ദിവസേന എല്ലാ പോഷകങ്ങളും ശരീരത്തിന് ആവശ്യാനുസരണം ലഭിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യമുള്ള ജീവിതം നയിക്കാനാവൂ. ശരീരത്തിൻറെ വിവിധ പ്രവർത്തനങ്ങൾക്ക് ഇവയെല്ലാം അത്യാവശ്യമാണ്. നമ്മുടെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തേണ്ട പ്രധാന പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി. ഇതിൻറെ അഭാവത്തിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. രോഗപ്രതിരോധ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ സി.
ബന്ധപ്പെട്ട വാർത്തകൾ: രോഗപ്രതിരോധ ശേഷി കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിക്കോളൂ...
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുകയും ശരീര കോശങ്ങളിലേക്ക് എത്തുകയും ചെയ്യുന്നുവെങ്കിലും ശരീരത്തിൽ വേണ്ടരീതിയിൽ സംഭരിക്കപ്പെടുന്നില്ല, അതിനാൽ ഇത് ദിവസവും ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ കഴിക്കണം. ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ചില ഫലങ്ങളെ കുറിച്ച് നോക്കാം.
ഓറഞ്ച്
വിറ്റാമിൻ എ, ബി, സി, കാൽസ്യം, അയഡിൻ, ഫൈബർ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും സമ്പന്നമായ ഓറഞ്ച് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഫലപ്രദമാണ്. അതിനാൽ രോഗബാധയുള്ളവർ അതിൽ നിന്നും പ്രതിരോധം ലഭിക്കുന്നതിന് ദിവസവും ഓറഞ്ച് കഴിക്കണം.
പപ്പായ
നമ്മുടെയെല്ലാം വീട്ടുവളപ്പിൽ ധാരാളം വളരുന്ന ഈ ഫലത്തിന് ഒരുപാടു ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും പപ്പായ സഹായിക്കും.
പേരക്ക
വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പൊട്ടാസ്യം തുടങ്ങിയ വിവിധ പോഷകങ്ങൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒരു പഴമാണ് പേരക്ക. വിവിധ രോഗങ്ങളെ ചെറുക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണിത്. പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ ഇരട്ടിയിലധികം ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറി
പോഷകങ്ങളാൽ സമൃദ്ധമായ മറ്റൊരു പഴമാണ് സ്ട്രോബെറി. ഇത് ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് വളരെ ആരോഗ്യകരമാണ്. സ്‌ട്രോബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മറ്റ് ആരോഗ്യ ഗുണങ്ങൾക്കൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി സ്ട്രോബെറിയിലുണ്ട്.
കിവി
ഈ ഫ്രൂട്ട് നാരുകളാൽ സമ്പുഷ്ടമാണ്. ഉയർന്ന നാരുകളും കുറഞ്ഞ കലോറി ഉള്ളടക്കവും കിവിയെ അമിത ഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ ഏകദേശം 230% കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്.
പൈനാപ്പിൾ
ഇതിൽ ധാരാളം പോഷകങ്ങളും രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വിട്ടുമാറാത്ത നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും.
Share your comments