നമ്മുടെ ദൈന്യംദിന ജീവതത്തിൽ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും ഉള്ളി ചേർക്കുന്നുണ്ട്. ഉള്ളി ചേർത്താൽ കറിയ്ക്ക് സ്വാദ് കൂടുമെന്നത് തന്നെയാണ് പാചകത്തിൽ ഇതിന് ഇത്രയും വലിയ സ്ഥാനം നൽകാനുള്ള കാരണവും. ഉള്ളി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, സെലിനിയം, ഫൈബർ, വിറ്റാമിൻ ബി6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ഉള്ളി കഴിക്കുന്നത് ശരീരത്തിന്റെ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. കണ്ണിൻറെ ആരോഗ്യത്തിനും ഉള്ളി നല്ലതാണ്. കൂടാതെ ഉള്ളിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറി കാൻസർ, ആന്റിഓക്‌സിഡന്റ്, ആന്റിത്രോംബോട്ടിക് ഗുണങ്ങളുണ്ട്. മുടി കൊഴിച്ചിൽ നിയന്ത്രിച്ച് മുടി തഴച്ചുവളരുന്നതിനും സഹായിക്കുന്നു. ചർമ്മത്തിലുണ്ടാകുന്ന കറുത്ത പാടുകൾക്കും പിഗ്മെന്റേഷൻ പ്രശ്നങ്ങൾക്കും സവാള മികച്ച ഫലം തരുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിലൂടെ ചർമ്മത്തിന് ആരോഗ്യം ലഭിക്കും. ഫൈറ്റോകെമിക്കലുകൾ ഉള്ളിയിൽ അടങ്ങിയിരിക്കുന്നതിനാൽ ഉറക്ക തകരാറുകളെ പരിഹരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഉറക്കമില്ലായ്മക്കുള്ള പരിഹാരമായി സൂപ്പായും മറ്റും കഴിയ്ക്കാറുണ്ട്.
പച്ച ഉള്ളി കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. എന്നാൽ അമിതമായി പച്ച ഉള്ളി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രമേഹരോഗികൾക്ക് പച്ച ഉള്ളി കഴിക്കുന്നത് നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. മാത്രമല്ല, ഇതിന്റെ അമിതമായ ഉപയോഗം വയറുവേദനയ്ക്കും നെഞ്ചെരിച്ചിലും ഉണ്ടാക്കും. ഇത് ഛർദ്ദി, ഓക്കാനം എന്നിവയ്ക്കും കാരണമാകുന്നു.
സവാള അമിതമായി കഴിക്കുന്നത് എക്സിമയ്ക്ക് കാരണമാകും. പച്ച ഉള്ളിയിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് വായ് നാറ്റത്തിന് കാരണമാകുന്നു. കൂടാതെ കണ്ണുകളെ അസ്വസ്ഥമാക്കുന്നു. അസംസ്കൃത ഉള്ളി കഴിക്കുന്നത് സാൽമൊണല്ല ബാക്ടീരിയ ദഹനനാളത്തിലേക്ക് പ്രവേശിക്കുന്നതിനും കുടലിൽ അണുബാധ ഉണ്ടാകാനും കാരണമാകുന്നു. ഗർഭിണികൾ അസംസ്കൃത ഉള്ളി കഴിക്കാതിരിക്കുകയാണ് നല്ലത്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കും. നിങ്ങൾക്ക് മലബന്ധവും അനുഭവപ്പെടാം.
Share your comments