തൈര് ഉപയോഗിച്ചുള്ള പല പല ഭക്ഷണ വിഭവങ്ങൾ മലയാളിക്ക് സുപരിചിതമാണ്. പഞ്ചസാര ഇട്ടു വെറുതെ തൈര് കഴിയ്ക്കാനും ഇഷ്ടപ്പെടുന്നവരുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ തൈര് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് അറിയാത്തതായി ആരുമുണ്ടാകില്ല. ക്രീമുകളും പേസ്റ്റുകളും തേച്ച് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ പ്രകൃതിദത്തമായ പ്രയോഗങ്ങളാണ് ചർമത്തിന് എപ്പോഴും മികച്ചത്.
മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും ആരോഗ്യമുള്ള ചര്‍മത്തിനും തൈര് എത്രമാത്രം ഫലം ചെയ്യുന്നുവെന്ന് അറിയാം....
വരണ്ട മുഖത്തിൽ മോയ്‌സ്ചുറൈസര്‍ പുരട്ടുന്നതിനു പകരം തൈര് ഉപയോഗിച്ചാൽ നല്ലതാണ്. കാരണം മോയ്‌സ്ചുറൈസറിന്റെ അതേ ഗുണമാണ് തൈരിലും അടങ്ങിയിരിക്കുന്നത്. പ്രായം വർധിക്കുന്നതിന് അനുസരിച്ചു ചർമത്തിൽ ഉണ്ടാകുന്ന പ്രശ്‍നങ്ങൾക്ക് തൈര് പ്രതിവിധിയാകുന്നു.
തൈര് സ്ഥിരമായി മുഖത്ത് തേക്കുന്നതിലൂടെ ചര്‍മത്തിന്റെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മുഴുവൻ സമയവും ഫ്രെഷ് ആയിരിക്കാനും തൈര് സഹായിക്കുന്നു.
മുഖത്തെ അഴുക്കും കൊഴുപ്പും നീക്കം ചെയ്ത് ചർമം വൃത്തിയായി സൂക്ഷിക്കുന്നതിൽ തൈര് ഗുണം ചെയ്യുന്നു. തൈരിലെ ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണകരം.
തൈര് മുഖത്തു തേക്കുന്നത് വഴി മുഖത്തിന്റെ ഈർപ്പം നിലനിർത്താനാകുമെന്നാണ് പറയുന്നത്. മുഖത്തിന് തണുപ്പ് നൽകാനും വളരെ ഗുണകരം. ഇതിലെ ലാക്റ്റിക് ആസിഡ് ടാന്‍ കുറക്കാന്‍ ഫലപ്രദം.
മിക്കയുള്ളവർക്കും പ്രത്യേകിച്ച് സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മാറ്റാനും മുഖത്തുണ്ടാവുന്ന പാടുകള്‍ മാറ്റാനും ഇത് സഹായിക്കുന്നു. പച്ചമഞ്ഞള്‍ തേന്‍, കടലമാവ് എന്നിവ തൈരിനൊപ്പം ചേര്‍ത്ത് ഒരു ഫേസ് മാസ്‌ക് പോലെ തേക്കുന്നത് മുഖ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിൽ ഫലം ചെയ്യുന്നു. തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാൽ മുഖത്തിന്റെ നിറം വര്‍ധിക്കും.
ഒരു ക്ലെന്‍സിംഗ് ഏജന്റ് ആയി പ്രവർത്തിക്കുന്ന തൈര് ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു. മുഖത്തെ കരുവാളിപ്പിന് ഉത്തമമായ മറുമരുന്നായി തൈരിന് പ്രവർത്തിക്കാനാകുന്നതിനാൽ വേനൽക്കാലത്തും ശൈത്യ കാലത്തും തൈര് ദിവസേന ഉപയോഗിക്കുന്നത് നല്ലതാണ്.
തൈരും അൽപ്പം മഞ്ഞപ്പൊടിയും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്താല്‍ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും.
തൈര് കഴിച്ചും കൂടുതൽ ഗുണങ്ങൾ
പാലിനേക്കാൾ അതിന്റെ ഉപോല്പന്നമായ തൈര് വേഗത്തിൽ ദഹിക്കുമെന്നതിനാൽ ഭക്ഷണത്തിൽ തൈര് വളരെയധികം ഗുണപ്രദമാണ്. ദിവസവും ഉച്ച ഭക്ഷണത്തിനൊപ്പമോ അല്ലാതെയോ തൈര് കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ശരീരത്തിനും മനസിനും ഉന്മേഷം ഉണ്ടാക്കാൻ തൈര് കഴിക്കുന്നത് ഫലപ്രദമാണ്. ഇതിലെ ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡാണ് ഇതിന് കാരണം. എല്ലാത്തിനുമുപരി കാത്സ്യവും വിറ്റാമിൻ ഡിയും ഉൾക്കൊള്ളുന്ന ഭക്ഷണ പദാർഥം കൂടിയായതിനാൽ എല്ലുകൾക്ക് ദൃഢത നൽകുന്നതിനും ശക്തിപ്പെടുത്തുന്നതിനും തൈര് മികച്ചതാണ്.
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും തൈര് ഉപയോഗിക്കാം. ഇതിലെ കാത്സ്യത്തിന്റെ അംശം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. തൈരിലെ പൊട്ടാസ്യം രക്ത സമ്മർദ്ദം കുറയ്ക്കാൻ പര്യാപ്തമാണ്. കൂടാതെ, വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം, വയറിളക്കം എന്നീ പ്രശ്നങ്ങൾക്കെതിരെയും തൈരിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾക്ക് പ്രവർത്തിക്കാനാകും.
Share your comments