
കാലാവസ്ഥ മാറ്റം ആദ്യം പ്രതിഫലിക്കുന്നത് നമ്മുടെ ശരീരത്തെ തന്നെയാണ്. ശരീരത്തിലെ താപനില നിയന്ത്രണാതീതമാകുന്നതിന്റെ ഫലമായി പല രോഗങ്ങളും പിടിപെടാൻ തുടങ്ങും. മഴക്കാലം മാറി ചൂടുകാലത്തേക്ക് കടക്കുമ്പോഴുള്ള പ്രധാന പ്രശ്നമാണ് ശരീരത്തിലും തലയിലുമെല്ലാം വിയർപ്പ് അടിഞ്ഞുകൂടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജീരകവെള്ളം പതിവായി കുടിച്ചാൽ പല രോഗങ്ങളേയും അകറ്റാം
ഇങ്ങനെ തലയിൽ അമിതമായി ചൂട് അടിഞ്ഞുകൂടുന്നത് മൂലം തല പുഴുക്കൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. തലയിൽ വിയർപ്പ് ഉണ്ടായി അത് അഴുക്ക് അടിഞ്ഞുകൂടുന്നതിനും തുടർന്ന് പേൻശല്യത്തിലേക്കും നയിച്ചേക്കാം.
എന്നാൽ ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിന് ജീരകം വളരെ ഗുണം ചെയ്യും. അതായത്, ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ജീരകവെള്ളം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. തലയിലും മറ്റും വിയർപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനുള്ള മികച്ച വീട്ടുവൈദ്യമാണിതെന്ന് പറയാം.
ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകം ചേർക്കുക. ഇതിലേക്ക് ഒരു ടീസ് സ്പൂൺ കൽക്കണ്ടം കൂടി ചേർക്കാം. കൽക്കണ്ടത്തിന് പകരം പഞ്ചസാര ഉപയോഗിക്കരുത് എന്നതും പ്രത്യേകം ശ്രദ്ധിക്കുക. കൽക്കണ്ടം ചേർത്ത ശേഷം ഇത് നന്നായി ഇളക്കി കൊടുക്കുക. രാത്രിയിൽ ജീരകവും കൽക്കണ്ടവും ചേർത്തുള്ള ഈ പാനീയം തയ്യാറാക്കി വച്ച ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക. വെള്ളത്തിലുള്ള ജീരകം വെറുതെ കളയാതെ, ചവച്ചു കഴിക്കുക തന്നെ ചെയ്യണം. എങ്കിൽ നിങ്ങളുടെെ ശരീരത്തിലെ ചൂട് കുറക്കാനും തലയിലുൾപ്പെടെ തണുപ്പ് ലഭിക്കുന്നതിനും സഹായിക്കും.
ശരീര താപനിലയിൽ മാറ്റം വരുത്തുന്നതിന് മാത്രമല്ല, ജീരക വെള്ളം ശരീരത്തിലെ ഭാരം നിയന്ത്രിക്കുന്നതിനും ഗുണപ്രദമാണ്. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ഇതിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ സഹായിക്കുന്നു. മാത്രമല്ല, കൊളസ്‌ട്രോൾ കുറയ്ക്കാനും, രക്ത സമ്മർദത്തെ നിയന്ത്രണത്തിൽ വരുത്താനും ജീരകത്തിന് സാധിക്കും. ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, വിറ്റാമിനുകൾ എ, ഇ, ബി 1 എന്നിവയാൽ സമ്പുഷ്ടമാണ് ജീരകം.
ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കാനും ഇത് സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ജീരകം ഉപയോഗിക്കാം.
ഇരുമ്പിന്റെ അളവ് കൂട്ടാൻ ജീരകം ഒറ്റമൂലി
ജലദോഷം, പനി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് എതിരെയും ജീരകം ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ, ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നതിനുള്ള ശേഷിയും ജീരകത്തിനുണ്ട്. ഇതിനായി ജീരകവെള്ളം കുടിക്കുന്നത് ശീലമാക്കാം. വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം കലർത്തി കുടിക്കുന്നത് പോലെ ജീരക ചായ തയ്യാറാക്കിയും ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നതിനായി ഉപയോഗിക്കാം.
ജീരകം- ഉറക്കം മെച്ചപ്പെടുത്താൻ
നന്നായി ഉറങ്ങാൻ ജീരകം സഹായിക്കും. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ തിളപ്പിക്കുക. അത് പകുതിയാകുന്നത് വരെ ചൂടാക്കാവുന്നതാണ്. ഇത് ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് കുടിക്കാം. ഇങ്ങനെ ചെയ്താൽ നല്ല ഉറക്കം കിട്ടുമെന്നത് ഉറപ്പാണ്. ജീരക ചായ കുടിച്ചാലും വളരെ നല്ലതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments