എല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ ഇഷ്ട്ടപെടുന്ന ഒരു പച്ചക്കറിയാണ് ഉരുളകിഴങ്ങ്. ഉരുളക്കിഴങ്ങു കൊണ്ട് കറി, മെഴുക്കുപുരട്ടി, ബജി, ഫ്രൈ തുടങ്ങി ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാമെന്നുള്ളത് കൊണ്ട് മിക്ക അടുക്കളയിലും കാണുന്ന സ്ഥിരം പച്ചക്കറിയാണിത്. പക്ഷെ ഉരുളകിഴങ്ങ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ഈ പച്ചക്കറിയിൽ കാര്‍ബോഹൈഡ്രേറ്റും കലോറിയും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ, ഇത് അമിതമായി കഴിച്ചാൽ ഷുഗർ ലെവൽ കൂടാനുള്ള സാധ്യതയുണ്ട്. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ ശരീരഭാരം കൂടുവാനും ഇടയുണ്ട്. ഇതൊഴിച്ചാൽ, പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു ദോഷവും ഉണ്ടാക്കില്ല. എന്നാല്‍ പ്രമേഹമുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ കഴിക്കുന്ന അളവ് ശ്രദ്ധിക്കണം. അതുപോലെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് നല്ല ഐഡിയ അല്ല.
ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങിന്റെ തൊലി ഇനി കളയല്ലേ., ഇത്രയും ഗുണങ്ങളോ ?
ഇനി ഉരുളക്കിഴങ്ങിന്‍റെ ഗുണങ്ങളെ കുറിച്ച് നോക്കാം. ഫൈബര്‍, പൊട്ടാസ്യം, അയേണ്‍, വൈറ്റമിൻ-സി, വൈറ്റമിൻ ബി6 എന്നിവയുടെയെല്ലാം സ്രോതസാണ് ഉരുളക്കിഴങ്ങ്. ഇവയെല്ലാം തന്നെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഘടകങ്ങളാണ്. ഉരുളക്കിഴങ്ങ് ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കാൻ സഹായിക്കുന്നൊരു ഭക്ഷണം കൂടിയാണ്. ഇതിലുള്ള പൊട്ടാസ്യം പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഉരുളക്കിഴങ്ങ് നല്ലത് തന്നെ.
എന്നാൽ ഇത് എപ്പോഴും എണ്ണയില്‍ വറുത്ത് കഴിക്കുന്നതോ, ഫ്രഞ്ച് ഫ്രൈസാക്കി കഴിക്കുന്നതോ നല്ലതല്ല. വേവിച്ച് കറിയാക്കിയോ മെഴുക്കുപുരട്ടിയാക്കിയോ ഒക്കെ കഴിക്കുന്നത് ആരോഗ്യകരമായ രീതിയാണ്.
Share your comments