ചുമന്നതും വെളുത്തതും. രണ്ടും ഔഷധയോഗ്യമാണെങ്കിലും വെളുത്ത ഇളംപ്രായത്തിലുള്ള എരുക്കിനാണ് ഔഷധവീര്യം കൂടുതലുള്ളത്. ഇത് ആയുർവേദത്തിൽ അർക്ക്' എന്ന പേരിൽ അറിയപ്പെടുന്നു. രസത്തിൽ എരിവും കയ്പും ഗുണത്തിൽ ലഘുവും രൂക്ഷവും തീക്ഷ്ണവും വീര്യത്തിൽ ഉഷ്ണവുമാണ്. വിപാകത്തിൽ എരിവായി പ്രവർത്തിക്കുന്നു.
പാമ്പു കടിച്ചാലുടൻ എരിക്കിന്റെ രണ്ടു മൂന്നില വാട്ടിപ്പിഴിഞ്ഞ് കുടിക്കുകയോ ചവച്ചരച്ചു തിന്നുകയോ എരിക്കിൻ വേര് ഞെരടി കടിയേറ്റ ഭാഗത്ത് ശക്തിയായി തിരുമ്മുകയോ ചെയ്യണം. രണ്ടും കൂടി ഒന്നിച്ചു പ്രയോഗിച്ചാൽ പാമ്പുവിഷം ബാധിക്കുന്നില്ലെന്നാണ് ഗ്രന്ഥക്കുറിപ്പുകളിൽ കാണുന്നത്.
അർക്കതൈലം, എരുക്കിൻകായ്, മഞ്ഞളിന്റെ ഇല (മഞ്ഞൾ പൊടി), കരിനൊച്ചിയില ഇവ സമമായരച്ചു നാലിരട്ടി ആട്ടിൻ പാലും ചേർത്ത് വിധിപ്രകാരം എണ്ണകാച്ചി തേക്കുന്നത് പുഴുക്കടി, വളംകടി, വെളുപ്പുരോഗം (ശ്വിത്രം), ചർമ്മകുഷ്ഠം തുടങ്ങിയ രോഗങ്ങൾക്കു നന്നാണ്. ഈ ഔഷധയോഗ ശാസ്ത്രകാരന്മാരഭിപ്രായപ്പെടുന്നുണ്ട്. പലതരത്തിൽ കുഷ്ഠത്തടിപ്പിന് എരിക്കിലയും തേങ്ങാപ്പീരയും കൂടി വറുത്തരച്ചു ലേപനം ചെയ്യുന്നതു നന്നാണ്.
എരിക്കിലയും തേങ്ങാപ്പീരയും കൂട്ടി വെന്തു വെളിച്ചെണ്ണ എടുത്ത് ഗന്ധകം പൊടിച്ചിട്ട് വെയിലത്തു ചൂടാക്കി ലേപനം ചെയ്യുന്നത് ത്വക്ക് രോഗങ്ങൾക്കും സർവാംഗമുണ്ടാകുന്ന ചൊറിക്കും ചിരങ്ങിനും അതിവിശേഷമാണ്.
എരിക്കിൻ കറ, പൊൻ മെഴുകു ചേർത്ത് ഉരുക്കി കാലുവരയുന്ന വിപാടിക എന്ന രോഗത്തിനും വളം കടിക്കും പുരട്ടുന്നതു നന്നാണ്. ദന്തരോഗങ്ങൾക്ക് എരിക്കിന്റെ കമ്പ് പല്ലുതേക്കുന്നതു നന്നാണ്.
എപ്പോഴും വെള്ളം ഒലിച്ചു കൊണ്ടിരിക്കുന്നതും ത്വക്കിൽ ബാധിക്കുന്നതുമായ വിചർച്ചിക എന്ന രോഗത്തിന് എരുക്ക് ഉണക്കി സമൂലം ചുട്ടു ഭസ്മമാക്കി കടുകെണ്ണയിൽ ചാലിച്ചു പുരട്ടുന്നതു വിശേഷമാണ്.
എരിക്കിൻവേര്, അമുക്കിരം, ശുദ്ധിയാക്കിയ ഗുൽഗുലു ഇവ അരച്ച് രണ്ടുഗ്രാം വീതം ഗുളികയാക്കി നിഴലിൽ ഉണക്കി ഓരോ ഗുളിക ദിവസം രണ്ടു പ്രാവശ്യം കഴിക്കുന്നത് എല്ലാവിധ സന്ധിവാതങ്ങൾക്കും വിശേഷമാണ്. മത്സ്യമാംസങ്ങളും മദ്യവും അത്യധ്വാനവും സ്ത്രീസേവയും പാടില്ല.
Share your comments