ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാറ്റുകയും ചെയ്തേക്കാം. എന്നാൽ ഇതിനു വിപരീതമായി അറിഞ്ഞോ അറിയാതെയോ ഉള്ള മോശം ഭക്ഷണ തിരഞ്ഞെടുപ്പുകളാണ് നമ്മുടേതെങ്കിൽ ഇത് നമ്മുടെ ദഹനപ്രക്രിയയെ കുഴപ്പത്തിലാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്യും.
ഇത്തരം സന്ദർഭങ്ങളിലാണ് പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം നല്ല രീതിയിൽ നടക്കാനുമായി മരുന്നുകൾ കഴിക്കേണ്ട അവസ്ഥ വരുന്നത്. നമ്മൾ ഒരു സമയം തിരഞ്ഞെടുക്കുന്ന രണ്ട് ഭക്ഷണ പദാർത്ഥങ്ങൾ അല്ലെങ്കിൽ അവയുടെ കൂട്ടിച്ചേർക്കലുകൾ അവ തെറ്റായ കോമ്പിനേഷനുകളിൽ ഉള്ളതാണെങ്കിൽ അത് കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങൾ എളുപ്പത്തിൽ രൂപംകൊള്ളാൻ ഉള്ള സാധ്യതയുണ്ട്.
പുരാതന ആയുർവേദ വൈദ്യത്തിൽ ഭക്ഷ്യ സംയോജന തത്വങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് നമ്മുടെ ദഹന പ്രവർത്തനത്തെ മികച്ചതാക്കി മാറ്റുകയും അതുപോലെ തെറ്റായ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ മോശം ദഹനപ്രക്രിയയ്ക്ക് കാരണമായി മാറിക്കൊണ്ട് ആത്യന്തികമായി ദഹന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്, ചൂടുള്ള പാനീയങ്ങളോടൊപ്പം മാമ്പഴം അല്ലെങ്കിൽ പച്ച മാങ്ങ കഴിക്കുന്നത് ചിലപ്പോൾ നിങ്ങൾക്ക് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായി ഭവിക്കും.
ദഹനക്കേടിന് കാരണം
ഭക്ഷ്യ സംയോജന തത്വമനുസരിച്ച്, രണ്ട് തരം ഭക്ഷണങ്ങളുണ്ട്. ഒന്ന് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. മറ്റൊന്ന് വളരെ സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. ഈ രണ്ടുതരം ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമായി മാറുമെന്നാണ് ആയുർവേദം പറയുന്നത്. വ്യത്യസ്ത പി.എച്ച് നിലയുള്ള രണ്ട് വ്യത്യസ്ത ഭക്ഷ്യവസ്തുക്കൾ, ഒരുമിച്ച് കൂട്ടിച്ചേർത്തു കഴിക്കുമ്പോൾ ശരീരത്തിന് ഇത് ശരിയായ രീതിയിൽ ദഹിപ്പിക്കാനും ആഗിരണം ചെയ്യാൻ കഴിയുകയില്ല എന്നതാണ് ഇതിനു പിന്നിലെ രഹസ്യം.
ഭക്ഷണത്തിലെ മോശം കൂട്ടിചേർക്കലുകൾ ദഹനക്കേട്, വയറുവേദന, വയറുവീക്കം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഗ്യാസ് രൂപീകരണം എന്നിവയ്ക്ക് കാരണമായി മാറാനുള്ള സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥ ദീർഘനേരം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ദഹന ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുകയും മറ്റു പല രോഗങ്ങൾക്കും കാരണമായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒത്തു ചേരാത്തതും, കൂട്ടിച്ചേർത്തു കഴിക്കാൻ നല്ലതല്ലാത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കുക. എങ്കിൽ മാത്രമേ പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്തി കൊണ്ട് നിങ്ങളുടെ ദഹനം മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ.
നിങ്ങൾക്ക് ഒരേസമയം ഒരുമിച്ച് കഴിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത വിരുദ്ധ ആഹാരങ്ങൾ നിരവധിയുണ്ട്. അവയിൽ പലതും നമ്മൾ നിത്യവും അറിയാതെ കഴിക്കുന്നതുമാണ് അവയെ കുറിച്ച് കൂടുതൽ അറിയാം.
പ്രോട്ടീൻ ഉറവിട ഭക്ഷങ്ങൾ
നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക ദഹനപ്രക്രിയുടെ കാര്യമെടുത്താൽ ശരിയായ ദഹനവും ആഗിരണ പ്രവർത്തനവും നടത്തുന്ന കാര്യത്തിൽ ഏറ്റവും പ്രയാസകരമായ ഒന്നാണ് പ്രോട്ടീനുകൾ. മറ്റേതൊരു പോഷകങ്ങളെക്കാളും പ്രോട്ടീനുകൾ ദഹിക്കപ്പെടുന്നത് ദഹനപ്രക്രിയയിൽ കൂടുതൽ പരിശ്രമകരമാണ്. അതിനാൽ തന്നെ നിങ്ങളുടെ ദഹനപ്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ആഗിരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമായി ഒരേസമയം രണ്ട് വ്യത്യസ്ത തരം പ്രോട്ടീനുകൾ ഒരുമിച്ച് കഴിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം ഇത് നിങ്ങളുടെ ദഹന പ്രക്രിയയെ കൂടുതൽ ദൈർഘ്യമുള്ളതാക്കി മാറ്റിക്കൊണ്ട് ശരീരത്തെ മുഴുവൻ ബാധിക്കാൻ ഇടയുണ്ട്. ഇത് ചിലപ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് കൂടുതൽ ഊർജം കവർന്നെടുത്തു കൊണ്ട് ക്ഷീണം തളർച്ച തുടങ്ങിയ അനാരോഗ്യ ലക്ഷണങ്ങളും പ്രകടമാക്കുന്നതിനും കാരണമാകും.
പാലും പഴവും
കഴിക്കാൻ ഏറ്റവും നല്ല കോമ്പോ ആണ് പാലും പഴവും എന്ന് ആളുകൾ പറയും. എന്നാൽ ഈ കോമ്പോയുടെ ദഹനം വളരെ കഠിനമാണ് എന്നതാണ് വാസ്തവം. കാരണം ഇത് രണ്ടു ഭക്ഷണങ്ങളും കൂടിച്ചേരുമ്പോൾ ശരീരത്തിൽ ടോക്സിനുകൾ ഉൽപാദിപ്പിക്കപ്പെടും. ദഹനം കൂടുതൽ സമയം നീണ്ടു നിൽക്കുകയും ചെയ്യും. പ്രത്യേകിച്ചും ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ആളുകളുടെ കാര്യത്തിൽ ഈയൊരു കോമ്പിനേഷൻ ഏറ്റവും മോശം ഫലങ്ങൾ സൃഷ്ടിക്കും.
ഈയൊരു കോമ്പോ ദഹനപ്രക്രിയയിലൂടെ ഇൻസുലിൻ എന്ന കൊഴുപ്പ് സംഭരിക്കുന്ന ഹോർമോണിന്റെ വർദ്ധനവിന് കാരണമായി മാറും എന്നതാണ് ഇതിനു പിന്നിലെ കാരണം.
Share your comments