പശ്ചിമഘട്ടം നമുക്ക് നൽകിയ അപൂർവ സസ്യജാലങ്ങളുടെ പട്ടികയിൽ പെട്ട, കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഈന്ത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഉള്ളവർക്ക് അധികം പരിചയമില്ലാത്ത ഒരു വൃക്ഷമാണ് ഈന്ത് എന്നാൽ വടക്കൻ കേരളത്തിൽ ഇത് സാധാരണയായി കാണപ്പെടുന്നു. തെങ്ങിനെ പോലെ ഒരു ഒറ്റത്തടി വൃക്ഷമാണ് ഈന്ത് . ആറോ ഏഴോ അടി പൊക്കത്തിൽ വളരുന്ന ഈ ഒറ്റത്തടി വൃക്ഷത്തിന് തെങ്ങിന്റെ ഓലകളോട് സാമ്യമുള്ള നേർത്ത ഇലകൾ ആണുള്ളത്. ഒരു പെയിന്റ് ബ്രഷ് നെ അനുസ്മരിപ്പിക്കുന്ന ഈ മരത്തിൽ നെല്ലിക്കയുടെ വലിപ്പത്തിൽ കായ്കളും ഉണ്ടാകും.
വടക്കൻ കേരളത്തിലെ പല പ്രദേശങ്ങളിൽ ഈന്ത് പലവിധ രീതിയിൽ ഉപയോഗിച്ച് വരുന്നുണ്ട് . തെങ്ങിൻ ഓലപോലെയുള്ള ഇതിന്റെ നേർത്ത ഓലകൾ കല്യാണം, ഉത്സവം, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിലും മറ്റും അലങ്കാരമൊരുക്കാൻ ഉപയോഗിച്ചിരുന്നു. ഈന്തിൻ കായ്‌കൾ ഭക്ഷ്യയോഗ്യമാണ് സംസ്കരിച്ചെടുത്ത ഈന്തിൻ കായ്‌കൾ വിവിധ ആഹാര പദാർത്ഥങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.കട്ടിയുള്ള ഈന്തിൻ കായുടെ പുറംതോട് പൊളിച് കുരു ഉണക്കിപൊടിച്ചു ഈന്തിൻ പിടി, ഈന്തിൻ പായസം എന്നിവ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
ഏതാണ്ട് നൂറുവര്‍ഷത്തോളം ജീവിത ദൈര്‍ഘ്യമുള്ളതായി കണക്കാക്കപ്പെടുന്ന ഈ ചെടി ഇന്ന് വംശ നാശ ഭീഷണി നേരിടുകയാണ് . ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും മാത്രമാണ് ഈന്ത് കണ്ടുവരുന്നത്. കേരളത്തിലെ പലപ്രദേശങ്ങളിൽ നിന്നും ഈന്ത് കൂട്ടത്തോടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാണാൻ കൗതുകമുള്ള ഈ ചെറിയ മരം പശ്ചിമഘട്ടം നമുക്ക് തന്ന ഒരു വരദാനമാണ്. വിവിധ തരം പനകളും മറ്റും പൂന്തോട്ടത്തിനു അഴകുകൂട്ടാൻ ഉപയോഗിക്കുന്ന നമുക്ക് ഈന്ത് മരത്തെയും പൂന്തോട്ടത്തിലേക്കു ക്ഷണിക്കാം അങ്ങനെ വംശനാശ ഭീഷണിയിൽ നിന്നും ഈന്തിനെ രക്ഷിക്കാം ഒപ്പം പൂന്തോട്ടത്തെ സമ്പന്നമാക്കാം.
Share your comments