രസായനങ്ങളില്‍ ശ്രേഷ്ഠമാണ് നെല്ലിക്ക. ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും രോഗപ്രതിരോധത്തിന്റെയും കാതല്‍. നെല്ലിക്ക ഉപയോഗിച്ച് വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഔഷധക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്നു.
. നെല്ലിക്ക ജീരക ഓയില്‍
1. നെല്ലിക്ക - 5 എണ്ണം
2. ജീരകം - ഒരു ടീസ്പൂണ്‍
3. ബ്രഹ്മി - 10 തണ്ട്
4. ചെറിയ ഉളളി - 2 എണ്ണം
5. വെളിച്ചെണ്ണ - 250 ഗ്രാം / മില്ലീ ലിറ്റര്‍
നെല്ലിക്ക, ജീരകം, ബ്രഹ്മി, ചെറിയ ഉളളി എന്നീ ചേരുവകള്‍ മിക്‌സിയില്‍ അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ഇരുമ്പ് ചീനച്ചട്ടിയില്‍ ചൂടാക്കി പത വറ്റുമ്പോള്‍ അരിച്ച് സൂക്ഷിക്കുക. ഇത് മുടി വളരാന്‍ സഹായിക്കും.
. നെല്ലിക്ക പല്‍പ്പൊടി
കുറച്ച് നെല്ലിക്ക ഉണക്കി ഇരുമ്പ് പാത്രത്തിലോ ഇട്ട് ചെറുതീയില്‍ കരിച്ചെടുക്കുക. ഇതും ഉപ്പും കൂടി മിക്‌സിയില്‍ പൊടിച്ചെടുക്കണം.
. നെല്ലിക്ക ഹെയര്‍ഡൈ
1. ഉണക്കനെല്ലിക്കാപ്പൊടി - 2 സ്പൂണ്‍
2. മൈലാഞ്ചിപ്പൊടി - 4 സ്പൂണ്‍
3. കാപ്പിപ്പൊടി - ഒരു സ്പൂണ്‍
4. തേയില - ഒരു സ്പൂണ്‍
5. മുട്ടയുടെ വെളളക്കരു - 1
6. നാരങ്ങനീര് - ഒരു സ്പൂണ്‍
കാപ്പിപ്പൊടിയും തേയിലയും കാല്‍ ഗ്ലാസ്‌വെളളത്തില്‍ തിളപ്പിച്ച് ആറ്റിയെടുത്ത ശേഷം മറ്റു ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഒരു ഇരുമ്പ് പാത്രത്തില്‍ യോജിപ്പിച്ച് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ ഒരു ബ്രഷ് ഉപയോഗിച്ച് മുടിയില്‍ തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും മുഖത്തും ചെവിയിലും പുരളാതെ ശ്രദ്ധിക്കുക.
. നെല്ലിക്ക കേശകാന്തി
1. ഉണക്കനെല്ലിക്ക - 4 എണ്ണം
2. മൈലാഞ്ചിയില ചതച്ച് വെയിലില്‍ ഉണക്കിപ്പൊടിച്ചത് - 1/4 കപ്പ്
3. നാരങ്ങനീര് - 2 സ്പൂണ്‍
4. പുളിച്ച തൈര് - 1 സ്പൂണ്‍
5. തേയില കടുപ്പത്തില്‍ തിളപ്പിച്ചത് - ഒരു സ്പൂണ്‍
6. കോഴിമുട്ടയുടെ വെളളക്കരു - 1
ഉണക്ക നെല്ലിക്ക വളരെ കുറച്ച് വെളളത്തില്‍ ഇരുമ്പ് ചീനച്ചട്ടിയില്‍ വേവിക്കുക. അതിന്റെ വെളളത്തില്‍ മറ്റു ചേരുവകളെല്ലാം ഒരു പാത്രത്തില്‍ കൂട്ടി യോജിപ്പിച്ച ശേഷം ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ തലയോട്ടിയില്‍ പിടിപ്പിക്കത്തക്കവിധം നന്നായി തേച്ച് പിടിപ്പിക്കുക. അതിനു ശേഷം 15 മിനിട്ട് തലയില്‍ മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം താളി ഉപയോഗിച്ച് മുടി കഴുകുക. മുടി വളരുന്നതിനും താരന്‍ മാറുന്നതിനും ഫലപ്രദം.
നെല്ലിക്ക ഷാംപൂ
1. പച്ചനെല്ലിക്ക - 2 എണ്ണം
2. ചെമ്പരത്തിയില - ഒരു പിടി
3. മൈലാഞ്ചിയില - ഒരു പിടി
4. കറിവേപ്പില - ഒരു പിടി
5. ഉലുവ - 2 സ്പൂണ്‍
6. തൈര് - 2 സ്പൂണ്‍
ഇവയെല്ലാം കൂട്ടി യോജിപ്പിച്ച് നന്നായി അരച്ച് കുഴമ്പ് പരുവത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക.
മുടി വളരാനും, മുടിക്ക് തിളക്കവും ഭംഗിയും കിട്ടുവാനും ഇത് ഉപയോഗിക്കുന്നു.
നെല്ലിക്ക വെളിച്ചെണ്ണ
നാലു സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു നെല്ലിക്ക ചതച്ചിട്ട് ചൂടാക്കി വറ്റുമ്പോള്‍ കറിവേപ്പില ഒരു തണ്ട് ഇട്ട് വെളളം വറ്റിയാല്‍ ഇറക്കി വയ്ക്കുക. തണുത്തതിനുശേഷം അരിച്ച് കുപ്പിയിലാക്കുക.
നെല്ലിക്ക മുഖലേപനം
നെല്ലിക്ക നീരും ആവശ്യത്തിന് അനുസരിച്ച് കടലമാവും ചേര്‍ത്തു നന്നായി കുഴച്ച് മുഖത്തിട്ട് ഉണങ്ങുന്നതിനുമുമ്പ് കഴുകി കളയുക.
നെല്ലിക്ക ആസവം
ഒരു കിലോ നാടന്‍ നെല്ലിക്ക നല്ലവണ്ണം കഴുകി വെളളം ഉണങ്ങിയതിനുശേഷം ഒരു കുപ്പിഭരണിയില്‍ ഇടുക. തിളപ്പിച്ചു തണുപ്പിച്ച വെളളം നെല്ലിക്ക മുങ്ങുന്നതുവെര ഒഴിക്കുക. അതിനുശേഷം 750 ഗ്രാം ശര്‍ക്കര അതില്‍ ഇടുക. ശര്‍ക്കര അലിഞ്ഞതിനുശേഷം ഇളക്കി കുപ്പി ഭദ്രമായി അടച്ച് 50 ദിവസത്തിനുശേഷം തുറന്നു വെളളം അരിച്ചെടുക്കുക. ഇത് ഒരു കുപ്പിയില്‍ ഒഴിച്ച് ആവശ്യത്തിന് ഉപയോഗിക്കാം.രക്തക്കുറവ്, ക്ഷീണം, തളര്‍ച്ച എന്നിവ ഇല്ലാതാക്കുവാന്‍ ഇത് നല്ലതാണ്.
Share your comments