കോവിട് കാലഘട്ടം കഴിഞ്ഞ് ഈ വർഷം മുതൽ കുഞ്ഞുങ്ങൾ സ്കൂളിലേക്ക് പോകാൻ തുടങ്ങി. സമയം തെറ്റിയുള്ള മഴക്കാലം വന്നതോടെ, അസുഖങ്ങൾ കുഞ്ഞുങ്ങളിൽ കൂടുതലായി വന്നു തുടങ്ങി. നിരന്തരമായ വിട്ടുമാറാത്ത അസുഖമുള്ള ഒരു കുഞ്ഞിന്റെ രക്ഷിതാവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.
എന്റെ കുഞ്ഞിന് എപ്പോഴും അസുഖമാണ് എന്തെങ്കിലും ഭയക്കേണ്ടതുണ്ടോ?
കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി
കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വളരെ Immature ആണ്. ആദ്യത്തെ 6 മാസം വരെ, അമ്മയിൽ നിന്ന് പകർന്ന പ്രതിരോധശേഷി കുറയുന്നതിലൂടെ വിവിധതരം ബാക്ടീരിയ വൈറസുകളിലേക്ക് കുഞ്ഞിന്റെ ശരീരം അഭിമുഖീകരിക്കപ്പെടുന്നു. ഇതുകൊണ്ടാണ് നിരന്തരമായ അസുഖങ്ങൾ പ്രധാനമായും 5-6 വയസ്സ് താഴെയുള്ള കുട്ടികളിൽ കാണുന്നത്.
5-6 വയസ്സു വരെ ഒരു കുട്ടിക്ക്, ഒരു വർഷത്തിൽ 7-8 തവണ പനി/ജലദോഷം വരാവുന്നതാണ്. ഒരു 10-12 വയസ്സാകുമ്പോൾ അത് 5-6 പ്രാവശ്യം ആകുകയും 12-18 ആകുമ്പോൾ, 4 ആയിട്ട് കുറയുകയും ചെയ്യും.
എന്നിരുന്നാലും, തുടരെ തുടരെയുള്ള അസുഖങ്ങൾ, തീർച്ചയായും നിങ്ങൾ കാണിക്കുന്ന പീഡിയാട്രീഷ്യനെ കാണിച്ച്, വേറെ പേടിക്കേണ്ട അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. ഇങ്ങനെ തുടർച്ചയായ അസുഖങ്ങൾക്കുള്ള കാരണം എന്തൊക്കെയാണ്?
എ. ഈ കഴിഞ്ഞ രണ്ടു വർഷമായി കുട്ടികളെല്ലാം വീടിനുള്ളിൽ ആയിരുന്നു. ആർക്കും ഒരസുഖവും ഇല്ലായിരുന്നു. പക്ഷേ അതിന്റെ കൂടെ അവരുടെ രോഗപ്രതിരോധശേഷി പതിയെ കുറയുകയും ചെയ്തു.
ബി. അതിലുപരി, സ്കൂൾ തുറക്കുകയും സമ്പർക്കം കൂടുകയും ചെയ്തു. കുഞ്ഞുങ്ങൾ തൊടുന്നതിലൂടെയും ഒരുമിച്ച് കളിക്കുന്നതിലൂടെയും രോഗങ്ങൾ പെട്ടെന്ന് പടർന്നു.
സി. അലർജി, ആസ്ത്മ ഉള്ള കുട്ടികളിൽ നിരന്തരമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. ശരിയായ അലർജി ആസ്ത്മ ചികിത്സയിലൂടെ ഒരു പരിധി വരെ അത് തടയാൻ സാധിക്കും.
ഡി Influenza: Influenza virus (HINI, H,N₂, Influenza Type B) അസുഖങ്ങൾ ഇപ്പോൾ ധാരാളം കാണുന്നുണ്ട്. ഇതും ഒരു കാരണമാണ്. Influenza Vaccine ലൂടെ ഇത് നിയന്ത്രിക്കാൻ സാധിക്കും.
3. ഇങ്ങനെ നിരന്തരമായ അസുഖം വരാതിരിക്കാൻ രക്ഷിതാവെന്ന നിലയിൽ എന്തെല്ലാമാണ് ഞാൻ ചെയ്യേണ്ടത്?
എ. കുഞ്ഞുങ്ങൾക്ക് സമീകൃത ആഹാരം കൊടുത്ത് ശീലിപ്പിക്കണം. നല്ല പ്രതിരോധശേഷി ഉണ്ടാകാനായി, പ്രോട്ടീൻസ്, വിറ്റാമിൻസ്, അയൺ എന്നിവയുടെ ആവശ്യമുണ്ട്.
ബി. കൈകാലുകൾ, മൂക്ക്, വായ എന്നിവ യുടെ ശുചിത്വം ഉറപ്പാക്കുക. ചുമയ്ക്കുമ്പോൾ കൈതണ്ടിലേക്ക് ചുമയ്ക്കാനും ഇല്ലെങ്കിൽ വായ പൊത്തി ചുമയ്ക്കാൻ ശീലിപ്പിക്കുക. കൈകൾ കഴുകിയിട്ട് മാത്രം ആഹാരം കഴിപ്പിക്കാൻ ശീലിപ്പിക്കുക.
സി. നല്ല ഉറക്കം നമ്മുടെ പ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമാണ്. 7-8 മണിക്കൂർ എങ്കിലും കുഞ്ഞുങ്ങൾ ഉറങ്ങിയിരിക്കണം.
ഡി. കായിക അധ്വാനം/Exercise നമ്മൾ മലയാളികൾ മറന്നുപോയ ഒരു പ്രക്രിയ ആണ് വ്യായാമം. കുഞ്ഞുങ്ങളെ ഒരു അരമണിക്കൂറെങ്കിലും പുറത്ത് കളിക്കാൻ അനുവദിക്കുക. നമ്മൾ, മാതാപിതാക്കൾ വ്യായാമം ചെയ്ത് തുടങ്ങണം. നമ്മളെ കണ്ടാണ് നമ്മളുടെ കുഞ്ഞുങ്ങൾ വളരുന്നത്.
ഇ. പ്രതിരോധ കുത്തിവയ്പ്പുകൾ (Immunisation) എടുക്കുന്നതിലൂടെ, ഒരു പരിധിവരെ തുടർച്ചയായ അസുഖം തടയാൻ സാധിക്കും.
4. എന്റെ കുഞ്ഞിന് എപ്പോഴും അസുഖം വന്നാൽ ഞാൻ പേടിക്കേണ്ടതുണ്ടോ?
ചില കുട്ടികളിൽ, Primary Immunodeficiency (രോഗപ്രതിരോധശേഷി കുറവ് ഉള്ള അസുഖം) ത്താലും തുടർച്ചയായ അസുഖം വരാം. ലുക്കിമിയ, എച്ച്ഐവി ഇൻഫെക്ഷൻ എന്നീ കാരണത്താലും തുടർച്ചയായ അസുഖം വരാം. ഇത് ഇല്ല എന്ന് ഉറപ്പുവരുത്തണം. ബ്ലഡ് ടെസ്റ്റിലൂടെ ഇത് കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. ഇതെല്ലാം ഒന്ന് ശ്രദ്ധിക്കുവാണെങ്കിൽ, കുഞ്ഞുങ്ങളിലെ തുടർച്ചയായ അസുഖങ്ങൾ, ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും.
Share your comments