ശരീരത്തിൻറെ ശരിയായ ആരോഗ്യത്തിന് എല്ലാത്തരം വിറ്റാമിനുകളും ധാതുലവണങ്ങളും ആവശ്യമായ അളവിൽ ശരീരത്തിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാം. ഓരോ വിറ്റാമിൻ അല്ലെങ്കിൽ ധാതുലവനത്തിന്റെയും കുറവ്/ കൂടുതലിനും വ്യത്യസ്‌ത ലക്ഷണങ്ങളാണ് കാണിക്കുക. രക്ത പരിശോധന ചെയ്യുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ കൊണ്ട് നമുക്ക് ചിലവയുടെ കുറവ്/കൂടൂതൽ മനസിലാക്കാം.
എന്നാൽ ഈ ലക്ഷണങ്ങൾ അധികമാരും കാര്യമായി എടുക്കാറില്ല. എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇങ്ങനെ നിസാരമാക്കരുത്. തുടര്‍ച്ചയായി ഇവ കാണുന്നപക്ഷം തീര്‍ച്ചയായും അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മഗ്നീഷ്യത്തിൻറെ കുറവ് കൊണ്ടുണ്ടാകുന്ന ചില ലക്ഷണങ്ങളെയാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.
ഏത് അവശ്യഘടകമാണെങ്കിലും കുറയുന്നത് ക്രമേണ ആരോഗ്യത്തെയും നമ്മുടെ ദൈനംദിന കാര്യങ്ങളെയും ജോലിയെയും കുടുംബജീവിതത്തെയുമെല്ലാം ബാധിക്കാം. അത്തരത്തില്‍ മഗ്നീഷ്യം കുറയുന്നത് മൂലം നിങ്ങള്‍ നേരിട്ടേക്കാവുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ കാണുന്നപക്ഷം തീര്‍ച്ചയായും മഗ്നീഷ്യം കുറവുണ്ടോയെന്നത് പരിശോധിക്കാനായി നിങ്ങളൊരു ഡോക്ടറെ കാണേണ്ടതുണ്ട്.
- മസിൽ പൈൻ ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. പേശികൾക്ക് ബലക്കുറവുണ്ടാകുന്നു. ഇങ്ങനെ കാണുന്നുവെങ്കില്‍ തീര്‍ച്ചയായും മഗ്നീഷ്യം കുറവാണോ എന്നത് പരിശോധിച്ചുറപ്പിക്കേണ്ടതാണ്.
- പല കാരണങ്ങള്‍ കൊണ്ടും നാം നേരിട്ടേക്കാവുന്നൊരു പ്രശ്നമാണ് വിശപ്പില്ലായ്മ. ഇതിന് പിന്നിലും മഗ്നീഷ്യം കുറവ് കാരണമായി വരാം. അതിനാല്‍ വിശപ്പില്ലായ്മ തുടര്‍ച്ചയായി കാണുന്നുവെങ്കില്‍ അത് പരിശോധനാവിധേയമാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: എന്താണ് പേശി ബലഹീനത (Muscle Weakness), എങ്ങനെ തിരിച്ചറിയാം?
- ഉയര്‍ന്ന നെഞ്ചിടിപ്പാണ് മറ്റൊരു ലക്ഷണം. ഇതും പതിവാകുന്നത് ഒരുപക്ഷേ മഗ്നീഷ്യം കുറയുന്നത് മൂലമാകാം. നെഞ്ചിടിപ്പ് ഉയരുന്നത് തീര്‍ച്ചയായും അടിയന്തരമായി തന്നെ പരിശോധനയ്ക്ക് വിധേയമാക്കേണ്ട പ്രശ്നമാണ്. കാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും ഇത് സൂചിപ്പിക്കുന്നു.
- രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും മഗ്നീഷ്യം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. അതിനാല്‍ തന്നെ മഗ്നീഷ്യം കുറയുമ്പോള്‍ അത് ബിപി ഉയരുന്നതിലേക്കും നയിക്കാം. പതിവായി ബിപി വ്യതിയാനം കാണുന്നുവെങ്കിലും പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക. കാരണം ബിപി മാറുന്നത് ആരോഗ്യത്തിന് വലിയ ഭീഷണി തന്നെയാണ്.
- മാനസികാവസ്ഥ മാറുന്നതിലും മഗ്നീഷ്യത്തിന് പങ്കുണ്ട്. അതിനാല്‍ മഗ്നീഷ്യം നില കുറയുമ്പോള്‍ അത് മൂഡ് സ്വിംഗ്സ് അഥവാ മാനസികാവസ്ഥ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥയിലേക്കും നയിക്കാം. ഈ പ്രശ്നം എപ്പോഴും നിങ്ങളെ അലട്ടുന്നുണ്ടെങ്കിലും മഗ്നീഷ്യം കുറവുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍
ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് മഗ്നീഷ്യം കൂട്ടാൻ സാധിക്കുക. നട്ട്സ്, ഡാര്‍ക് ചോക്ലേറ്റ്, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാമാണ് ഏറ്റവും സുലഭമായി നമുക്ക് കിട്ടുന്ന മഗ്നീഷ്യത്താല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments