ലഭിക്കാൻ ആഴ്ചകൾ വേണം. മാത്രമല്ല സാമൂഹ്യ അകലും, മാസ്കും കൃത്യമായി തുടരുകയും വേണം. രോഗം പിടിപെടാതിരിക്കാൻ ഈ അവസരത്തിൽ ഏറ്റവും പ്രധാനം തിരക്കിൽ പെടരുത് എന്നതാണ്. അത് കൊണ്ട് മുൻകൂട്ടി ബുക്ക് ചെയ്ത സമയത്ത് വാക്സിൻ ലഭിക്കുമെന്നുറപ്പുണ്ടെങ്കിൽ മാത്രമെ
വാക്സിൻ കേന്ദ്രളിലെക്ക് പോകാവൂ. ബുക്ക് ചെയ്യാതെ പോയാൽ വാക്സിൻ ലഭിക്കുന്ന സംവിധാനം ഇന്നില്ല. അതിനാൽ ബുക്ക് ചെയ്യാത്തവരും പോകരുത്.
ആദ്യമെ എടുത്തില്ലെങ്കിൽ വാക്സിൻ തീർന്നു പോകുമോ എന്ന ആശങ്കയും വേണ്ട. വാക്സിൻ നിർമ്മാണവും, വിതരണവും, ലഭ്യതയും ഇനിയങ്ങോട്ട് കൂടുകയെ ഉള്ളൂ. കൂടുതൽ നിർമ്മാതക്കൾ ഈ രംഗത്തെയ്ക്ക് വരികയാണ്. നിലവിലെ കമ്പനികൾ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയുമാണ്.
കോവിഡ് പ്രതിരോധത്തിൽ വാക്സിന് വലിയ പങ്കുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ നാം ഇന്ന് നേരിടുന്ന രണ്ടാം തരംഗത്തെ പിടിച്ചു കെട്ടുക നാം ശീലിച്ചു പോരുന്ന സാമൂഹ്യ വാക്സിനായിരിക്കും. അതിനാൽ എല്ലാ ആൾകൂട്ടങ്ങളും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയാണ് രോഗം ഒഴിവാക്കാൻ ഈ അവസരത്തിൽ നാം ചെയ്യേണ്ടത്. ഒപ്പം കിട്ടുന്ന മുറയ്ക്ക് തിരക്ക് കൂട്ടാതെ വാക്സിനും സ്വീകരിച്ച് ഇനി ഒരു തരംഗം ഉണ്ടാകാതെ നോക്കുകയുമാവാം.
Share your comments