ഹൃദയസ്തഭനം ഇന്ന് ഏറെ കൂടുതൽ ആണ്, പ്രത്യേകിച്ചും യുവാക്കളിൽ. 40 വയസ്സിനു താഴെ ഉള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടുതലായിട്ടാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. പഴയ തലമുറയുമായി താരതമ്യപ്പെടുത്തിയാൽ യുവാക്കളിലെ ഹൃദയം ആരോഗ്യത്തിൽ ഏറെ പിന്നിലാണ്. എന്നാൽ ഇതിനു പിന്നിലെ കാരണം ജീവിതശൈലികൾ അടക്കം ഒട്ടേറെ കാര്യങ്ങളാണെന്നാണ് വിലയിരുത്തൽ.
പലപ്പോഴും പ്രമേഹമടക്കമുള്ള പല രോഗങ്ങളും ഹൃദയത്തിന്റെ പ്രവർത്തനത്തിന് കോട്ടം വരുത്താറുണ്ട്. തെറ്റായ ഭക്ഷണശീലം, കൃത്യമായ വ്യായാമക്കുറവ് എന്നിങ്ങനെ പല കാര്യങ്ങളും ഇതിന്റെ ഒരു ഭാഗമാണ്. ഹൃദയാഘാതം സംഭവിക്കുന്നവരിൽ 20 ശതമാനം പേരും പ്രമേഹ രോഗികളാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ബോൺസ്റ്റണിലെ ഹാർവഡ് മെഡിക്കൽ സ്‌കൂളിലെ ഗവേഷകരാണ് ഈ പഠനം കണ്ടെത്തിയത്. എന്നാൽ പ്രമേഹം എന്ന രോഗം പലർക്കും കണ്ടെത്താൻ കഴിയാത്തത് കാരണം ഇതിന്റെ തോത് വർധിക്കുന്നു. പലരും ആശുപത്രിയിൽ അഡ്‌മിറ്റ് ആകുമ്പോൾ മാത്രമാണ് ഇത് കണ്ടെത്തുന്നത്. കൃത്യമായ രക്ത പരിശോധനയാണ് ഇതിനു പ്രതിവിധി.
രക്തത്തിൽ ഗ്ളൂക്കോസിന്റെ അളവ് കൂടിയതിനെ ആണ് പ്രമേഹം എന്ന വിളിക്കുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗമായ ഇതിനെ സാധാരണക്കാർ 'ഷുഗർ' എന്ന് വിളിക്കാറുണ്ട്. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രംഒഴിക്കൽ, ദാഹം, വിശപ്പ് എന്നിവ കണ്ടു തുടങ്ങും. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.
പിന്നെ ഹൃദയാഘാതത്തിനു കാരണമായി പറയുന്നത് അമിതമായുള്ള വണ്ണമാണ്. കൊളസ്‌ട്രോൾ, രക്ത സമ്മർദ്ദം, മാനസിക സമ്മർദ്ദം എന്നിവയും പുരുഷന്മാരിൽ പുകവലിയും കാരണമായി പറയുന്നു.
അമിതവണ്ണം ഉള്ളവരിൽ രക്തസമ്മർദ്ദം വളരെ ഉയർന്ന നിലയിൽ ആകാൻ സാധ്യത ഉണ്ട് എന്നതിനാൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും രക്തത്തിലെ പമ്പിങ്ങിനെ കോട്ടം വരുത്തുകയും ചെയ്യുന്നു.
സ്ത്രീകളിൽ മാനസിക സമ്മർദ്ദം ഒരു പ്രധാന കാരണമായി പറയുന്നു. വിഷാദരോഗം അടക്കമുള്ള മനസികാവസ്ഥകളിലൂടെ കടന്നു പോകുന്നവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പുരുഷന്മാരിലെ അമിത പുകവലിയും ഹൃദയാഘാതത്തിന് കാരണമാകുന്നു. പുകവലി ഹൃദയത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു കളയുന്നു.
കൃത്യമായ ജീവിത ശൈലി, ആരോഗമുള്ള കൃത്യ സമയത്തെ ഭക്ഷണം, വ്യായാമം, യോഗ എന്നിവയിലൂടെ ഹൃദയത്തിന്റെ പ്രവർത്തനത്തിനെയും, നമ്മുടെ ശരീരത്തിനെയും നമുക്ക് ആരോഗ്യത്തോടെ വയ്ക്കാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ
പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം ഇങ്ങനെ ആയിരിക്കണം
Share your comments