ബഹുവിധമായ ചർമസംരക്ഷണസാധ്യതകളുള്ള ഒരു പഴവർഗമാണ് കോക്കം. നിരോക്സീകാരകങ്ങൾ, ജീവകം സി, ഗാഴ്സിനോൾ, ഫ്ലേവനോയ്ഡുകൾ എന്നിവ സ്വതന്ത്ര റാഡിക്കലുകളുടെ പ്രവർത്തനം തടഞ്ഞു ചർമകോശങ്ങൾക്ക് നാശംവരാതെ സംരക്ഷിക്കുന്നു. ഒപ്പം തൊലിപ്പുറത്തുണ്ടാകുന്ന കറുത്ത പാടുകൾ, പുള്ളികൾ, വടുക്കൾ എന്നിവയുടെ വ്യാപനവും തടയുന്നു.
പ്രായമേറുന്നതനുസരിച്ച് ചർമത്തിന് ചുളിവുകൾ വീഴുകയും ചർമം അയഞ്ഞുതൂങ്ങുകയും ചെയ്യും. ചർമത്തിലെ 'കൊളാജൻ' എന്ന ഘടകം കുറയുമ്പോഴാണിങ്ങനെ സംഭവിക്കുന്നത്. എന്നാൽ കോക്കത്തിലടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങളും കൊഴുപ്പമ്ലങ്ങളും ഈ കുറവ് നികത്തി ചർമത്തെ പ്രായാധിക്യം ബാധിക്കുന്നത് മന്ദീഭവിപ്പിക്കുന്നു.
അലർജി തടയാനുള്ള സിദ്ധിയും കോക്കത്തിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ജൈവസംയുക്തങ്ങൾ ശരീരകോശങ്ങളിൽ അടങ്ങിയിട്ടുള്ള അലർജിക്കിടയാക്കുന്ന 'ഹിസ്റ്റമിൻ' (Histamine) എന്ന രാസവസ്തുവിന്റെ ഉല്പാദനം കുറയ്ക്കുന്നു. അങ്ങനെ തൊലിപ്പുറത്തുണ്ടാകാനിടയുള്ള അലർജിരോഗങ്ങളും തടയുന്നു.
ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷി കോക്കത്തിനുള്ളതുകൊണ്ട് ഇവ നിമിത്തമുണ്ടാകുന്ന രോഗങ്ങൾ ഗണ്യമായി കുറയാൻ സഹായിക്കുന്നു.
കോക്കത്തിൽനിന്ന് തയാറാക്കുന്ന വെണ്ണ (Kokum butter) ചർമസംരക്ഷണത്തിനുള്ള വിവിധതരം ക്രീമുകളിലും ലേഖനങ്ങളിലും മുഖ്യചേരുവയാണ്. മുഖക്കുരുവിന്റെ വളർച്ച തടയുക, ചർമം വരണ്ടു പോകാതെ സംരക്ഷിക്കുക, ചർമത്തിന്റെ ഇലാസ്തികസ്വഭാവം നിലനിർത്തുക എന്നിവയ്ക്കു പുറമേ കോക്കം വെണ്ണ തലയോട്ടിയിൽ പുരട്ടിയാൽ മുടിവളർച്ച ത്വരിതപ്പെടുകയും ബലപ്പെടുകയും ചെയ്യും.
ചർമസംരക്ഷണത്തിന് പേരെടുത്ത പ്രകൃതിദത്ത ഉല്പന്നമായ ഷിയാ ബട്ടറിനേക്കാൾ ഉത്തമമാണ് കോക്കം ബട്ടർ എന്ന് ആധുനിക പഠനങ്ങൾ പറയുന്നു.
Share your comments