കൊവിഡിൽ നമ്മുടെ ജീവിതചൈര്യയിലേക്ക് മാസ്ക് മാത്രമല്ല, കൈകൾ സുരക്ഷിതമാക്കി വയ്ക്കാൻ സാനിറ്റൈസറും ഒപ്പം കൂടിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോഴും വീടിന് പുറത്തായിരിക്കുമ്പോഴുമെല്ലാം സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതും നമ്മൾ ശീലമാക്കി കഴിഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: 2021ൽ നമ്മുടെ അടുക്കളയിൽ നിന്നും വിദേശത്ത് എത്തിയവർ...
വൈറസിനെ നശിപ്പിക്കാൻ തക്കവണ്ണം നിർമിച്ചിട്ടുള്ള ഈ സാനിറ്റൈസറുകൾ എന്നാൽ ശരീരത്തിലെ കോശങ്ങൾക്ക് അത്ര നല്ലതല്ല. എന്നാൽ കൊവിഡ് മഹാമാരിയെ അതിജീവിക്കാൻ നമുക്ക് സാനിറ്റൈസർ ഉപയോഗിച്ചേ തീരൂ എന്ന അവസ്ഥയാണുള്ളത്.
സാനിറ്റൈസർ നിരന്തരമായി ഉപയോഗിക്കുമ്പോൾ ചർമത്തിനെയും അത് സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ, കുട്ടികൾക്ക് സാനിറ്റൈസർ നൽകുമ്പോൾ അതീവ ശ്രദ്ധ നൽകണമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
സാനിറ്റൈസറുകൾ കണ്ണിൻ കേടാണെന്ന് ഗവേഷണങ്ങൾ പറയുന്നു. ഹാൻഡ് സാനിറ്റൈസർ പതിവായി ഉപയോഗിക്കുന്നത് കണ്ണിലെ കോശങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതിനാൽ തന്നെ, സാനിറ്റൈസർ തുറക്കുമ്പോഴും ഉപയോഗിക്കുമ്പോഴും കണ്ണുകൾ അടച്ചുവക്കണം എന്നാണ് പറയുന്നത്.
ഇതിന് പുറമെ, അടഞ്ഞ മുറികളിൽ സാനിറ്റൈസർ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. പകരം സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.
സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ നമ്മുടെ ചർമത്തിലെ എണ്ണകളെല്ലാം പുറന്തള്ളപ്പെടുന്നു. ഇത് ചർമം വരണ്ടതാകാൻ കാരണമാകുന്നു. സാനിറ്റൈസർ കൂടുതലായും ഉപയോഗിക്കുമ്പോൾ നമ്മുടെ കൈയിലെ തൊലി ഉണങ്ങി അടർന്നുപോകുന്നതിനും സാധ്യതയുണ്ട്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്ക് നമ്മുടെ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുവിദ്യകളുണ്ട്.
വീട്ടിലെ പൊടിക്കൈകൾ
മുടിയുടെ ആരോഗ്യത്തിനായി മിക്കവരും ആശ്രയിക്കുന്ന ഔഷധഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. നമ്മുടെ ചർമത്തിലെ പ്രശ്നങ്ങൾക്കും ഇവ ഉത്തമമാണ്. സാനിറ്റൈസറിലെ രാസവസ്തുക്കൾ കാരണം ചർമത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കറ്റാർവാഴ ഉപയോഗിച്ച് പരിഹരിക്കാം. കാരണം കറ്റാർവാഴക്ക് പ്രകൃതിദത്തവും സുരക്ഷിതവുമായ മോയിസ്ചറൈസറായി പ്രവർത്തിക്കാൻ സാധിക്കുന്നു.
ഇതിന് പുറമെ ആയുർവേദ ചികിത്സയിൽ സുപ്രധാന സാന്നിധ്യം വഹിക്കുന്ന കറ്റാർവാഴ ദഹന സംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, ചര്‍മ്മരോഗങ്ങള്‍, തീ പൊള്ളലേറ്റ വ്രണങ്ങള്‍ എന്നിവയ്ക്കും മരുന്നാണ്.
കറ്റാർവാഴ പോലെ ചർമ സംരക്ഷണത്തിനായി തേനും ഉപയോഗിക്കാവുന്നതാണ്. തേനിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ത്വക്കിൽ ഒരു മോയിസ്ചറൈസ് ആയി പ്രവർത്തിക്കാൻ സഹായിക്കുന്നു. തേൻ നേരിട്ട് ചർമത്തിൽ പുരട്ടാവുന്നതാണ്. അതുമല്ലെങ്കിൽ ബ്യൂട്ടി പായ്ക് ആക്കിയും തേനിനെ ഉപയോഗിക്കാം.
കറ്റാർവാഴയും തേനും പോലെ പെട്രോൾ ജെല്ലി, വെളിച്ചണ്ണ എന്നിവയും വരണ്ട കൈകൾക്ക് ഫലപ്രദമായി ഉപയോഗിക്കാം. മഞ്ഞുകാലത്ത് ശരീരത്തിലുള്ള ജലാംശം നഷ്ടമാവുന്നത് സ്വാഭാവികമാണ്. ഇങ്ങനെയുണ്ടാകുന്ന വരണ്ട ചർമത്തിന് പോലും പെട്രോൾ ജെല്ലിയിലൂടെ പരിഹാരം കണ്ടെത്താം.
വെളിച്ചണ്ണയിൽ പോഷക ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ജലാംശം നൽകുന്നു. ചർമത്തിന്റെ ഉപരിതലത്തിലെ ലിപിഡ് കൊഴുപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും എണ്ണ നല്ലതാണ്. വെളിച്ചെണ്ണയിൽ ഉള്ള നല്ല കൊഴുപ്പ് വരണ്ട ചര്‍മത്തെ മൃദുവാക്കുന്നതിനും ചർമത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കും.
Share your comments