തിളക്കവും മിനുസവുമുള്ള, ചുളിവുകളില്ലാത്ത ചർമം ആരാണ് ആഗ്രഹിക്കാത്തത്. ചർമത്തിന്റെ സംരക്ഷണത്തിന് വേണ്ടി ധാരാളം കാശ് മുടക്കി, വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങുകയോ സൗന്ദര്യ ചികിത്സ നടത്തേണ്ട കാര്യമില്ല. വലിയ ചിലവില്ലാതെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വെള്ളം കുടിക്കുക എന്നത്. ധാരാളമായി വെള്ളം കുടിക്കുന്നത് ചർമത്തിന്റെ മാത്രമല്ല, മൊത്തം ശരീരത്തിന്റെ തന്നെ ആരോഗ്യത്തിനു ഗുണപരമായ ഒരു ശീലമാണ്. വെള്ളം കുടിക്കുക വഴി ചർമത്തിലെ ചുളിവുകള്‍ കുറയുകയും മുഖക്കുരു തടയാൻ സാധിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കണം.
ചർമ്മസംരക്ഷണത്തിൽ പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് ആഹാരം. കൂടുതല്‍ പച്ചിലകളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന് ഗുണകരമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, കറുത്ത ചോക്ലേറ്റ് എന്നിവയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അങ്ങനെ ചർമ്മം കൂടുതൽ തിളക്കമുള്ളതും യുവത്വമുള്ളതുമാവുന്നു.
നല്ല രീതിയിലുള്ള ഉറക്കവും അതോടൊപ്പം തന്നെ വ്യായാമവും ചർമ സംരക്ഷണത്തിന് വളരെയധികം ആവശ്യമായ ഘടകങ്ങൾ ആണ്. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നത് ചർമ്മസംരക്ഷണത്തിന് ഗുണം ചെയ്യും. ചർമത്തിനും പേശികൾക്കും ഗുണവും സൗന്ദര്യവും ഉണ്ടാക്കാൻ വ്യായാമം സഹായിക്കും. യോഗ ഒരു ഫലപ്രദമായ വ്യായാമ മുറയാണ്. കടുത്ത വർക്ക് ഔട്ടുകൾ ചെയ്തില്ലെങ്കിലും മുറിയിൽ തന്നെ ചെയ്യാവുന്ന ലഘുവ്യായാമ മുറകൾ തന്നെ ഗുണകരമാണ്. വ്യായാമം കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും അതുവഴി മുഖക്കുരു അടക്കമുള്ളവയെ തടഞ്ഞ് മിനുസവും തിളക്കവുമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും.
മാനസിക സമ്മർദമാണ് ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു പ്രധാന വില്ലൻ. മാനസിക സമ്മർദം വർധിക്കുമ്പോൾ ശരീരം അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സ്‌ട്രെസ് ഹോർമോണുകളെ പുറത്ത് വിടും. ഇത് ചർമത്തിന് ഗുണകരമല്ല. മാനസിക സമ്മർദം ഉള്ള ഘട്ടങ്ങളിൽ, ചർമ്മത്തിൽ ഉള്ള ഗ്രന്ധികൾ കൂടുതൽ എണ്ണമയമുള്ള സ്രവങ്ങൾ ഉത്പാദിപ്പിക്കുകയും അവ വിയർപ്പ് സുഷിരങ്ങൾ അടയാനും മുഖക്കുരു ഉണ്ടാക്കാനും കാരണമാവുകയും ചെയ്യും. ധ്യാനം അടക്കമുള്ള മാര്ഗങ്ങള് ഉപയോഗിച്ച് സമ്മർദ രഹിതമോ നിയന്ത്രിതമോ ആയ ജീവിതം നയിച്ചാൽ അത് തിളക്കവും ആരോഗ്യവുമുള്ള ചർമം പ്രദാനം ചെയ്യും.
വെയില്‍ കൊളളാന്‍ മടി കാണിക്കല്ലേ ; ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ
ആരോഗ്യം മുതല്‍ സൗന്ദര്യം വരെ ; ആപ്പിള്‍ സൈഡര്‍ വിനിഗറിനെ അറിയാം
Share your comments