ചൂടാക്കിയും തണുപ്പിച്ചും കഴിക്കാവുന്ന അപൂര്‍വം പാനീയങ്ങളുടെ കണക്കെടുത്താൽ അതിൽ തീർച്ചയായും കാപ്പിയും ഉൾപ്പെടും. അതായത് കാപ്പി ചായയാക്കി ചൂടോടെ കുടിക്കാമെങ്കിൽ, കാപ്പിക്കുരുവില്‍ നിന്ന് തയ്യാറാക്കുന്ന പൊടി രുചിയുള്ള ഐസ്‌ക്രീമാക്കുന്നതിന് നല്ലതാണ്. ഇതിനെല്ലാം പുറമെ, ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയമെന്ന ഖ്യാതിയും കാപ്പിയ്ക്ക് തന്നെ സ്വന്തം.
ബന്ധപ്പെട്ട വാർത്തകൾ: കാഴ്ചശക്തി കുറയുന്നെങ്കിൽ ഈ വീട്ടുവൈദ്യങ്ങൾ ശീലമാക്കൂ…
എങ്കിലും, ജനപ്രീയമായ ഈ പാനീയം രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ കുടിക്കുന്ന ശീലമുണ്ട് ചിലർക്ക്. ഇങ്ങനെ കാലിയായ വയറിൽ കാപ്പി കുടിക്കുന്നത് നല്ലതാണോ എന്ന് സംശയമുണ്ടെങ്കിൽ അത് ശരീരത്തിന് ദോഷമാണെന്നാണ് ഗവേഷകർ പറയുന്നത്.
ഇങ്ങനെ ചെയ്യുന്നത് ദഹന പ്രശ്‌നങ്ങൾ, രക്തത്തിൽ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിക്കും. രാവിലെ കാപ്പി കുടിക്കുന്നത് ശരീരത്തിന് അത്ര നല്ല സമയമല്ല. അതായത്, ഈ സമയം ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ സ്ട്രെസ് ഹോർമോണിന്റെ അളവ് വർധിക്കുന്നതിനും ഇതിന്റെ ഫലമായി ഉത്കണ്ഠയും വർധിക്കുന്നതിനും കാരണമാകും.
വയറിലെ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിലേക്കും ഇത് നയിക്കും. അതിനാൽ തന്നെ അതിരാവിലെ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് ഉയരുന്നത് അണ്ഡോത്പാദനം, ഭാരം, ഹോർമോൺ ബാലൻസ് എന്നിവയെ ദോഷകരമായി ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണാധീതമാക്കും.
ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് വിറയൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ചിലപ്പോൾ മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും ഇത് കാരണമാകും. ലെവോതൈറോക്സിൻ (സിന്തറ്റിക് തൈറോയ്ഡ് ഹോർമോൺ) ആഗിരണം ചെയ്യുന്നതിനെയാണ് ഇത് ബാധിക്കുക. തൽഫലമായി T4 ഹോർമോൺ T3ലേക്ക് മാറുന്നതിനുള്ള പ്രവർത്തനത്തെയും ഇത് സ്വാധീനിക്കുന്നു.
എന്നാൽ ഒഴിവുസമയങ്ങളിലും മറ്റും ഊർജ്ജസ്വലരാവാൻ കാപ്പി എന്ന പാനീയം ഉത്തമമാണ്. ഇതിന് പുറമെ, ഹൃദ്രോഗം, പ്രമേഹം, അൽഷിമേഴ്സ്, അർബുദം എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കാൻ കാപ്പിയിലെ പോഷകഗുണങ്ങൾക്ക് സാധിക്കും.
ആന്തരികമായി മാത്രമല്ല, ചർമ പ്രശ്നങ്ങൾക്കുള്ള വീട്ടുവിദ്യയായും കേശ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത ഉപായമായും കാപ്പി ഉപയോഗിക്കാം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി ചർമത്തിലെ ചുളിവുകളിൽ നിന്ന് സംരക്ഷിക്കും. ചർമത്തിലുണ്ടാകുന്ന കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനും ഇത് ഫലപ്രദമാണ്.
Share your comments