ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്ക് അറിയാമെങ്കിലും, പെട്ടെന്ന് ഭക്ഷണ ശീലങ്ങൾ മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്. ഹൃദയാരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കൂടുതൽ കഴിക്കേണ്ടതെന്നും ഏതൊക്കെ പരിമിതപ്പെടുത്തണമെന്നു അറിഞ്ഞുകഴിഞ്ഞാൽ, ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കുള്ള പാതയുടെ പാതി വഴി പിന്നിട്ടു എന്നാണ് അർഥം.
ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ താഴെകൊടുത്തിരിക്കുന്നു.
1. ബ്ലാക്ക് ബീൻസ്:
കറുത്ത പയർ കഴിക്കുന്നത് ഹൃദയത്തിന് നല്ല ധാതുക്കളും പോഷകങ്ങളും നൽകുന്നു. ഇതിലെ മഗ്നീഷ്യം, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇവയുടെ നാരുകൾ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു. പോഷക മൂല്യം വർദ്ധിപ്പിക്കുന്നതിന് സൂപ്പുകളിലും സലാഡുകളിലും ഈ കറുത്ത ബീൻസ് ചേർക്കാം.
2. ഫ്ളാക്സ്, ചിയ വിത്തുകൾ:
ആൽഫ-ലിനോലെനിക് ആസിഡ് ഉൾപ്പെടെയുള്ള സസ്യങ്ങളിൽ നിന്നുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളുടെ വളരെ നല്ല ഉറവിടമാണ് ഫ്ളാക്സ്, ചിയ വിത്തുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് ട്രൈഗ്ലിസറൈഡ്, എൽഡിഎൽ, മൊത്തം കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കുന്നതുൾപ്പെടെ വിവിധ പോസിറ്റീവ് ഇഫക്റ്റുകൾ ഉണ്ട്. ഇത് കൂടാതെ, അവർ രക്തസമ്മർദ്ദം കുറയ്ക്കുകയും, രക്ത ധമനികളിൽ ഫാറ്റി പ്ലാക്കുകളുടെ വികസനം കുറയ്ക്കുകയും ചെയ്യുന്നു. ഒമേഗ -3 ഹൃദയാഘാതം ഉണ്ടാക്കുന്ന ത്രോംബോസിസ്, ആർറിത്മിയ തുടങ്ങിയ അവസ്ഥകൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
3. സാൽമൺ:
ഒമേഗ 3 സമ്പുഷ്ടമായതിനാൽ ഹൃദയാരോഗ്യത്തിന് ഉത്തമമായ ഭക്ഷണമാണ് സാൽമൺ അഥവാ ചെമ്പല്ലി. ഒമേഗ -3 എന്ന് വിളിക്കപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയ താള പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അവ ശരീരത്തിൽ വീക്കം കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണ സാൽമൺ അല്ലെങ്കിൽ മറ്റ് എണ്ണമയമുള്ള മത്സ്യം കഴിക്കുന്നത് നല്ലതാണ്.
4. വാൽനട്ട്:
ദിവസേന കുറച്ച് വാൽനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്ലാന്റ് സ്റ്റിറോളുകൾ, നാരുകൾ എന്നിവയെല്ലാം വാൽനട്ടിൽ ധാരാളമടങ്ങിയിട്ടുണ്ട്.
5. ഓട്സ്:
കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും, മണിക്കൂറുകളോളം വയർ നിറഞ്ഞതായി നിലനിർത്തുകയും ചെയ്യുന്നതിനാൽ പ്രമേഹരോഗികൾക്കും ഓട്സ് കഴിക്കുന്നത് ഗുണകരമാണ്. ഓട്‌സിലെ നാരുകൾക്ക് എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുന്നു.
6. പച്ച ഇലക്കറികൾ:
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഉയർന്ന സാന്നിധ്യമുള്ള ഇലക്കറികളാണ് ചീര, കാലെ, കോളാർഡ് പച്ചിലകൾ എന്നിവ. പ്രത്യേകിച്ച് വിറ്റാമിൻ കെ യുടെ മികച്ച ഉറവിടമാണ് ഇവ, ധമനികളെ സംരക്ഷിക്കാനും ആരോഗ്യകരമായ രക്തം കട്ടപിടിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കുന്നു. ഇത് കൂടാതെ, അവയിൽ ധാരാളം ഡയറ്ററി നൈട്രേറ്റുകൾ ഉൾപ്പെടുന്നു, അവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും, ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ ലൈനിംഗ് കോശങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
7. സരസഫലങ്ങൾ:
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങൾ ഹൃദയാരോഗ്യം നിലനിർത്താൻ വളരെ അത്യന്താപേക്ഷിതമാണ്. ഹൃദ്രോഗത്തിന്റെ തുടക്കത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും ആന്തോസയാനിൻ പോലുള്ള സരസഫലങ്ങളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾക്ക് തടയാൻ കഴിയും. ധാരാളം സരസഫലങ്ങൾ കഴിക്കുന്നതിലൂടെ നിരവധി ഹൃദ്രോഗസാധ്യത ഘടകങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുക മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തേങ്ങാപ്പാലിന് ഗുണങ്ങളേറെ, കൂടുതൽ അറിയാം...
Pic Courtesy: Pexels.com
Share your comments