മോര് ഉണ്ടോ? എന്നാൽ കുറച്ച് ചോറുണ്ണാം.
മോര് നമ്മുടെ പലരുടേയും ഇഷ്ടവിഭവമാണ്. എന്നാൽ ഉത്തരേന്ത്യയിൽ തൈരിനാണ് പ്രാധാന്യം.
ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണത്രേ ഏറ്റവുമധികം മോര് ഉപയോഗിക്കുന്ന രാജ്യങ്ങൾ..!
ആയുർവേദത്തിലിതിനെ തക്രം എന്ന് വിളിക്കുന്നു.
സ്വൽപ്പം വെള്ളം ചേർത്ത്
തൈര് കടഞ്ഞ് വെണ്ണ മുഴുവനും എടുത്ത് കൊഴുപ്പില്ലാതെ ഉണ്ടാക്കുന്ന മോര് നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇത് നമ്മുടെ സ്വന്തം സംഭാരം തന്നെ.!
ഒരിക്കൽ വയറു വേദനയുമായി തന്നെ സമീപിച്ച രോഗിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം മരുന്നിന് പകരം കാളൻ ഉണ്ടാക്കുന്നതിനുള്ള കുറിപ്പ് വൈദ്യമഠം തിരുമേനി എഴുതിക്കൊടുത്തതായി അറിവുണ്ട്.
ആയുർവേദമെന്നല്ല എല്ലാ ചികിത്സാരീതിയും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടു തന്നെയാണ് പ്രവർത്തിക്കുന്നത്.
ഭക്ഷണം തന്നെയാണ് രോഗകാരണം.
ആയതിനാൽ അതിൽ വരുത്തുന്ന ചില മാറ്റങ്ങൾ ക്രമീകരണങ്ങൾ നമ്മളെ ആരോഗ്യവാന്മാരാക്കും.
ഒരു കാലത്ത് മലയാളിയുടെ ഇഷ്ട വിഭവമായിരുന്ന മോരും സംഭാരവുമൊക്കെ ഇന്ന് കല്യാണസദ്യക്ക് ഒരു തീർത്ഥം പോലെ വാങ്ങിക്കഴിയുന്ന വിഭവമായി മാറി.
ഫ്രിഡ്ജിൽ തണുത്തു വിറച്ചിരിക്കുന്ന വെള്ളം കോളകൾ വിവിധ പാനീയങ്ങൾ ഇവ ആവശ്യത്തിലുപരി ആഢ്യത്യത്തിന്റെയും പൊങ്ങച്ചത്തിന്റേയും ചിഹ്നങ്ങളായി സ്വീകരിച്ച് അവയ്ക്ക് പുറകെ പോയപ്പോൾ 30 വയസു മുതലേ മുട്ടുവേദന നടുവേദന തേയ്മാനം എന്ന് പറഞ്ഞ് ആശുപത്രി വരാന്തയിൽ നില്പും അലമാരയിൽ വിവിധ കാത്സ്യം ഗുളികകളും നമുക്ക് സ്വന്തമായി. രോഗകാരണത്തിന്റെ യഥാർത്ഥ്യത്തിലേക്ക് എത്തി നോക്കുവാൻ നമുക്ക് സമയമില്ല. അഥവാ അറിയാമെങ്കിലും നാം അതിനെ അവഗണിക്കുന്നു.
ഉച്ചയൂണിന് ശേഷം ഇഞ്ചി കറിവേപ്പില പച്ചമുളക് ഇവ ചേർത്ത മോര് അപ്രത്യക്ഷമായി. ചൂടിൽ ദാഹശമനിയായി നമ്മെ തണുപ്പിച്ചിരുന്ന സംഭാരം എന്ന വാക്കു തന്നെ പുതുതലമുറയ്ക്കന്യമായിപുളിശ്ശേരിയും കാളനും കിച്ചടിയും ഓണസദ്യയുടെ മാത്രം വിഭവങ്ങളായി മാറി.
നല്ല ജീവിത ശൈലിയും ആഹാരശീലവും പാശ്ചാത്യ സംസ്കാരത്തിന് വഴിമാറിയപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ പൊണ്ണത്തടിയന്മാരും കൃത്യസമയത്ത് ആർത്തവമില്ലാത്തവരും
അകാലനരയുള്ളവരും രോഗബാധിതരും സന്താനോല്പാദനശേഷി ഇല്ലാത്തവരുമായി മാറി.
തൈര് കടഞ്ഞ് വെണ്ണ മാറ്റുന്നതിന്റെയും അതിൽ ചേർക്കുന്ന വെള്ളത്തിന്റേയും അളവനുസരിച്ച് മോരിന്റെ ഗുണത്തിൽ വ്യത്യാസം വരുന്നു.വെണ്ണ മാറ്റി 04 ഇരട്ടി വെള്ളം ചേർത്താൽ മോരാകും. ഇതു തന്നെ അല്പം പോലും വെണ്ണയില്ലാതെ നാലിരട്ടിയിലേറെ വെള്ളം ചേർത്താൽ സംഭാരമായി.
പാലിൽ കൊഴുപ്പ് ഉണ്ട്. എന്നാൽ മോരിൽ അത് ഒട്ടും ഇല്ല. മാത്രമല്ല കാൽസ്യം പാലിൽ ഉള്ളതുപോലെ തന്നെ ഉണ്ട് താനും. അതുകൊണ്ടുതന്നെ പശുവിൻപാൽ അലർജി ഉള്ളവർക്കും മോര് ഉപയോഗിക്കാം.
ദഹനം സുഗമമാക്കാന്‍ മോര് സഹായിക്കും. സദ്യയ്ക്ക് മോര് വിളമ്പുന്നതും ഈ ഉദ്ദേശത്തോടെയാണ്.
വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്. മോരിൽ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും ഉണ്ട്. ക്ഷീണവും വിളർച്ചയും അകറ്റാൻ മികച്ചത്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. അണുബാധകൾ അകറ്റുന്നു.
കാൽസ്യം ധാരാളം അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനുത്തമം. ഓസ്റ്റിയോപൊറോസിസ് തടയുന്നു. കുട്ടികൾക്ക് ദിവസവും മോര് കുടിക്കാൻ കൊടുക്കുന്നത് നല്ലതാണ്.
ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. റൈബോഫ്ലേവിൻ മോരിൽ ഉണ്ട്. ഹോർമോണുകളുടെ ഉൽപ്പാദനത്തിനും ദഹനത്തിനും സഹായകം. കരളിന്റെ പ്രവർത്തനത്തിനു സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും മോരിലടങ്ങിയ ബയോആക്ടീവ് പ്രോട്ടീനുകൾ സഹായിക്കും.
ദഹനപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വയറെരിച്ചിൽ മാറ്റാനും മികച്ച പാനീയം. മലബന്ധം അകറ്റാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മോര് ശീലമാക്കാം. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ വൈറ്റമിനുകൾ ധാതുക്കൾ, കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം ഇവയെല്ലാം ലഭിക്കാനും മോര് കുടിക്കുന്നതു പതിവാക്കാം.
പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മസിൽ ഉണ്ടാകാൻ സഹായിക്കുമെന്നതിനാൽ ബോഡിബിൽഡർമാരുടെ മികച്ച ചോയ്സ് ആണ് മോര്. കാലറി കൂട്ടാതെ തന്നെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു.
ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനും സഹായകം. വെയിലുകൊണ്ട് കരുവാളിച്ചെങ്കിൽ അരക്കപ്പ് മോരിൽ അതേ അളവ് തക്കാളി നീര് ചേർത്ത് പുരട്ടിയാൽ മതി.
മോര് വായിൽ കവിൾക്കൊള്ളുന്നത് വാപ്പുണ്ണ് അകറ്റും.
ജലദോഷവും മൂക്കൊലിപ്പും മാറാൻ മോരിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ദിവസം പലതവണ കുടിച്ചാൽ മതി.
പൊണ്ണത്തടിയും പ്രമേഹവും ഉള്ളവർക്കു പോലും ധൈര്യ മായി മോര് കുടിക്കാം. പ്രോബയോട്ടിക് ആയതിനാൽ മൂത്ര നാളിയിലെ അണുബാധയും വജൈനൽ ഇൻഫക്ഷനും തടയും. അൾസർ അകറ്റാനും നെഞ്ചെരിച്ചിൽ തടയാനും മോര് സഹായിക്കും.
മോര് അല്ലെങ്കില്‍ തൈര് കുടിക്കുമ്പോള്‍ അല്ലെങ്കില്‍ ഊണിനൊപ്പം കൂട്ടി കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ നല്ല ചൂടു ചോറില്‍ മോരൊഴിച്ച് കഴിയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് മാത്രമല്ല ഇത് വിഷത്തിന് തുല്യമാണ്. ചൂടു ചോറില്‍ മോരൊഴിച്ചാല്‍, അല്ലെങ്കില്‍ തൈര് ഒഴിച്ചാല്‍ ഇത് കീറ്റോണ്‍ ബോഡി ഉത്പാദിപ്പിക്കും. ഇത് ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്യും. നല്ല ചൂടു ചോറില്‍ മോരോ തൈരോ ഒഴിച്ച് ഇത് മണത്തു നോക്കിയാല്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അസുഖകരമായ ഒരുതരം ഗന്ധം അതില്‍ നിന്ന് വമിക്കുന്നുണ്ടാകും. അതു കൊണ്ട് തന്നെ നല്ല ചൂടു ചോറില്‍ മോരോ തൈരോ ഒഴിച്ച് കഴിക്കുന്നത് ഒഴിവാക്കുക.
Share your comments