പുതിന വളരെ സുലഭമായി നാം ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ്. ദഹപ്രശ്നമുള്ളവർ പലപ്പോഴും ഇവയെ പല രീതിയിൽ ഭക്ഷണത്തിൻ്റെ ഭാഗമാക്കാറുണ്ട്. ചായയും ലഹരിപാനീയങ്ങളും മുതൽ സോസുകൾ, സലാഡുകൾ, മധുരപലഹാരങ്ങൾ എന്നിവ വരെയുള്ള നിരവധി ഭക്ഷണപാനീയങ്ങളിലെ ഒരു ജനപ്രിയ ഘടകമാണ് പുതിന. ഉന്മേഷദായകമായ പുതിന കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വേനൽ കാലങ്ങളിൽ പുതിന ചേർത്ത പാനീയങ്ങൾ ധരാളമായി കടകളിൽ വിറ്റുപോകാറുണ്ട്. ഇവ കഴിക്കുമ്പോൾ ശരീരത്തിന് സ്വാഭാവികമായി തണുപ്പ് അനുഭവപ്പെടുന്നു. വീടുകളിൽ പോലും വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഇവ കൃത്യമായ പരിചരണം നൽകുന്നതിലൂടെ ഗ്രോ ബാഗുകളിലും വളർത്തിയെടുക്കാം. കറികളിൽ രുചി വർദ്ധിപ്പിക്കാനും, അസിഡിറ്റി, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നീ അവസ്ഥയ്ക്ക് ശമനമുണ്ടാക്കാനും പുതിന ഉപയോഗിക്കാറുണ്ട്. പൊതുവെ, ഉദരസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് പുതിനയെ ആളുകൾ ഉപയോഗിക്കുന്നത്.
കൃഷിരീതി
ഗ്രോ ബാഗുകളിൽ വളരെയെളുപ്പത്തിൽ പുതിന വളർത്തിയെടുക്കാം. ജൈവ വളങ്ങൾ ഉപയോഗിച്ചുകൊണ്ട് ലാഭകരമായി പുതിന കൃഷി ചെയ്യാവുന്നതാണ്. വീട്ടിലേക്കാവശ്യമുള്ള പുതീന ഗ്രോ ബാഗുകൾ വഴി നമ്മുക്ക് ഉണ്ടാക്കിയെടുക്കാം. ഗ്രോ ബാഗുകളില്‍ മേൽ മണ്ണും ഉണങ്ങി പൊടിഞ്ഞ ചാണകവും, ചകിരി ചോറും നിറയ്ക്കുക. ഭാഗികമായി തണലും, മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്. ആരോഗ്യമുള്ള പുതിന തണ്ടുകളാണ് കൃഷിക്കായി എടുക്കേണ്ടത്. പുതിനയുടെ തണ്ടുകള്‍ നട്ട ശേഷം , മിതമായി നനച്ചു കൊടുക്കുക. പിന്നീടിവ തണലത്തു തന്നെ സൂക്ഷിക്കുക, കുറച്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും. ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം ഗ്രോ ബാഗിലേക്ക് ഇവ മാറ്റി നടാവുന്നതാണ്. ഇവ വളർന്നു തുടങ്ങിയാൽ ഭാഗികമായി സൂര്യ പ്രകാശം കിട്ടുന്ന ഇടങ്ങളിലേക്ക് ഗ്രോ ബാഗ് മാറ്റി വെക്കാവുന്നതാണ്. വെള്ളം കെട്ടികിടക്കാത്ത വളക്കൂറുള്ള മണ്ണാണ് പുതീന കൃഷിക്ക് അനുയോജ്യം.
പൊതീന നാരങ്ങ ഡ്രിങ്ക്
പൊതീന - 10 എണ്ണം വരെ
ചെറു നാരങ്ങ - 1
ഇഞ്ചി - 1 സ്പൂൺ ചതച്ചത്
പഞ്ചസാര - ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള് (ഓപ്ഷണൽ)
വെള്ളം - 500 മി.ല്ലി
ഉണ്ടാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരുമിച്ച് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം നന്നായി അരഞ്ഞ ഈ മിശ്രിതം അരിപ്പ ഉപയോഗിച്ച് നന്നായി ഒരു ഗ്ലാസ്സിലേക്ക് അരിച്ചുമാറ്റുക. ഐസ് ക്യൂബുകൾ ചേർത്ത ശേഷം പൊതീന ഇലകളും നാരങ്ങയും ചേർത്ത് അലങ്കരിച്ചു വിളമ്പാവുന്നതാണ്.
പുതീന ചായ
പുതീന - 5 എണ്ണം വരെ
ചായപ്പൊടി - ഒരു ടീസ്പൂൺ
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു കപ്പ് വെള്ളം അടുപ്പിൽ വെച്ച ശേഷം വൃത്തിയായി കഴുകിയ പുതീന ഇലകൾ വെള്ളത്തിലേക്ക് ചേർത്തുകൊടുക്കുക. വെള്ളത്തിൻ്റെ നിറം പച്ചയാകുന്നതുവരെ തിളപ്പിച്ച ശേഷം ഇതിലേക്ക് ഒരു സ്പൂൺ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് ഗ്ലാസിൽ പകരാം.
Share your comments