ഹോം ഐസൊലേഷനിൽ കഴിയുന്നവർ അൽപം ശ്രദ്ധിച്ചാൽ രോഗ വ്യാപനം കുറയ്ക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കും. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കിൽ റൂം ഐസൊലേഷനാണ് നല്ലതെന്ന് കോവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ തെളിഞ്ഞതാണ്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. മറ്റ് പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് ഡോക്ടർ നിർദേശിക്കുന്ന അത്യാവശ്യ മരുന്നും പൂർണ വിശ്രമവും കൊണ്ട് രോഗം മാറുന്നതാണ്.
ഇവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഡിസ്ചാർജ് മാർഗ രേഖയും പുതുക്കിയിരുന്നു. ഇതിലൂടെ രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് വിദഗ്ധ ചികിത്സ നൽകാൻ സാധിക്കും. ഹോം ഐസൊലേഷൻ എങ്ങനെ? ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്.
അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കണം. ഹോം ഐസൊലേഷൻ എന്നത് റൂം ഐസൊലേഷനാണ്. അതിനാൽ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കേണം. ജനിതക വൈറസ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രണ്ട് മാസ്ക് ധരിക്കുന്നതും നല്ലതാണ്. രോഗീ പരിചണം നടത്തുന്നവർ എൻ 95 മാസ്ക് ധരിക്കേണ്ടതാണ്. സാധനങ്ങൾ കൈമാറരുത് ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവർ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്റൂം മുതലായവ ബളീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കാം. വെള്ളവും ആഹാരവും വളരെ പ്രധാനം വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. പറ്റുമെങ്കിൽ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാർഗിൾ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
Share your comments