കൊറോണയും ലോക്ഡൗണുമെല്ലാം കടന്നുവന്നതോടെ കഴിഞ്ഞ കുറച്ചുനാളുകളായി നമ്മുടെ ദിനചര്യകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രാത്രി വൈകിയുളള ഭക്ഷണവും തുടര്‍ന്നുളള ഉറക്കവുമെല്ലാം ഇവയില്‍ ചിലതുമാത്രം.
മികച്ച ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. മാനസികവും ശാരീരികവുമായ ആരോഗ്യവും ഉണര്‍വ്വും പ്രദാനം ചെയ്യുന്നതാണ് ചില ഭക്ഷണങ്ങള്‍. അതേസമയം ചിലത് നിങ്ങളുടെ ഉറക്കം പോലും നഷ്ടപ്പെടുത്തിയേക്കാം. അത്തരത്തില്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കഫേന്‍ അടങ്ങിയ ഭക്ഷണം
വളരെ പെട്ടെന്ന് ഉന്മേഷവും ഊര്‍ജവും നല്‍കുന്ന ഭക്ഷണത്തെയോ പാനീയത്തെയോ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് കാപ്പിയും ചോക്ലേറ്റുമൊക്കെയായിരിക്കും. എന്നാല്‍ കാപ്പിയില്‍ അടങ്ങിയിട്ടുളള കഫേന്‍ ഉറക്കം നഷ്ടപ്പെടുത്തും. അതുപോലെ ഡാര്‍ക്ക് ചോക്ലേറ്റിലും കഫേന്‍ അടങ്ങിയിട്ടുണ്ട്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഇവയൊക്കെ കഴിക്കുകയാണെങ്കില്‍ ഉറക്കം നഷ്ടപ്പെടും. കഫേന്‍ ഒരു എനര്‍ജി ബൂസ്റ്ററാണ്. അത് നമ്മുടെ ശരീരത്തിന് ഉന്മേഷം പകരുന്നതോടെ ഉറക്കം ഇല്ലാതാകും.
അമിതാഹാരം വേണ്ട
ഏതു ഭക്ഷണമായാലും രാത്രിയില്‍ കുറഞ്ഞ അളവില്‍ മാത്രം കഴിയ്ക്കുക. കാരണം അമിതാഹാരം ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതോടെ ഉറക്കം നഷ്ടപ്പെടും.
കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കൂ
കൂടുതല്‍ സ്‌പൈസിയായിട്ടുളളതും കൊഴുപ്പേറിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതും ഉറക്കത്തെ ഒരു പരിധി വരെ ബാധിക്കും. എരിവേറിയതും മസാലകള്‍ കൂടുതലുളളതുമായ ഭക്ഷണം കഴിക്കുന്നത് വയറെരിച്ചിലിനും ഗ്യാസുണ്ടാക്കുന്നതിനും ഇടയാക്കും. അതോടെ ഉറക്കം ഇല്ലാതാകും. അതുപോലെ തന്നെ പ്രോട്ടീന്‍ ധാരാളമായുളള ആഹാരപദാര്‍ത്ഥങ്ങളും ഒഴിവാക്കാം. ഇത്തരത്തിലുളള ഭക്ഷണം കഴിച്ചാല്‍ ദഹനത്തിന് കൂടുതല്‍ സമയം ആവശ്യമായി വരും.
ഫാസ്റ്റ് ഫുഡ് നിര്‍ത്താം
രാത്രിയില്‍ ടിവി കാണുമ്പോഴും മറ്റുമെല്ലാം വെറുതെ എന്തെങ്കിലും സ്‌നാക്‌സ് കഴിക്കുന്നവരാണെങ്കില്‍ അത് ഉപേക്ഷിക്കാം. പായ്ക്കറ്റുകളില്‍ വരുന്ന സ്‌നാക്‌സ്, മധുരപലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കും.
മദ്യപാനവും ഉറക്കവും
ഉറങ്ങുന്നതിന് തൊട്ടുമുമ്പുളള മദ്യപാനവും നല്ല ഉറക്കെ ബാധിക്കുന്ന ഒരു കാര്യമാണ്. മദ്യലഹരിയിലുളള മയക്കം ഉണ്ടാകുമെന്നല്ലാതെ ഉറക്കം സുഖകരമാകില്ല.
Share your comments