നമ്മുടെ ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ചില ആയുർവേദക്കൂട്ടുകളാണ് താഴെ നൽകുന്നത്. ഇതിൽ വിവിധ തരത്തിലുള്ള രസായനങ്ങളും, കഷായ വിധികളും ഉൾപ്പെടുന്നു.
തിപ്പലി രസായനം
ആയുർവേദ പ്രകാരം വളരെ ശ്രേഷ്ഠമായ ഒരു രസായനം ആണ് ഇത്. എട്ടോ പത്തോ തിപ്പലി ഉപയോഗപ്പെടുത്തിയാണ് ഇത് ഉണ്ടാക്കുന്നത്. ഇതിൻറെ ഉപയോഗം ശരീര സൗഖ്യം വർദ്ധിപ്പിക്കുന്നു. മുരിക്കിൻ തൊലി ചുട്ട ചാരവെള്ളത്തിൽ രാത്രി സമയം ഇത് ഇട്ടുവച്ചു പകൽസമയം ഉണക്കി നെയ്യിൽ വറുത്തെടുത്ത് തിപ്പലി മൂന്നെണ്ണം വീതം തേൻ ചേർത്ത് രാവിലെ ഭക്ഷണത്തിന് മുൻപും, ഉച്ചയ്ക്ക് ഊണ് കഴിഞ്ഞും സേവിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. ചുമ, കഫക്കെട്ട്, ഒച്ചയടപ്പ്, പനി, ഗ്രഹണി ചതവ് തുടങ്ങിയവ ഭേദമാകാൻ ഇത് അത്യുത്തമമാണ്. യൗവനം നിലനിർത്തുവാനും ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും തിപ്പലി പാൽ കഷായമാക്കി കഴിക്കാം. ഇന്തുപ്പും നെയും തുല്യമായി ചേർത്ത് കഴിച്ചാൽ കൂടുതൽ നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: തിപ്പലി കൃഷി ചെയ്യാം
ദശപുഷ്പ കഷായം
ഇതു വ്രണങ്ങൾ കരിയുന്നതിന് ഫലപ്രദമാണ്. ദശപുഷ്പങ്ങൾ സമൂലം പച്ചില, കരുനെച്ചി, പർപ്പടകപുല്ല് ഞൊട്ടാഞൊടിയൻ, ചങ്ങലംപരണ്ട തറുതാവൽ, വേപ്പില, പിച്ചകത്തില ചെറുകടലാടി,മുരിങ്ങയില എന്നിവ ഇടിച്ചുപിഴിഞ്ഞ നീരിൽ നാൽപാമര തൊലി നറുനീണ്ടിക്കിഴങ്ങ്, ത്രിഫലത്തോട്, ചന്ദനം ഇവ ചേർത്ത് കൽക്കം ആയി ചേർത്ത് എണ്ണ ചേർക്കുക. എണ്ണയുടെ മൂന്നിലൊന്ന് നെയ്യിൽ ചേർത്ത് കാച്ചി അരിച്ചെടുക്കുക. ഇത് വ്രണങ്ങൾ കരിയാൻ വളരെ ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ദശപുഷ്പങ്ങൾ, പ്രകൃതിയുടെ ഔഷധകൂട്ട് !!
നെല്ലിക്ക ഇഞ്ചി സിറപ്പ്
ചുമ, ജലദോഷം, കഫക്കെട്ട്, തുമ്മൽ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഒറ്റമൂലിയായാണ് ഈ സിറപ്പ്.നല്ല വലിപ്പവും നാര് കുറവുള്ളതുമായ നെല്ലിക്ക തിരഞ്ഞെടുത്തു കഴുകി വൃത്തിയാക്കി രണ്ടുശതമാനം ഉപ്പുലായനിയിൽ രണ്ടുദിവസം നെല്ലിക്ക ഈ വെള്ളത്തിൽ മുക്കി വയ്ക്കണം. രണ്ടുശതമാനം ഉപ്പു ലായനി എന്നുവച്ചാൽ ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം ഉപ്പ് ലയിപ്പിച്ചത് എന്നർത്ഥം. രണ്ടുദിവസം കഴിഞ്ഞ് വെള്ളം വാർന്നു പോകാൻ വയ്ക്കണം. അതിനുശേഷം നന്നായി കഴുകിയെടുക്കുക. തിളയ്ക്കുന്ന വെള്ളത്തിൽ ഈ നെല്ലിക്കയിട്ട് അല്ലികൾ അടർന്നു വരുന്നത് വരെ വേവിക്കുക. അല്ലികൾ വേർപെടുത്തി അര ലിറ്റർ വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക.. വൃത്തിയുള്ള ഒരു തുണി ഉപയോഗപ്പെടുത്തി ഇതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇങ്ങനെ പിഴിഞ്ഞെടുക്കുന്ന നീര് അര ലിറ്റർ എങ്കിലും കാണും. 100 ഗ്രാം ഇഞ്ചി വൃത്തിയാക്കി നുറുക്കിയെടുക്കുക. അതിനുശേഷം ഇത് ചതച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് മട്ട് ഊറാൻ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം തെളിനീര് മാത്രം എടുക്കുക. അര ലിറ്റർ വെള്ളം തിളപ്പിച്ച് പഞ്ചസാരയും രണ്ട് ടീസ്പൂൺ സിട്രിക് ആസിഡും ലയിപ്പിക്കുക. ഇതിലേക്ക് നെല്ലിക്കയുടെ നീരും ഇഞ്ചി നീരും ചേർത്ത് തിളപ്പിക്കുക. വാങ്ങിവെക്കുക. നന്നായി തണുത്ത ശേഷം 300 മില്ലി നാരങ്ങാനീരും കൂടി ചേർക്കണം. മഞ്ഞൾ ചേർത്ത് മഞ്ഞനിറം ആക്കാം. ദീർഘകാലം സൂക്ഷിച്ചു വെക്കണമെങ്കിൽ ഒരു ഗ്രാം പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ചേർത്ത് അണുനശീകരണം നടത്തിയ കുപ്പികളിൽ സൂക്ഷിച്ചു വയ്ക്കുക.
വാഴപ്പോള കഷായം
ജലദോഷം അകറ്റുവാൻ വാഴപ്പോള കഷായം മികച്ചതാണ്.
തയ്യാറാക്കാൻ ആവശ്യമുള്ളത്
- വാഴപ്പോള ചെറുതായി അരിഞ്ഞത് -രണ്ടു പിടി
- കറുകപ്പുല്ല്, കുപ്പച്ചീര, തൊട്ടാവാടി ഓരോന്നും -5 ചെടി വീതം
- മല്ലി - മൂന്ന് ടീസ്പൂൺ
- തുളസി - അഞ്ചു തണ്ട്
- ഇഞ്ചി - ഒരു കഷണം
- കുരുമുളക്, ജീരകം, പെരുംജീരകം, അയമോദകം -:രണ്ട് ടീസ്പൂൺ വീതം വയമ്പ് - ഒരു സ്പൂൺ വീതം
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം കൂടി ചതച്ച് അഞ്ചു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് മൂന്നു ഗ്ലാസാക്കി രണ്ടു സ്പൂൺ വീതം കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ
Share your comments