കരിക്കിൻ വെള്ളം പാഗശ്ച്ചൂറീകരണത്തിന് വിധേയമാക്കി രാസ സംരക്ഷകങ്ങളുമായി യോജിപ്പിച്ച് പാക്കറ്റുകളാക്കിയുള്ള സാങ്കേതികവിദ്യകൾ നാളികേര വികസന ബോർഡിൽ ലഭ്യമാണ്. അങ്ങനെ പായ്ക്ക് ചെയ്ത് ഇളനീർ മൂന്നുമാസം വരെ അന്തരീക്ഷ ഊഷ്മാവിൽ കേടുകൂടാതെ നിലനിൽക്കുകയും ചെയ്യും. ഇത് ഡി.എഫ്.ആർ.എൽ. എന്ന സ്ഥാപനവുമായി ചേർന്നാണ് നാളികേര വികസന ബോർഡ് പുറത്തിറക്കിയത്.
കരിക്കിൻ വെള്ളത്തിൽ പഴസത്ത് ചേർത്ത് (പൈനാപ്പിൽ, മുന്തിരി, മാതളം, മാമ്പഴം, ചെറുനാരങ്ങ തുടങ്ങിയവ) പുതിയ ഉൽപ്പന്നങ്ങളാക്കി കൂടുതൽ നാൾ സൂക്ഷിക്കാനുമുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ്. കരിക്കിൻ വെള്ളവും പൈനാപ്പിൾ നീരും 70:30 അനുപാതത്തിൽ ചേർത്ത് പാനീയം ഗുണത്തിലും സ്വീകാര്യതയിലും മുന്നിട്ടു നിൽക്കുന്നതായി പഠന റിപ്പോർട്ടുകളുണ്ട്.
ഇളനീർ കോൺസൻട്രേറ്റ്
സ്പ്രേ ഇവാപ്രേഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇളനീർ കോൺസെൻട്രേറ്റ് നിർമ്മിക്കുന്നത്. ഇങ്ങനെ കിട്ടുന്ന കോൺസെൻട്രേറ്റിൽ ഇളനീരിലടങ്ങിയിരിക്കുന്ന എല്ലാ പോഷക ഗുണങ്ങളും നിലനിർത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് ഒരു ജർമ്മൻ സാങ്കേതികവിദ്യയാണ്.
ഫ്രോസൺ കോക്കനട്ട്
ജ്യൂസ്/ വാട്ടർ
ഇളനീർ മാത്രമായോ ഇളനീരും കാമ്പും ജ്യൂസാക്കി അതിലെ തരികൾ സെൻട്രിഫ്യൂജിന് വിധേയമാക്കി കോൺസെൻട്രേറ്റ് ചെയ്ത് (കുറുക്കിയെടുത്ത്) പായ്ക്ക് ചെയ്ത് ശിതീകരിച്ചാണ് ഫ്രോസൺ കോക്കനട്ട് വാട്ടർ ജ്യൂസ് തയ്യാറാക്കുന്നത്.
സ്നോബോൾ ഇളനീർ
7-8 മാസം പ്രായമായതും കാമ്പിനെ ഏതാണ്ട് 2-3 മി.മീറ്റർ കനമുള്ളതുമായ ഇളനീരിന്റെ തൊണ്ട് മാറ്റി ചിരട്ടയിൽ യന്ത്ര സഹായത്തോടെ (സ്നോബോൾ ടെൻഡർ നട്ട് മെഷീഷൻ) കാമ്പ് പൊട്ടിപ്പോകാത്ത വിധത്തിൽ ചാലുണ്ടാക്കി ചിരട്ടയിളക്കി മാറ്റിയാണ് സ്നോബോൾ ഇളനീർ തയ്യാറാക്കുന്നത്. ചിരട്ടയിൽ ചാലുണ്ടാക്കുന്നതിന് അനുയോജ്യമായ ഈ യന്ത്രം സി.പി.സി.ആർ.ഐ വികസിപ്പിച്ചെടുത്തതാണ്. ഇങ്ങനെയെടുത്ത സ്നോബോൾ ഒരു പാനീയമായും ലഘുഭക്ഷണമായും ഉപയോഗിക്കാം.
Share your comments