 
            മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷ്യ വസ്തുവാണ് ചോറ്. അതിനായി നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും തെരെഞ്ഞെടുക്കുന്നതും ചുവന്ന അരി അഥവാ മട്ട അരി കൊണ്ട് ഉണ്ടാക്കിയ ചോറു തന്നെയാണ്. പണ്ടു കാലത്ത് കേരളത്തില്‍ മിക്കവാറും ഈ അരി കൊണ്ടു തന്നെയായിരുന്നു പാചകം. എന്നാല്‍ കാലം ചെല്ലുന്തോറും തയ്യാറാക്കാന്‍ എളുപ്പം നോക്കി പലരും വെള്ള അരി എന്നതിലേയ്ക്ക് ചുവടു മാറ്റി. എന്നാല്‍ ഇപ്പോഴും കേരളാ റൈസ് എന്ന പേരില്‍ അറിയപ്പെടുന്നത് ചുവന്ന അരിയും മട്ട അരിയും തന്നെയാണ്. പൊതുവേ ഇത് സ്വാദില്‍ മാത്രമല്ല, ആരോഗ്യകാര്യത്തിലും ഗുണകരമാണെന്നു വേണം, പറയുവാന്‍. പ്രത്യേകിച്ചും വെള്ള അരിയേക്കാള്‍ മട്ട അരി ഏറെ ആരോഗ്യകരവുമാണ്. ഇങ്ങനെ പറയാന്‍ പ്രത്യേകിച്ച് പല കാരണങ്ങളുമുണ്ട്.
പ്രമേഹത്തിന്
നാരുകളുടെ അളവും മറ്റ് അവശ്യ പോഷകങ്ങളും ചുവന്ന അരിയിൽ കൂടുതലാണ്. വെളുത്ത അരി അഥവാ പച്ചരിയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഇതിന് ഉള്ളത്. ഗ്ലൈസെമിക് സൂചിക ഉയർന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. അതിനാൽ, ചുവന്ന അരി കൊണ്ടുള്ള ചോറ് കഴിക്കുന്നത് അത്തരം അപകടസാധ്യതകൾ കുറയ്ക്കുന്നു. പ്രമേഹ രോഗികള്‍ക്ക് അതു കൊണ്ടു തന്നെ ഏറ്റവും ഗുണകരമായത് ചുവന്ന അരി തന്നെയാണ്.
കാൻസറിന്
ചുവന്ന അരിയിൽ അടങ്ങിയിട്ടുള്ള നാരുകളുടെ ഉയർന്ന ശതമാനം സ്തന, വൻകുടൽ കാൻസറുകൾക്കെതിരെ സംരക്ഷണം നൽകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചുവന്ന അരിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് കോശങ്ങൾക്ക് ഓക്സിഡേറ്റീവ് നാശമുണ്ടാക്കുന്നത് തടയുകയും ചെയ്യുന്നു.
ചുവന്ന അരിയിൽ ഇനോസിറ്റോൾ ഹെക്സാഫോസ്ഫേറ്റ് അഥവാ ഐപി 6 എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിരിക്കുന്നു. സ്തനാർബുദം, കരൾ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസർ, രക്താർബുദം എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മട്ട അരി ശീലമാക്കിയാൽ പ്രമേഹം, കാൻസർ, എന്നീ രോഗങ്ങളെയകറ്റാം
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് പൊതുവേ ചുവന്ന അരിയാണ് നല്ലത്. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ ചുവന്ന അരി സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബി വിറ്റാമിനുകളായ ബി 1 (തയാമിൻ), മഗ്നീഷ്യം എന്നിവ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടിന്റെയും കുറവ് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.പ്രമേഹ രോഗികള്‍ക്ക് ഹൃദയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ചുവന്ന അരി അഥവാ മട്ട അരി പ്രമേഹ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ചുവന്ന അരി ഉത്തമമാണ്. ഇതില്‍ നാരുകള്‍ ഏറെ കൂടുതലാണ്. ഇതാണ് ഗുണകരമാകുന്നത്. ദഹനം മെച്ചപ്പെടാനും ഉപാപചയ പ്രക്രിയ ശക്തിപ്പെടുവാനും ഇത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ക്യാൻസറിനെ ചെറുക്കുന്ന ഈ കറുമ്പൻ ആള് ചില്ലറക്കാരനല്ല!
ശരീരഭാരം കുറയ്ക്കുന്നതിന്
ഉയർന്ന നാരുകൾ ഉള്ളതിനാൽ ചുവന്ന അരി ദഹിയ്ക്കാന്‍ കൂടുതൽ സമയമെടുക്കും. ഇത് വിശപ്പു കുറയ്ക്കുന്നു. എണ്ണമയമുള്ള അല്ലെങ്കിൽ പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങളോടുള്ള ആസക്തി നിയന്ത്രിച്ച്, അതിൽ നിന്ന് അധിക ഭാരം ഉണ്ടാകുന്നതിനുള്ള സാധ്യത തടയുകയും ചെയ്യുന്നു.
ചുവന്ന അരിയിൽ അവശ്യ അമിനോ ആസിഡുകളായ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് (ഗാബ) അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. അതുകൊണ്ട് തന്നെ ഈ അരി കഴിക്കുന്നവരിൽ എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന അരിയുടെ അത്ഭുതകരമായ 5 ആരോഗ്യ ഗുണങ്ങൾ
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments