മിക്കവരും സ്ഥിരം പറയുന്ന ബുദ്ധിമുട്ടുകളിലൊന്നാണ് ഗ്യാസ്ട്രബിള്‍. പലരിലും ഇതിന്റെ ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ഭക്ഷണത്തിന് മുമ്പും മറ്റ് ചിലര്‍ക്ക് ഭക്ഷണശേഷവുമെല്ലാം ഗ്യാസ് അനുഭവപ്പെടാറുണ്ട്.
നെഞ്ചെരിച്ചില്‍, വയര്‍ വീര്‍ത്തതായി തോന്നുക, വയറുവേദന, തികട്ടി വരല്‍, പുകച്ചില്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ ഇതിന് എളുപ്പം പരിഹാരം തേടാം. അതിനുളള മാര്‍ഗങ്ങള്‍ നമ്മുടെ അടുക്കളകളില്‍ത്തന്നെയുണ്ട്.
ജീരകം
ജീരകത്തില്‍ അടങ്ങിയിട്ടുളള എസന്‍ഷ്യല്‍ ഓയിലുകള്‍ ഉമിനീര്‍ കൂടുതലായി ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി ദഹനം എളുപ്പമായിത്തീരും. അങ്ങനെ ഗ്യാസ് അമിതമാകാതെ സഹായിക്കും.
പുതിന
അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം തന്നെ ദഹനം വര്‍ധിപ്പിക്കാനും പുതിനയില സഹായിക്കും. പുതിനയില വെളളത്തിലിട്ട് തിളപ്പിച്ച ശേഷം കുടിയ്ക്കുന്നത് അതിനാല്‍ത്തന്നെ ഗുണകരമാണ്.
ഇഞ്ചി
ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ഇഞ്ചിയ്ക്ക് പോഷകങ്ങളെ ആഗിരണം ചെയ്യാനും ദഹനം വര്‍ധിപ്പിക്കാനുമുളള കഴിവുണ്ട്. അതിനാല്‍ ഒരു കഷണ ഇഞ്ചി ചവച്ചിറക്കുകയോ ഇഞ്ചി വെളളത്തിലിട്ട് തിളപ്പിച്ച വെളളം കുടിക്കുകയോ ചെയ്യുന്നത് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും.
അയമോദകം
അയമോദകത്തില്‍ അടങ്ങിയിട്ടുളള തൈമോള്‍ ദഹനത്തെ സഹായിക്കും. അയമോദകമിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും.
കായം
ഇളം ചൂടുവെളളത്തില്‍ കായം ചേര്‍ത്ത് കഴിയ്ക്കുന്നത് ഗ്യാസ് ഇല്ലാതാക്കാന്‍ നല്ലതാണ്.
തുളസിയില
തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗ്യാസ് ഇല്ലാതാക്കും.
വെളുത്തുളളി
ഗ്യാസ്ട്രബിള്‍ അകറ്റാന്‍ ഏറ്റവും ഉത്തമമാണ് വെളുത്തുളളി. വെളുത്തുളളി പാലില്‍ ചതച്ചിട്ടോ രണ്ട് അല്ലി വെളുത്തുളളി ചുട്ട് ചതച്ചോ കഴിയ്ക്കുന്നത് നല്ലതാണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ആഹാരത്തിന് മുന്‍പ് വെളളം കുടിക്കുന്നത് ശീലമാക്കാം. മദ്യപാനശീലം ഉളളവരാണെങ്കില്‍ അത് പാടേ ഉപേക്ഷിക്കാവുന്നതാണ്. ആഹാരം കഴിഞ്ഞ ശേഷം നടത്തം പതിവാക്കാം. പരിപ്പ് വര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, മസാല കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഗ്യാസ്ട്രബിളിന് ഇടയാക്കും. ഇത്തരം വസ്തുക്കളും ഒഴിവാക്കാം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/nut-meg-for-digestion-and-digestive-issues/
Share your comments