വീട്ടുമുറ്റത്തും വളപ്പിലും കൃഷി ചെയ്യുന്നവ Herbs at home
1. കഞ്ഞിക്കൂർക്ക (പനിക്കൂർക്ക)
കുട്ടികൾക്ക് ജലദോഷത്തിന് വാട്ടിപ്പിഴിഞ്ഞ നീര് കുടിക്കാൻ കൊടുക്കുക. വലിയവർക്ക് കഞ്ഞിക്കൂർക്കയുടെ പത്ത് ഇല, നാല് ചുമന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിക്കുക. ചെറിയ കഷണം ഖണ്ഡിച്ച് നടുക. ചെടിച്ചട്ടിയിലും കവറിലും നിലത്തും നട്ടുപിടിപ്പിക്കാം.
2. ശിവമൂലി (അയ്യപ്പന് , മൃതസഞ്ജീവനി)
എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടു പിടിപ്പിക്കാം. മുറിവ്, ചതവ്, വിഷജന്തുക്കൾ കടിച്ചാൽ, വായ്പ്പുണ്ണ്, അൾസർ, മൂലക്കുരു എന്നിവയ്ക്ക് ഫലപ്രദമായ ഔഷധമാണ്. വായ്പ്പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായിൽ വെയ്ക്കുക. നീരിറക്കിയാലും കുഴപ്പമില്ല. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ചു കെട്ടുക.
3. തുളസി
ചുമ, കഫകെട്ട് എന്നിവയ്ക്ക് തുളസിയില നീര്, ചുവന്നുള്ളി നീര്, തേൻ ഇവ മൂന്നു സ്പൂൺ സമം ചേർത്ത് (1 സ്പൂൺ) ഒരു നേരം വീതം കുടിക്കുക. മുഖകുരുവിന് തുളസിയില നീര് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകികളയുക. പേൻ പോകാൻ ഉറങ്ങുമ്പോൾ തലയിണയിൽ തുളസിയില നിരത്തി കിടക്കുക. ചിലന്തി വിഷത്തിന് ഒരു സ്പൂൺ തുളസിയില നീരും ഒരു കഷണം പച്ച മഞ്ഞളും കൂടി അരച്ച് പുരട്ടുക. ശമന ഔഷധങ്ങൾ, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ തുളസി ഒരു ചേരുവയായി ഉപയോഗിക്കുന്നു.
4. മഞ്ഞൾ
തേൾ കുത്തിയാൽ മഞ്ഞളും തേങ്ങയും മൂന്നു നേരം അരച്ചിടുക. പൂച്ച കടിച്ചാൽ മഞ്ഞളും, വേപ്പിലയും മൂന്നുനേരം അരച്ചിടുക. (മഞ്ഞളും തകരയിലയും അരച്ചു പുരട്ടുക) കുഴിനഖത്തിന് വേപ്പെണ്ണയിൽ മഞ്ഞൾ പൊടി ചേർത്ത് പതിവായി സേവിക്കുക. സൗന്ദര്യം കൂടാൻ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പച്ചമഞ്ഞൾ അരച്ച് മുഖത്ത് പുരട്ടി രാവിലെ കഴുകികളയുക.
5. കറിവേപ്പ്
കറിവേപ്പില മോരിൽ അരച്ചു കലക്കി കുടിക്കുക. ഒരു ഗ്ലാസ്സ് മോരിൽ 10 ഇല അരച്ചു കലക്കി കുടിക്കുക. വയറ്റിലെ വേദനക്ക് കുരുന്നില ഒരു നെല്ലിക്ക വലിപ്പത്തിൽ ഉരുട്ടി ചവച്ച് തിന്നുക. കാൽ വിണ്ട് കീറുന്നതിന് കറിവേപ്പിലയും ഒരു കഷ്ണം മഞ്ഞളും കൂടി അരച്ച് പുരട്ടുക. അലർജി, വിഷം, മുതലായവയ്ക്ക് കറിവേപ്പില വളരെ നല്ല ഔഷധമാണ്.
Share your comments