ഒരു ദിവസം പല തവണയായി ദാഹം തോന്നുമ്പോൾ നമ്മളെല്ലാം വെള്ളം കുടിക്കാറുണ്ട്. പക്ഷെ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടൻ വെള്ളം കുടിക്കുന്നത് പല ആരോഗ്യഗുണങ്ങളും ലഭിക്കാൻ സഹായിക്കുന്നു. തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം അതും ബ്രഷ് ചെയ്യുന്നതിന് മുമ്പ് വേണം കുടിക്കാൻ. രാവിലെ എഴുന്നേറ്റ വഴിയേ ദിവസേന വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- മലബന്ധം പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. മലവിസർജ്ജന പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അതിരാവിലെ വെറും വയറ്റിലുള്ള വെള്ളംകുടി ശീലം ഗുണം ചെയ്യും. ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസർജ്ജനം കൂടുതൽ സുഗമമാക്കുകയും ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
- രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തും. ഇതുവഴി നിങ്ങളുടെ ഭക്ഷണം വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു, ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
- രാവിലെയുള്ള വെള്ളം കുടി ശീലം വിസർജ്ജന പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ കലോറി കത്തിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്ന. ഇതുവഴി സ്വാഭാവികമായ രീതിയിൽ തന്നെ നിങ്ങളുടെ വിശപ്പ് വർദ്ധിക്കും. ശരീരത്തിന് ആവശ്യമായ അളവിൽ വിശപ്പ് ഉണ്ടാകുന്നത് മികച്ച ആരോഗ്യത്തിൻ്റെ ലക്ഷണമാണ്.
- നമ്മുടെ ശരീരത്തിെന് നിത്യേന ആവശ്യമായ ദ്രാവക ബാലൻസ് നിലനിർത്താനായി കുടിവെള്ളം അത്യാവശ്യമാണ്. ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുമ്പോൾ, ഇത് നിങ്ങളുടെ ശരീരത്തിലെ ലിംഫറ്റിക് സിസ്റ്റത്തെ സന്തുലനാവസ്ഥയിലാക്കി മാറ്റും. ഇത് സ്വാഭാവികമായും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. വിവിധതരം അണുബാധകൾക്കെതിരെ പോരാടുന്നതിനായി ശരീരത്തിന് മെച്ചപ്പെട്ട പ്രതിരോധകശേഷി ആശ്യമാണ്. അതോടൊപ്പം നിങ്ങൾ കൂടുതൽ ആരോഗ്യവാനും ഉന്മേഷമുള്ളവരും ആയിരിക്കും.
- യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അഥവാ മൂത്രാശയ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് രാവിലെ ആദ്യം തന്നെ വെള്ളം കുടിക്കുന്ന ശീലം ഇത് സംബന്ധിച്ച പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വലിയ രീതിയിൽ ഗുണം ചെയ്യും.
- രാവിലെ ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും. അങ്ങനെ നിങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലത കൈവരിക്കാനാകും.
- ചർമ്മത്തിന് തിളക്കം നൽകുന്നു. എല്ലാ ദിവസവും വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചർമ്മത്തിന് തിളക്കം നിലനിർത്താൻ സാധിക്കുകയും ചെയ്യും.
Share your comments