ജാക്ക നമ്മുടെ കേരളത്തിന്റെ പ്രിയപ്പെട്ട ഫലമാണ്. പേര് കേട്ട് ഞെട്ടണ്ട. പോർച്ചുഗീസിൽ ജാക്ക എന്ന് അറിയപ്പെടുന്നത് മലയാളത്തിന്റെ സ്വന്തം ചക്കയെയാണ്. ഫെബ്രുവരി മുതൽ കേരളത്തിൽ ചക്കയുടെ സീസൺ ആരംഭിക്കും. മാര്‍ച്ച് മാസം മുതല്‍ പഴുത്തു തുടങ്ങിയാൽ പിന്നീട് നമ്മുടെ നാട്ടിൽ ചക്കയുടെ മേളമാണെന്ന് തന്നെ പറയാം.
പച്ച ചക്കയും പഴുത്ത ചക്കയും ഉപയോഗിച്ച് എണ്ണമറ്റ വിഭവങ്ങൾ കേരളത്തിന്റെ രുചിയിൽ ഇടംപിടിച്ചിട്ടുണ്ട്. വൈവിധ്യ ഇനങ്ങളിൽ, വ്യത്യസ്ത രുചികളിലുള്ള ചക്ക സ്വാദിൽ മാത്രമല്ല കേമൻ. ആരോഗ്യത്തിനും ചക്കപ്പഴം പല തരത്തിൽ ഫലപ്രദമാണ്.
കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം എന്നീ ധാതുക്കളാൽ സമ്പന്നമാണ് ചക്ക. ശരീരത്തിന് ചക്കയിൽ നിന്ന് എങ്ങനെയൊക്കെ പോഷണം ലഭിക്കുന്നുവെന്ന് നോക്കാം.
1. ഉഷ്ണമേഖലാ പഴങ്ങളിൽ ഏറ്റവും മികച്ചതായി കണക്കാക്കുന്ന ചക്കപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ശരീരഭാരം കുറയ്ക്കാൻ ഗുണപ്രദമാണ്. നാരുകൾ നിറഞ്ഞതിനാൽ വയർ നന്നായി നിറയ്ക്കുന്നതിനും ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ഇങ്ങനെ ശരീരഭാരത്തിലും നിയന്ത്രണം കൊണ്ടുവരാം.
കൂടാതെ, ചക്കപ്പഴത്തിലെ കാർബോഹൈഡ്രേറ്റിന്റെ സാന്നിധ്യവും കുറഞ്ഞ കലോറിയും ശരീരത്തിൽ കൊഴുപ്പ് അടിയാതെ പോഷകങ്ങൾ നൽകുന്നതിന് ഉപകരിക്കും. ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു.
2. ദക്ഷിണേന്ത്യയിൽ വളരെ പ്രചാരമുള്ള ചക്കപ്പഴത്തിൽ പൊട്ടാസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കുന്നതിന് ഉത്തമമാണ്. കൂടാതെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ഹൃദ്രോഗ സാധ്യത നിയന്ത്രിക്കുന്നതിനും ഒരുപരിധി വരെ ചക്കപ്പഴം സഹായകരമാണ്.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ചക്ക ഫലപ്രദമാണ്. ചക്കപ്പഴത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും നല്ലതാണ്.
4. നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്കപ്പഴം കഴിച്ച് എല്ലുകൾക്കും പേശികൾക്കും ആവശ്യമായ ഊർജ്ജം നൽകാനും സാധിക്കുന്നു. അതായത് മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ ചക്കപ്പഴം. ഇത് എല്ലുകൾക്കും പേശികൾക്കും ശക്തി നൽകുന്നു. കൂടാതെ, അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് പ്രതിവിധിയാണ്.
5. നമ്മുടെ ദഹനവ്യവസ്ഥയ്ക്കും ഏറ്റവും ഉത്തമമാണ് ചക്കപ്പഴം. മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വയർ വീർക്കുന്നതിന് എതിരെയും ചക്കപ്പഴം പ്രവർത്തിക്കും. വയറ്റിലെ അൾസർ ഒരു പരിധി വരെ തടയുന്നതിനും ചക്കപ്പഴം സഹായിക്കുന്നു.
6. കണ്ണിന്റെ ആരോഗ്യത്തിനും ചക്കപ്പഴം വളരെ മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി എന്നിവയാണ് നേത്രാരോഗ്യത്തിന് സഹായിക്കുന്നത്. കണ്ണിന്റെ ആരോഗ്യ പ്രശ്നങ്ങൾ അകറ്റുവാൻ ചക്കപ്പഴത്തിന് സാധിക്കുമെന്നാണ് ഇവ വ്യക്തമാക്കുന്നത്.
7. ചക്കപ്പഴത്തിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്നതിനായി പ്രവർത്തിക്കുന്നു. അണുബാധകൾ, വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടാൻ ശരീരത്തിനെ പ്രാപ്തമാക്കുന്നതിനും ഇവ നല്ലതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
8. ഹൃദയത്തെ സംരക്ഷിക്കുന്നതിൽ ചക്കപ്പഴം നിർണായകമാണ്. അതായത്, ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തിന്റെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചക്കപ്പഴത്തിന് സാധിക്കും.
സ്വാദിഷ്ടമായ ഈ പഴത്തിൽ ധാരാളം വിറ്റാമിനുകളും ഫൈബറും അടങ്ങിയിരിക്കുന്നു. വാർധ്യക്യത്തെ തടയുന്നതിനും ഇവ ഉപകരിക്കുന്നു. ചക്കപ്പഴത്തിലെ ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
9. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും വൻകുടൽ ക്യാൻസറിന് കാരണമാകുന്ന ചില ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും ചക്കയിലെ പോഷകങ്ങൾക്ക് കഴിയും.
10. പച്ചച്ചക്ക പ്രമേഹത്തെ നിയന്ത്രിക്കും. പഴുത്ത ചക്കയിൽ പഞ്ചസാരയുടെ അളവ് അധികമാണ്. അതിനാൽ പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കും. പ്രമേഹരോഗികൾ ചക്കയും ചോറും ഒരുമിച്ചു കഴിക്കുന്നതും നല്ലതല്ല. അതേ സമയം, പച്ചച്ചക്ക വേവിച്ചോ, പാകം ചെയ്തോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ല ഫലം തരുന്നു.
ഇതിന് പുറമെ, ചക്കപ്പഴത്തോട് നിങ്ങളുടെ ശരീരത്തിന് അലർജിയില്ലെന്ന് ഉറപ്പാക്കി വേണം ഇത് ആഹാരക്രമത്തിലേക്ക് ഉൾപ്പെടുത്തേണ്ടത്.
Share your comments