കേശ സംരക്ഷണത്തിന് പ്രധാന വില്ലനാണ് താരൻ. കറ്റാർവാഴയും ഉള്ളിയുമെല്ലാം താരനകറ്റാനായി പലരും പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. എന്നാൽ ഇവയേക്കാൾ അതിവേഗം ഫലം തരുന്നതാണ് ഇഞ്ചി. താരനെ പൂർണമായും അകറ്റാൻ ഇഞ്ചി ഫലപ്രദമായ ഒരു പ്രകൃതിദത്ത മരുന്നാണെന്ന് പറയാം.
അതായത്, ചർമത്തിലെയും ശിരോചർമ്മത്തിലെയും അണുബാധകൾക്കെതിരെ പ്രവർത്തിക്കാൻ ഇഞ്ചിയിലെ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ സഹായിക്കും. തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ അകറ്റാനും ഇഞ്ചിയിലെ പോഷകഘടകങ്ങൾക്ക് സാധിക്കും.
ഇഞ്ചി ഏതൊക്കെ വിധത്തിൽ താരനെതിരെ പ്രയോഗിക്കാമെന്ന് മനസിലാക്കാം.
1. ഇഞ്ചി നീര്
ഇഞ്ചിയുടെ നീര് അല്ലെങ്കിൽ സത്ത് തലയിൽ തേക്കുന്നത് നല്ലതാണ്. ഇഞ്ചിയിൽ ആന്റിഫംഗൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഠിനമായ താരൻ അകറ്റാൻ സഹായിക്കുന്നു. കൂടാതെ, പിഎച്ച് നില മെച്ചപ്പെടുത്തുന്നതിനും, ശിരോചർമത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഇതിനായി ഒരു നനഞ്ഞ കോട്ടൺ തുണിയിലോ പഞ്ഞിയിലോ ഇഞ്ചി നീര് പുരട്ടുക. ഇഞ്ചി നീരിനൊപ്പം നാരങ്ങ നീര് ചേർക്കുന്നതും ആൻറി ഫംഗൽ ഗുണങ്ങൾ കൂടുതലുള്ള ഒരു പ്രകൃതിദത്ത മരുന്നാക്കി എടുക്കാൻ സഹായിക്കും.
2. ഇഞ്ചി നീര് എണ്ണ
ഇഞ്ചി ചേർത്ത എണ്ണ താരനുള്ള ശാശ്വത പരിഹാരമാണ്. വെളിച്ചെണ്ണയിൽ ഇഞ്ചി നീര് കലർത്തി തലയോട്ടിയിലും മുടിയിഴകളിലും മസാജ് ചെയ്ത് പുരട്ടുക. സ്ഥിരമായി ഇത് ഉപയോഗിച്ചാൽ താരനിൽ നിന്ന് മുക്തി നേടാമെന്നതിന് പുറമെ തിളക്കമുള്ള മുടിയും സ്വന്തമാക്കാം.
3. ഇഞ്ചി അംശമുള്ള ഷാംപൂ
ഇഞ്ചിനീരും വെളിച്ചണ്ണയും മുടിയിൽ നേരിട്ട് പുരട്ടുവാൻ താൽപര്യമില്ലാത്തവരാണെങ്കിൽ, ഇഞ്ചി കലർത്തിയ ഷാംപൂവോ ക്ലെൻസറോ ഉപയോഗിക്കുന്നത് ഗുണകരമാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് കൈയിൽ ഒരു അടപ്പ് ഷാംപൂവെടുത്ത് അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി നീര് ചേർക്കുക. ഇവ സംയോജിപ്പിച്ച് മുടിയിൽ തേച്ച് ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. താരനും തലയിലെ മറ്റ് പൊടിപടലങ്ങളും നീക്കം ചെയ്യാൻ ഇഞ്ചി നീര് കലർത്തിയ ഈ മിശ്രിതത്തിന് കഴിയും.
4. ഇഞ്ചി ഹെയർ മാസ്ക്
മലിനീകരണത്തിലൂടെയും മറ്റും മുടികൾക്ക് കേടുപാട് വന്നിട്ടുണ്ടെങ്കിൽ ഇഞ്ചി ഹെയർ മാസ്ക് ഉപയോഗിക്കുന്നത് ഫലം ചെയ്യും. ഇങ്ങനെ ഹെയർമാസ്ക് ഉപയോഗിക്കുന്നത് മുടിയ്ക്ക് ഈർപ്പം നിലനിർത്താൻ സഹായിക്കും. മുടിയ്ക്ക് ഉള്ളിൽ നിന്ന് പോഷണം നൽകുന്നതിനും കേശവളർച്ച ത്വരിതപ്പെടുത്തുന്നതിനും ഇത് പ്രയോജനകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അരിപ്പൊടി കൊണ്ട് 3 സിമ്പിൾ വിദ്യകൾ; താരൻ പോകും, തലമുടി തഴച്ചുവളരും
കൂടാതെ, ആപ്പിൾ സിഡെർ വിനാഗിരിയ്ക്കും കഞ്ഞി വെള്ളത്തിനുമൊപ്പം ഇഞ്ചി നീര് കലർത്തി തലയിൽ തേച്ചുപിടിപ്പിച്ച്, തലമുടി കഴുകുന്നതും ഫലപ്രദമാണ്. കേശത്തിന് ആരോഗ്യവും തിളക്കവും നൽകാനും ഇത് ഉത്തമ പ്രതിവിധിയാണ്.
Share your comments