വാഴപ്പഴം പൊതുവെ ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ്. പൊട്ടാസിയം, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പലതരം വാഴപ്പഴങ്ങളുണ്ട്. ഇവാ ഓരോന്നും വിവിധ തരം രുചിയുള്ളവയാണ്. ഏത്തപ്പഴം, പാളയങ്കോടൻ, റോബസ്റ്റ, ഞാലിപ്പൂവൻ, കദളി, ചെങ്കദളി എന്നിങ്ങനെ പലതരം വാഴപ്പഴങ്ങളുണ്ട്. എല്ലാത്തരം വാഴപ്പഴങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഏറ്റവും നല്ലത് ചെങ്കദളിപ്പഴമാണെന്ന് പറയപ്പെടുന്നു.
ഇതിൽ ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, ബി6 തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചെങ്കദളിപ്പഴം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ചെങ്കദളിപ്പഴത്തിൽ ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ചെങ്കദളിപ്പഴം കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ചെങ്കദളിപ്പഴം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.
പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും. ചെങ്കദളിപ്പഴത്തില്‍ വിറ്റാമിൻ ബി 6 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ട്രിപ്റ്റോഫനെ സെറോടോണിനാക്കി മാറ്റാൻ സഹായിക്കുന്നു. സെറോടോണിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും.
Share your comments