വേനൽക്കാലത്ത് പലരും നേരിടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ദഹനക്കുറവ്. ഈ സമയത്തെ മോശം ഭക്ഷണക്രമം, ശരീരത്തിലെ വെള്ളത്തിന്റെ അഭാവം, ശരീര താപനില, പുറമേ നിന്നുള്ള ചൂട് എന്നിവ സാധാരണയായി ദഹനക്കേടിന് പ്രധാന കാരണങ്ങളാകുന്നു. വേനൽക്കാലത്തു അനുഭവപ്പെടുന്ന കൊടും ചൂട് വ്യക്തികളിൽ ക്ഷീണം, വൈറൽ രോഗങ്ങൾ, വയറ്റിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാവുന്നു.
ഈ അമിതമായ ചൂടുള്ള സമയത്ത്, നമ്മുടെ ശരീരം ദഹനത്തിൽ നിന്ന് ഊർജ്ജത്തെ ആന്തരിക ശരീര താപനില കുറയ്ക്കുന്നതിന് വേണ്ടി മാറ്റുന്നു. അതിനാൽ തന്നെ ദഹനപ്രക്രിയയുടെ വേഗത സ്വാഭാവികമായി കുറയുന്നു. ഈ സമയത്ത് കേടായതും മലിനമായതുമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്, ഇങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയയെ കൂടുതൽ അസ്വസ്ഥമാക്കുന്നതിന് കാരണമാവുന്നു.
ദഹനം ആരോഗ്യകരമായി നിലനിർത്താനുള്ള പ്രതിവിധികൾ:
1. ശരീരത്തിൽ ജലാംശം നിലനിർത്തുക:
വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ ധാരാളം വെള്ളം നഷ്ടപ്പെടുന്നു. ഈ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. നിർജ്ജലീകരണം ധാതുക്കളുടെ നഷ്ടത്തിനും കാരണമാകുന്നു, ഇത് ദഹനത്തെ തടസ്സപ്പെടുത്തുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ചുടു കൂടിയ ഈ സമയത്ത് ഒരാൾ കുറഞ്ഞത് 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കണം. വെള്ളം കൂടാതെ, ജലാംശം നിലനിർത്താൻ നാരങ്ങാ വെള്ളം, ഇളനീർ, മോരുവെള്ളം, മാങ്ങ നീര് എന്നിവ കുടിക്കാനായി തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
2. ഇടവേളകളിൽ ചെറു ഭക്ഷണങ്ങൾ കഴിക്കുക:
മുന്ന് നേരം വലിയ ഭക്ഷണം കഴിക്കുന്നതിനു പകരം ഇടവേളകളിൽ 4, 5 തവണകളായി ചെറിയ ഭക്ഷണം കഴിക്കാൻ ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. കൂടാതെ, ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവയ്ക്കുക, അതോടൊപ്പം കഴിച്ച ഭക്ഷണം ശരിയായി ദഹിക്കാനായി, വയറിന് മതിയായ സമയം നൽകുക.
3. പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക:
വേനൽക്കാലത്ത് ഉയർന്ന ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ഇത് ശരീരത്തിൽ മൊത്തത്തിലുള്ള ജലാംശത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള നാരുകൾ ദഹനത്തെ സഹായിക്കുന്നു.
4. കൊഴുപ്പുള്ള ഭക്ഷണങ്ങളും, കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക:
ചായ, കാപ്പി, സോഡകൾ എന്നിവ കഴിക്കുന്നത് ഡൈയൂറിസിസ് ഉണ്ടാവാൻ സഹായിക്കുന്നു, ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം വയറു വീർക്കുന്നതിനും അസിഡിറ്റിക്കും കാരണമാകുന്നു.
5. പ്രോബയോട്ടിക്സ് :
പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പ്രോബയോട്ടിക് ധാരാളമായി കാണപ്പെടുന്ന ഭക്ഷണങ്ങളായ തൈര്, മോര്, കഞ്ഞി, എന്നിവ ദഹനത്തെ ക്രമീകരിക്കുന്നു.
6. മദ്യം ഒഴിവാക്കുക :
മദ്യം കഴിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണമുണ്ടാവുന്നതിനു കാരണമാകുന്നു, ഇത് പ്രത്യേകിച്ച് വേനൽക്കാലത്ത് ശരീരത്തിന് ദോഷം ചെയ്യുന്നു.
7. ഭക്ഷണം ശരിയായി സൂക്ഷിക്കുക:
ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത ഭക്ഷണങ്ങൾ, തലേ ദിവസം പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ചൂടുള്ള താപനില ഭക്ഷണത്തിലെ ബാക്ടീരിയകളുടെയും ഫംഗസിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭക്ഷണം വീണ്ടും ചൂടാക്കാൻ ശ്രദ്ധിക്കുക.
8. ശരിയായ സമയത്തു മാത്രം വ്യായാമം ചെയ്യുക:
ഉയർന്ന ഊഷ്മാവിൽ വ്യായാമം ചെയ്യുമ്പോൾ, അത് നിർജ്ജലീകരണത്തിന് കാരണമാകുന്നു, ഇത് ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു. വേനൽക്കാലത്ത്, അതിരാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുകയും വ്യായാമത്തിന് ഇടയിലും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: വേനൽ ചൂടിൽ ശരീരത്തെ തണുപ്പിക്കാൻ തൈര് കഴിക്കാം
Pic Courtesy: Pexels.com
Share your comments