ഒരുകാലത്ത് നമ്മുടെ നാട്ടുവഴികളിലെ സ്ഥിരം കാഴ്ചയായിരുന്നു ഒന്നു തൊട്ടാല്‍ വാടിപ്പോകുന്ന തൊട്ടാവാടിച്ചെടി. കുട്ടികള്‍ക്കും ഈ ചെടി ഒരു കൗതുകമായിരുന്നു. കാലം കടന്നുപോയപ്പോള്‍ തൊട്ടാവാടിയെ കണ്ടുകിട്ടാതായി.
ഒട്ടേറെ ഔഷധഗുണങ്ങളുളള തൊട്ടാവാടിയെ ഇപ്പോള്‍ കാണണമെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ തിരഞ്ഞുനടക്കേണ്ടിവരും. വിലയോ ഞെട്ടിപ്പിക്കുകയും ചെയ്യും. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുളള പരിഹാരമാര്‍ഗങ്ങള്‍ നമ്മുട തൊട്ടാവാടിയിലുണ്ട്. എന്നാല്‍ പലര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ അറിവൊന്നും ഇല്ല.
പ്രമേഹരോഗികള്‍ക്ക്
പ്രമേഹരോഗത്തിന് പരിഹാരം കാണുന്നതിന് തൊട്ടാവാടി സഹായിക്കും. ഇതിന്റെ നീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. രക്തശുദ്ധിയ്ക്കും തൊട്ടാവാടി നല്ലതാണ്.
സന്ധിവേദന പരിഹരിക്കും
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന അകറ്റും.
ഇഴജീവികള്‍ കടിച്ചാല്‍
പ്രാണികളും ഇഴജീവികളും നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന അലര്‍ജികള്‍ പരിഹരിക്കാന്‍ തൊട്ടാവാടി ഉപയോഗിക്കാം. അതുപോലെ മുറിവുകളില്‍ തൊട്ടാവാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിലുണങ്ങാന്‍ സഹായിക്കും. ചര്‍മരോഗങ്ങള്‍ക്കും തൊട്ടാവാടി ഔഷധമാണ്.
ഉറക്കമില്ലായ്മ പരിഹരിക്കാം
നല്ല ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്കും തൊട്ടാവാടി ഗുണം ചെയ്യും. അല്പം തൊട്ടാവാടിയുടെ ഇല വെളളത്തിലിട്ട് തിളപ്പിച്ചശേഷം ഉറങ്ങുന്നതിന് മുമ്പ് കുടിച്ചാല്‍ ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകും.
ചുമയും കഫക്കെട്ടും ഇല്ലാതാക്കും
തൊട്ടാവാടിയുടെ വേര് ഉണക്കിപ്പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് പരിഹാരമാകും. അതുപോലെ കഫക്കെട്ട് ഇല്ലാതാക്കാനും തൊട്ടാവാടി ഉത്തമമാണ്. അതുപോലെ ശ്വാസതടസ്സം, ആസ്മ എന്നിവയ്ക്കുമെല്ലാം പരിഹാരം കാണാന്‍ തൊട്ടാവാടിയ്ക്ക് കഴിയും.
തൊട്ടാവാടിയുടെ തണ്ടുകള്‍ക്ക് ചുവപ്പ് കലര്‍ന്ന നിറവും പൂക്കള്‍ പിങ്ക് നിറത്തിലുമാണ്. ഇലകള്‍ക്ക് കയ്പ്പ് രുചിയാണ് . ധാരാളം ചെറു മുള്ളുകളുള്ള ചെടിയാണിത്. വിത്തില്‍ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത്. ഏതു കാലാവസ്ഥയിലും വളരുമെന്നതാണ് ചെടിയുടെ പ്രത്യേകത. ഇതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാം.
Share your comments